ന്യൂഡൽഹി: വായ്‌പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെഹുൽ ചോക്‌സി അറസ്റ്റിൽ. രാജ്യം വിട്ടതിന് ശേഷം ഇയാൾ കരീബിയൻ രാജ്യമായ ആന്റിഗ്വയിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിൽ ഇവിടെ നിന്നും മുങ്ങിയ ഇയാളെ അയൽരാജ്യമായ ഡൊമിനിക്കയിൽ വച്ചാണ് പിടികൂടിയത്.
ഞായറാഴ്‌ച മുതൽ മെഹുൽ ചോക്‌സിയെ കാണാനില്ലായിരുന്നു. കാണാതായ ഇയാൾക്കു വേണ്ടി ഇന്‍റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്.
ഡൊമിനിക്കയിൽ നിന്ന് മെഹുൽ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാൻ ധാരണയായിട്ടുണ്ട്. അനന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായാപാ തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്‌സി പ്രതിയായിട്ടുളളത്.