sanunnair

ആലപ്പുഴ: ജോലി വാ​ഗ്ദാനം ചെയ്ത് ബിജെപി നേതാവ് ഒരു കോടിയലധികം രൂപ തട്ടിയെടുത്തതായി പരാതി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലാണ് സംഭവം. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാ​ഗ്ദാനം ചെയ്താണ് ബിജെപി പ്രാദേശിക നേതാവും സംഘവും പണം തട്ടിയെടുത്തിരിക്കുന്നത്. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി സനു എൻ നായരുൾപ്പെടെ മൂന്നു പേരാണ് സംഘത്തിലുള്ളത്.

സനു ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ഇയാളെ കൂടാതെ ബുധനൂർ സ്വദേശി രാജേഷ് കുമാർ, എറണാകുളം വൈറ്റില സ്വദേശി ലെനിൻ മാത്യു എ എന്നിരും പ്രതിപട്ടികയിലുണ്ട്. ലെനിൻ മാത്യൂ കോർപറേഷൻ ഓഫ് ഇന്ത്യയിലെ ബോർഡ് അം​ഗമാണെന്ന് ധരിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തുക. ബിജെപിയുടെ കേന്ദ്ര നേതാക്കളുമായും മന്ത്രിമാരുമായും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ കാണിച്ച് വിശ്വാസ്യത നേടും.

ശേഷം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ എൻജിനീയർ മുതൽ പല തസ്തികകളി‌ൽ ഒഴിവുണ്ടെന്നും നേതാക്കളുമായി അടുപ്പമുള്ള തങ്ങൾക്ക് ജോലി തരപ്പെടുത്താൻ എളുപ്പം സാധിക്കുമെന്നും ഇവർ ഉദ്യോ​ഗാർത്ഥികളെ വിശ്വസിപ്പിക്കും. പിന്നീട് പല പ്പോഴായി ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം മുങ്ങുന്നതാണ് പ്രതികളുടെ രീതി.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഓഫീസുകൾക്ക് സമീപത്ത് ഉദ്യോ​ഗാർത്ഥികളെ വിളിച്ചുവരുത്തി, തൊട്ടടുത്ത് തന്നെ താമസ സൗകര്യമൊരുക്കും. ദിവസങ്ങളോളം ഇവരെ ഇത്തരത്തിൽ താമസിപ്പിച്ച ശേഷം പണവുമായി മൂവരും മുങ്ങും.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ബോർഡ് പതിപ്പിച്ച കാറാണ് ഇവർ‌ ഉപയോ​ഗിക്കുന്നത്, ഔദ്യോ​ഗിക വാ​ഹനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പണം കൈക്കലാക്കുക. 10 ലക്ഷം മുതൽ 35 ലക്ഷം വരെയാണ് ഒരാളിൽ നിന്ന് പ്രതികൾ തട്ടിയെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പരാതികൾ ചെങ്ങന്നൂർ പൊലീസിന് ലഭിച്ചു കഴിഞ്ഞു.

content details: bjp leader in alappuzha sanu n nair arrested for fraud.