prabhul-patel

കവരത്തി: ലക്ഷദ്വീപിൽ സർക്കാർ സർവ്വീസിൽ ഉദ്യോ​ഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി ഭരണകൂടം. ഫിഷറീസ് വകുപ്പിൽ നിന്ന് 39 ഉദ്യോ​ഗസ്ഥരെയാണ് സ്ഥലം മാറ്റി ഉത്തരവിറങ്ങിയിരിക്കുന്നത്. പ്രതിഷേധങ്ങൾ നിരന്തരം ഉയർന്നിട്ടും വിവാദ നടപടികൾ നിന്ന് പ്രഫുൽ പട്ടേൽ മാറില്ലെന്ന് സൂചന നൽകുന്നതാണ് വിവാദ ഉത്തരവ്.

അടിയന്തര സാഹചര്യത്തിൽ രോഗികളെ എയർ ആംബുലൻസ് വഴി കൊച്ചിയിലേക്ക് മാറ്റാൻ നാലംഗ സമിതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് ഇന്നലെ ഉത്തരവിറക്കിയിരുന്നു. ആശുപത്രി സൗകര്യങ്ങളുള്ള കവരത്തി അടക്കമുള്ള ദ്വീപുകളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിലും നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിനിടെ കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കുന്ന ജോലിയും ഭരണകൂടം തുടങ്ങിയിട്ടുണ്ട്.

അതേസമയം, ലക്ഷദ്വീപിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരുന്നുണ്ട്. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ദ്വീപിലെ ബി ജെ പി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും. നാല് മണിയ്‌ക്കാണ് ഓൺലൈൻ വഴി സർവകക്ഷി യോഗം നടക്കുന്നത്. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ വിവാദ ഉത്തരവുകൾക്കെതിരെ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്നാണ് പൊതുഅഭിപ്രായം.

യോഗത്തിൽ ബി ജെ പി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. വിവാദ നടപടികളിൽ പ്രതിഷേധിച്ച് ദ്വീപിലെ ബി ജെ പി നേതാക്കൾ കൂട്ടത്തോടെ രാജിവച്ചിരുന്നു. ലക്ഷദ്വീപിലെ മുൻ ചീഫ് കൗൺസിലർമാരും യോഗത്തിൽ പങ്കെടുക്കും.