yaas-cyclone

ന്യൂഡൽഹി: ഒഡീഷയിലും ബം​ഗാളിലും കനത്ത നാശനഷ്ടം വിതച്ച് യാസ് ചുഴലിക്കാറ്റ്. ഒരു കോടിയോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചു. മൂന്നുപേർ മരിച്ചതായും ഏകദേശം മൂന്നു ലക്ഷം വീടുകൾ ഭാ​ഗികമായോ പൂർണമായോ തകർന്നതായും ബം​ഗാൾ മുഖ്യമന്ത്രി മമത ബാനനർജി അറിയിച്ചു. പൂർണമായും കരയിലെത്തിയ യാസ് ശക്തി കുറഞ്ഞ് ജാർഖണ്ഡിലേക്കു കടന്നു.

കൊൽക്കത്തയിലെ താഴ്ന്ന ഭാ​ഗങ്ങൾ വെളളത്തിൽ മുങ്ങി. നന്ദി​ഗ്രാം, ഈസ്റ്റ് മിഡ്നാപുർ, ദി​ഗ, സൗത്ത് 24 പർ​ഗാനാസ്, നോർത്ത് 24 പർ​ഗാനാസ് എന്നീ ജില്ലകളിൽ വൻ നാശ നഷ്ടമുണ്ടായതായും മമത അറിയിച്ചു. അതേസമയം ഒഡീഷയിലെ തീരദേശ ജില്ലകളിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. എന്നാൽ ആള്‍നാശമുണ്ടായിട്ടില്ല.

ഒഡീഷയിലെ ബലാസോര്‍, ബദ്രക്, ജഗത് സിങ് പുര്‍ തുടങ്ങിയ ജില്ലകളെയാണ് യാസ് കൂടുതൽ ബാധിച്ചത്. തീരത്ത് നിന്ന് രണ്ടു ലക്ഷത്തിലധികം പേരെ ഒഡീഷ ഒഴിപ്പിച്ചിരുന്നു. ദുര്‍ഗാപുര്‍, റൂർക്കേല വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി. അ‍ടഞ്ഞു കിടക്കുന്ന ജര്‍സുഗു‍ഡ വിരേന്ദ്രസായി, കെല്‍ക്കത്ത വിമാനത്താവളങ്ങള്‍ രാത്രി തുറക്കും. റെയില്‍വേ 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി.

രാവിലെ ഒന്‍പതു മണിയോടെ സൂപ്പര്‍ സൈക്ലോണായി യാസ് ഒഡീഷയിലെ ദംറ തുറമുഖത്തിനു സമീപത്തുകൂടിയാണ് കരയിലേക്ക് കയറിയത്. പൂര്‍ണമായി കരതൊടാന്‍ നാലു മണിക്കൂർ സമയമെടുത്തു. തുടക്കത്തില്‍ മണിക്കൂറില്‍ 130 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞുവീശിയ യാസ് നിലവില്‍ ശക്തിയും വേഗതയും കുറഞ്ഞ് റാഞ്ചി മേഖലയിലേക്കു നീങ്ങികൊണ്ടിരിക്കുകയാണ്. നാളെ രാവിലെ ന്യൂനമര്‍ദമായി മാറും. ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് ജാര്‍ഖണ്ഡിന്റെ താഴ്ന്ന ഭാഗങ്ങളില്‍ ആളുകളെ ഒഴിപ്പിക്കുകയാണ്.