തിരുവനന്തപുരം: പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെ, ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ കെ.എഫ്.സി സി.എം.ഡി സ്ഥാനത്തുനിന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലേക്ക് മാറ്റി. കമ്മിഷനിൽ ഡയറക്ടർ ജനറൽ ഒഫ് ഇൻവെസ്റ്റിഗേഷനെന്ന എക്സ് കേഡർ തസ്തിക സൃഷ്ടിച്ചാണ് മാറ്റം. ഒരുവർഷത്തേക്കാണ് ഈ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. ഐ.ജി റാങ്കിലുള്ളവരെയാണ് സാധാരണ മനുഷ്യാവകാശ കമ്മിഷനിൽ നിയമിക്കുക.
പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള 12 അംഗ പട്ടിക യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന് സർക്കാർ കൈമാറി മൂന്നു നാൾ കഴിഞ്ഞപ്പോഴാണ് ഈ മാറ്റം. 12 പേരിൽ മികച്ച 3 പേരുടെ പാനലാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. അതിൽ നിന്നൊരാളെ പൊലീസ് മേധാവിയാക്കും. കൊവിഡ് സാഹചര്യത്തിൽ യു.പി.എസ്.സി സമിതി ഓൺലൈനായി യോഗം ചേരാൻ വൈകിയാൽ, നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന ജൂൺ 30നു മുമ്പ് താത്കാലിക പൊലീസ് മേധാവിയെ നിയമിച്ചേക്കും. അത് തച്ചങ്കരിയാകാനാണ് സാദ്ധ്യത. 10 വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തച്ചങ്കരിയാണ് ഒന്നാമൻ. സ്വത്തു സമ്പാദനത്തിന്റെ പേരിൽ വിജിലൻസ് കേസുണ്ടെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല.
സസ്‌പെൻസ് തുടരുന്നു
പുതിയ പൊലീസ് മേധാവിയുടെ കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. 12 പേരിൽ സീനിയറും ഒന്നാമനുമായ എസ്.പി.ജി ഡയറക്ടർ അരുൺ കുമാർ സിൻഹ കേരള സർവീസിലേക്കു വരാൻ സാദ്ധ്യതയില്ലാത്തതിനാലാണ് തച്ചങ്കരിയുടെയും വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിന്റെയും പേരുകൾ സജീവമായത്. വിജിലൻസ് കേസോ അന്വേഷണമോ ഇല്ലെന്നതു സുദേഷിന് അനുകൂലമാണ്. പൊലീസ് ഡ്രൈവറെ മർദിച്ച കേസ് സുദേഷിന്റെ മകളുടെ പേരിലാണ്.
30 വർഷം സർവീസുള്ള 1987 മുതൽ 1991 വരെ ബാച്ചുകളിലെ 12 ഉദ്യോഗസ്ഥരാണു പട്ടികയിൽ.
അഗ്നിരക്ഷാസേന മേധാവി ബി. സന്ധ്യ, അനിൽകാന്ത് (റോഡ് സേഫ്ടി കമ്മിഷണർ), നിതിൻ അഗർവാൾ (കേന്ദ്ര ഡെപ്യൂട്ടേഷൻ), എസ്. ആനന്തകൃഷ്ണൻ (എക്‌സൈസ് കമ്മിഷണർ), കെ. പദ്മകുമാർ (എ.ഡി.ജി.പി, ബറ്റാലിയൻ), ഷെയ്ഖ് ദർവേശ് സാഹിബ് (ഡയറക്ടർ, പൊലീസ് അക്കാഡമി), ഹരിനാഥ് മിശ്ര (കേന്ദ്ര ഡെപ്യൂട്ടേഷൻ), റവാഡ എ. ചന്ദ്രശേഖർ (കേന്ദ്ര ഡെപ്യൂട്ടേഷൻ), സഞ്ജീവ് കുമാർ പട്‌ജോഷി (കേന്ദ്ര ഡെപ്യൂട്ടേഷൻ) എന്നിവരാണ് മറ്റ് 9 പേർ.