major

മുംബയ്‌ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമായെത്തുന്ന മേജര്‍ സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജൂലായ് രണ്ടിന് ചിത്രമിറങ്ങുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് വ്യാപകമായി പടരുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. പുതുക്കിയ റിലീസ് തിയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് നമ്മളെല്ലാവരും കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും എല്ലാവരും സുരക്ഷിതരായിരിക്കട്ടെയെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഹിന്ദിയിക്കും തെലുങ്കിനും പുറമെ മലയാളത്തിലും മേജര്‍ റിലീസ് ചെയ്യുന്നുണ്ട്. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായെ്തതുന്നത്.

ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജീ മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. 2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.