കൊൽക്കത്ത: ഒഡീഷയെയും പശ്ചിമ ബംഗാളിനെയും പിടിച്ചുകുലുക്കിയ യാസ് ചുഴലിക്കാറ്റ് ദുര്‍ബലമായി. നിലവില്‍ ശക്തി ക്ഷയിച്ച ജാര്‍ഖണ്ഡിന് സമീപം ന്യൂനമര്‍ദമായി തുടരുകയാണ്. ഇന്നലെ രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി ഒഡീഷയിലെ ദംറ തുറമുഖത്തിനും ബലാസോറിനും ഇടയില്‍കൂടിയാണ് യാസ് കരയില്‍ പ്രവേശിച്ചത്.
ന്യൂനമര്‍ദം ദുർബലമായിട്ടില്ലാത്തതിനാൽ ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത 12 മണിക്കൂറിൽ ന്യൂനമർദത്തിന്റെ ശക്തി കുറയും. വൈദ്യുതി ബന്ധം നഷ്‌ടപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ പുനസ്ഥാപിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി വ്യക്തമാക്കി.
155 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയതായാണ് കണക്കാക്കുന്നത്. അഞ്ച് മരണം സ്ഥിരീകരിച്ചു. ബംഗാളിൽ 1100 ഗ്രാമങ്ങളിൽ പ്രളയമുണ്ടായി. അമ്പതിനായിരത്തോളം ആളുകൾക്ക് വീട് നഷ്‌ടമായതായാണ് സ്ഥിരീകരിക്കാത്ത വിവരം.
ഇന്നലെ മുതൽ മമത ബാനർജി സംസ്ഥാന സെക്രട്ടറിയേറ്റിൽ തന്നെ തുടരുകയാണ്. മൂന്ന് ലക്ഷം വീടുകൾക്ക് കേടു പറ്റുകയോ തകരുകയോ ചെയ്തെന്ന് മമത പറഞ്ഞു. ബാലസോറിനും ധമ്രയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകൾ നാലുമീറ്റർ വരെ ഉയർന്നു. ധമ്രയിലും ഭദ്രകിലും ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലായി. പതിനൊന്ന് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചതായാണ് വിവരം.