ന്യൂഡൽഹി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,298 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്‌ചത്തെ കണക്കിനെക്കാൾ നേരിയ കൂടുതലാണിത്. എന്നാൽ മരണനിരക്ക് 4000ന് താഴെയായത് ആശ്വാസകരമായി. 3847 പേരാണ് ഇന്നലെ രോഗം ബാധിച്ച് മരിച്ചത്. പ്രതിദിന കണക്കിൽ ഏറ്റവുമധികം കൊവിഡ് രോഗികൾ തമിഴ്‌നാട്ടിലാണ്. 33,764 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത് കേരളമാണ്. 28,798 രോഗികൾ. പിറകെ കർണാടകയാണ് 26,811. മഹാരാഷ്‌ട്രയിൽ 24,752ഉം ആന്ധ്രാപ്രദേശിൽ 18,285ഉം ആണ് പ്രതിദിന രോഗികളുടെ കണക്ക്.
ഇന്നലെ രോഗം റിപ്പോർട്ട് ചെയ്‌തതിൽ 62.66 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്‌നാട്ടിൽ നിന്നും മാത്രം 15.98 ശതമാനം രോഗികളുണ്ട്. പ്രതിദിന മരണനിരക്കിൽ മുന്നിൽ മഹാരാഷ്‌ട്രയാണ്. 992 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. കർണാടകയിൽ 530 ആണ്.
രാജ്യത്ത് ആകെ രോഗം ബാധിച്ചത് 2,73,69,093 ആളുകൾക്കാണ്. ആകെ മരണമടഞ്ഞവർ 3,15,235 ആയി. 24 മണിക്കൂറിനിടെ 2,83,135 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗ മുക്തി നേടിയവർ 2.46 കോടിയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,85,805 ഡോസ് വാക്‌സിൻ നൽകി. ഇതോടെ ആകെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 20.26 കോടിയായി.