മുംബയ്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ വിവാദ നിയമ പരിഷ്കാരങ്ങൾക്കെതിരെ എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ. പട്ടേലിന്റെ നടപടി ദ്വീപിന്റെ പരമ്പരാഗത ഉപജീവന മാർഗങ്ങളും അതുല്യ സംസ്കാരവും നശിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ അഡ്മിനിസ്ട്രേറ്റർ എടുത്ത തീരുമാനങ്ങൾ അനാവശ്യവും യുക്തിരഹിതവുമാണെന്ന് പവാർ അഭിപ്രായപ്പെട്ടു.
അഡ്മിനിസ്ട്രേറ്ററിന്റെ നടപടികൾ ഇതിനോടകം അസ്വസ്ഥതകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലവിലുള്ള അതോറിറ്റിയുടെ ഉത്തരവുകളും തീരുമാനങ്ങളും പുനപരിശോധിക്കണമെന്നും യുക്തിരഹിതവും അനാവശ്യവുമായ ഉത്തരവുകൾ പിൻവലിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും പവാർ ആവശ്യപ്പെട്ടു.
ജനങ്ങളുടെ പ്രതിനിധികളുമായും സ്വദേശികളുമായും സഹകരിച്ച് പ്രവർത്തിക്കുകയും സമഗ്രമായ സമീപനം കെെക്കൊളളുകയും ചെയ്യുന്ന പുതിയ അഡ്മിനിസ്ട്രേറ്ററുടെ നിയമനം വളരെയധികം പ്രശംസിക്കപ്പെടുമെന്നും പവാർ കത്തിൽ പറയുന്നു. നിലവിലെ അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങളിൽ പാർട്ടി എം.പി മുഹമ്മദ് ഫെെസി ഉന്നയിച്ച വിഷയങ്ങളിലേക്കും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു.
അതേസമയം പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് ഒരു സിലക്ഷൻ ബോർഡ് നേരത്തെതന്നെ രൂപീകരിച്ചിരുന്നു. അതിൽ ലക്ഷദ്വീപിലെ ഒരു ജനപ്രതിനിധിയെയും ഉൾപ്പെടുത്തിയിട്ടില്ല. ഉത്തരേന്ത്യയിലെ ഉദ്യോഗസ്ഥർ മാത്രമാണ് ബോർഡിലുള്ളത്. ദ്വീപുകാരുടെ തൊഴിൽ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്.