കണ്ണൂര്‍: പാലത്തായിയിൽ നാലാം ക്ലാസുകാരി ലൈംഗികപീഡനത്തിന് വിധേയമായതായി അന്വേഷണ റിപ്പോര്‍ട്ട്. ബി ജെ പി നേതാവും അദ്ധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചതിന്‍റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ശുചിമുറിയിലെ ടൈലുകളില്‍ നിന്നും ലഭിച്ച രക്തക്കറ ശാസ്ത്രീയമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണറിപ്പോര്‍ട്ട്.
തെളിവില്ലെന്ന് പറഞ്ഞ് ആദ്യം അന്വേഷണ സംഘം പത്മരാജനെ വെറുതെ വിട്ടിരുന്നു. എന്നാൽ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണറിപ്പോര്‍ട്ട് അടുത്ത ദിവസം തലശേരിയിലെ പ്രത്യേക പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കും.
ശുചിമുറിയില്‍ വച്ചാണ് അദ്ധ്യാപകന്‍ പീഡിപ്പിച്ചതെന്നായിരുന്നു നാലാംക്ലാസുകാരിയുടെ മൊഴി. പീഡനത്തെ തുടര്‍ന്ന് കുട്ടിക്ക് കടുത്ത രക്തസ്രാവമുണ്ടായിരുന്നു. 2020 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുട്ടിയുടെ മൊഴി പരസ്പരവിരുദ്ധമാണെന്നായിരുന്നു അദ്യം അന്വേഷണ സംഘം കണ്ടെത്തിയത്.
പീഡനം നടന്നെന്ന് പറയുന്ന ദിവസം അദ്ധ്യാപകന്‍ സ്‌കൂളിലെത്തിയില്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കേസില്‍ അദ്ധ്യാപകനെ വെറുതെ വിട്ടത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു