രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ പ്രതിപക്ഷനേതാവാക്കി. അതെന്താ സതീശന് കൊമ്പുണ്ടോ എന്നാരും ചോദിച്ചില്ല. ഇടതു നേതാക്കളും നല്ലതെന്ന് പറയുന്നു. എന്താ കാര്യം? 100 വർഷം പ്രായമുള്ള പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ്. 1921 ജനുവരി 30ന് കോഴിക്കോട് ചാലപ്പുറത്ത് കെ. മാധവൻനായർ സെക്രട്ടറിയായി രൂപംകൊണ്ട കേരള പ്രദേശ് കോൺഗ്രസിന്റെ ഇന്നത്തെ നില ഒട്ടും ആശാവഹമല്ല. അതുകൊണ്ടാണ് തലമുറമാറ്റം എന്ന സങ്കല്പംതന്നെ നേതൃനിരയിൽ രൂപംകൊണ്ടത്. ഇത് കേരളത്തിന്റെ മാത്രം സ്ഥിതിയല്ല. പിന്നിട്ട നൂറ്റാണ്ടിനിടയിൽ കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ നിർണായകമായ പങ്കുവഹിച്ച ഈ പ്രസ്ഥാനം ഇന്ത്യയിലുടനീളം തകർച്ചയുടെ നെല്ലിപ്പലക കണ്ടുനില്ക്കുകയാണ്. കേരളത്തിൽ തെളിഞ്ഞതും അതിന്റെ സൂചനകളാണ്. അതിൽനിന്ന് പാർട്ടിയെ കരകയറ്റാനുള്ള മുഖ്യ ചുമതലകളിലൊന്നാണ് ഇപ്പോൾ വി.ഡി. സതീശന്റെ കോർട്ടിലെത്തിയത്.
കെ.എസ്.യു പ്രസിഡന്റ് സ്ഥാനവും മന്ത്രിപദവും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും ഉൾപ്പെടെ ചുണ്ടിനരികെയെത്തിയിട്ട് കൈവിട്ടുപോയ സതീശനെ ഇക്കുറി ഭാഗ്യം കൈവെടിഞ്ഞില്ല. അർഹതയുടെ അംഗീകാരമല്ല ഇതെന്ന് ആരും പറയുകയുമില്ല. രാഷ്ട്രീയ വേർതിരിവുകൾക്കപ്പുറം ജനസമ്മതിയുള്ള നേതാവാണ് അദ്ദേഹം. ഇടതുപക്ഷതരംഗം നിലനില്ക്കുമ്പോഴും പറവൂർ നിയോജകമണ്ഡലത്തിൽ ഇക്കുറിയും ഭൂരിപക്ഷം വർദ്ധിപ്പിക്കാനായത് അതുകൊണ്ടാണ്.
ഇടതുകോട്ടയായിരുന്ന പറവൂരിൽ തുടർച്ചയായി രണ്ടുതവണ ജയിച്ച സി.പി.ഐയുടെ പി. രാജുവിനോട് 1996 ലെ തിരഞ്ഞെടുപ്പിൽ 1116 വോട്ടിന് പരാജയപ്പെട്ട വി. ഡി. സതീശൻ 2001 ൽ അദ്ദേഹത്തെ 7434 വോട്ടുകൾക്ക് പിന്നിലാക്കി വിജയം കൊയ്തു. പിന്നീട് സതീശനെ പറവൂർ കൈവിട്ടതേയില്ല. 2006 ൽ കെ.എം. ദിനകരനെ 7792 വോട്ടിനും 2011 ൽ പന്ന്യൻ രവീന്ദ്രനെ 11,349 വോട്ടിനും തോല്പിച്ച സതീശൻ അടുത്ത തിരഞ്ഞെടുപ്പിൽ ശാരദ മോഹനെ 20,634 വോട്ടിനാണ് പിന്നിലാക്കിയത്. ഇക്കുറി ഇടതുതരംഗം നിലനിൽക്കെ എം. ടി. നിക്സണെ തറപറ്റിച്ചത് 21,301 വോട്ട് ഭൂരിപക്ഷത്തിന്. സംഘടനാരംഗത്ത് പുലർത്തിയ കൃത്യതയാർന്ന ക്രമീകരണങ്ങളാണ് വിജയത്തിലേക്കുള്ള വഴി സുഗമമാക്കിയതെന്നും പരാജയത്തിന്റെ കാരണങ്ങളല്ല, വിജയത്തിലേക്ക് നയിച്ച കാരണങ്ങളാണ് മുഖ്യമായും പഠിക്കേണ്ടതെന്നുമാണ് ഇതു സംബന്ധിച്ച് സതീശൻ പറഞ്ഞത്.
രമേശ് ചെന്നിത്തലയുടെയൊ ഉമ്മൻചാണ്ടിയുടെയൊ വഴിയിലൂടെ സഞ്ചരിച്ച് കോൺഗ്രസിനെ അധികാരത്തിലേക്ക് തിരിച്ചുവിളിക്കാമെന്ന വ്യാമോഹം സതീശനുണ്ടാവില്ല. കരുണാകരന്റെ ആശ്രിതവത്സലത്വമോ എ.കെ. ആന്റണിയുടെ ആദർശപരിവേഷമോ വിതച്ചാൽ കിളിർക്കുന്ന പാടമല്ല ഇപ്പോൾ മലയാളികളുടെ മനസ്. അധികാരത്തിലേക്കുള്ള കുറുക്കു വഴിയായി ബി.ജെ.പി ഉപയോഗിക്കുന്ന ഹൈന്ദവരാഷ്ട്രീയവും കേരളത്തിൽ വിൽക്കാൻ പ്രയാസമാണ്. അത് സതീശനും അറിയാം. കോൺഗ്രസിനെ വരുതിക്കു നിറുത്താനുള്ള സമുദായ സംഘടനകളുടെ തന്ത്രങ്ങളൊന്നും ക്ലച്ചുപിടിക്കില്ല. വർഗീയതയ്ക്കെതിരായ നീക്കങ്ങളിൽ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വേർതിരിവും ഉണ്ടാകാനിടയില്ല. ഈ നിലപാടാവും പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയും. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകൾ സമാസമം ചേർത്താണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുപാർട്ടികൾ പ്രയോഗിക്കുന്നതെന്നും സാമാന്യബുദ്ധിയുള്ള എല്ലാവർക്കുമറിയാം. അതുകൊണ്ടാണ് പ്രഖ്യാപിതമായ കമ്മ്യൂണിസ്റ്റ് വിരോധം ക്രിസ്തീയ വിഭാഗങ്ങളിൽനിന്ന് ഉയർന്നുവരാഞ്ഞത്. അതിനെ എങ്ങനെയാവും സതീശൻ മറികടക്കുക? കാത്തിരുന്നു കാണാം.
അമ്പലക്കമ്മിറ്റിയും പള്ളിക്കമ്മിറ്റിയും മുതൽ മലയാളികൾ കൂടുന്നിടത്തെല്ലാം ഗ്രൂപ്പുണ്ട്. ഗ്രൂപ്പിന്റെ ഭാഗമായിരുന്നു വി.ഡി. സതീശനും. പക്ഷേ, പ്രതിപക്ഷനേതാവായി ഉയർന്നത് ഗ്രൂപ്പ് രാഷ്ട്രീയത്തെ അതിജീവിച്ചാണ്. ഇനി തന്റെ പേരിൽ ഒരു ഗ്രൂപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നെഹ്‌റുവിന്റെ ആശയങ്ങളോട് ഇണങ്ങിനിൽക്കുന്ന ഇടതുമനസാണ് കേരളത്തിനുള്ളതെന്ന് വിശ്വസിക്കുന്ന സതീശൻ അത് തകർക്കുന്ന സമീപനമാണ് തന്റെ പാർട്ടി കൈക്കൊണ്ടുപോന്നതെന്നും തിരിച്ചറിയുന്നു. ഇന്നലെവരെ സഞ്ചരിച്ചതിന്റെ തുടർച്ചയല്ല, വഴിതിരിഞ്ഞ് സഞ്ചരിക്കലാണ് കാമ്യമെന്നും മനസിലാക്കുന്നു.
ഏതു വിഷയവും നന്നായി പഠിച്ച് സമർത്ഥമായി അവതരിപ്പിക്കാനുള്ള കഴിവ് സതീശനുണ്ട്. 2010 ലെ ലോട്ടറി വിവാദത്തിൽ സതീശൻ സൃഷ്ടിച്ച പ്രതിരോധം സാമ്പത്തിക പണ്ഡിതനായ ഡോ. തോമസ് ഐസക്കിനെ പ്രതിക്കൂട്ടിലാക്കിയതും കണ്ടു. ശക്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ വരവായിരുന്നു അത്. തോമസ് ഐസക്കുമായി നേർക്കുനേർ പോരിനിറങ്ങിയ സതീശൻ അന്യസംസ്ഥാന ലോട്ടറി മാഫിയ തലവനായ സാന്റിയാഗോ മാർട്ടിനെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് സ്ഥാപിക്കുന്ന നിലയിലേക്ക് തന്റെ വാദഗതികളെ രൂപപ്പെടുത്തി. പിണറായി സർക്കാരിന്റെ കാലത്തും മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളിൽ തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശനാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിനൊ
പരസ്പര ബഹുമാനത്തിനൊ അത് ഭംഗംവരുത്തിയതുമില്ല. പിണറായി വിജയനോടും വി.എസിനോടുമെല്ലാം ഇതേ നിലപാട് കാത്തുസൂക്ഷിക്കാൻ സതീശന് കഴിഞ്ഞു.
പ്രതിപക്ഷം ക്രിയാത്മകമാകുന്നുത് ഭരണപക്ഷത്തെ നഖശിഖാന്തം എതിർക്കുമ്പോഴല്ല, ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ ഭരണകൂടത്തിനൊപ്പം നിന്ന് പ്രവർത്തിക്കുക കൂടി ചെയ്യുമ്പോഴാണെന്നും സതീശനറിയാം. പൂച്ച കാറിടിച്ച് ചത്താലും നിയമസഭയിൽനിന്ന് ഇറങ്ങിപ്പോകുന്ന പ്രതിപക്ഷമായിരിക്കില്ല സതീശന്റെ നേതൃത്വത്തിൽ നിലകൊള്ളുന്നതെന്നു കൂടി മോഹിക്കുകയാണ്. നിയമസഭാംഗങ്ങൾ ഭരണകൂടത്തിനെതിരെ പ്രതിരോധം തീർക്കേണ്ടത് മാദ്ധ്യമങ്ങൾക്കു മുന്നിലല്ല, ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ ആവണമെന്ന് തെളിയിക്കുന്ന നിലയിലായിരിക്കും തന്റെ നീക്കമെന്ന സൂചനകളാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിക്കുന്നത്. അതിനുതക്ക പിന്തുണ എല്ലാ ഭാഗത്തുനിന്നും കിട്ടുമോ? അതും കാത്തിരുന്ന് കാണേണ്ടതാണ്. അങ്ങനെയെങ്കിൽ കാര്യങ്ങളെല്ലാം ശരിയായി, അധികാരം മടങ്ങിവരുമെന്നാണോ? യഥാർത്ഥ പ്രശ്നം ഇതൊന്നുമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ബി.ജെ.പിയുടെയും അണികൾക്കും വിദ്യാർത്ഥി,യുവജന പ്രസ്ഥാനങ്ങൾക്കും അനുബന്ധ സംഘടനകൾക്കും ഉള്ള എന്തോ ഒന്ന് കോൺഗ്രസിന് കൈമോശം വന്നിട്ടുണ്ട്- എന്താണത്? സാമൂഹിക പ്രതിബദ്ധത . കുടുംബാധിപത്യത്തിനും സ്വജനപക്ഷപാതത്തിനും അപ്പുറമുള്ള ഒന്നാണത്. അതിൽനിന്ന് ഇടതുനേതാക്കൾ വഴുതിപ്പോയപ്പോഴെല്ലാം ശക്തമായ എതിർപ്പ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഇടതും വലതും ഒരുപോലെയായി എന്ന് ജനങ്ങൾ പറയാനിടയായതും അതുകൊണ്ടാണ്. അഴിമതി കോൺഗ്രസ് ഭരണകൂടങ്ങളുടെ സ്വാഭാവികരീതിയാണ് എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഈ വിപൽസന്ധിയിൽ ജനം രാഷ്ട്രീയപ്പാർട്ടികളെത്തന്നെ വെറുത്തു. അതിനെ അരാഷ്ട്രീയം എന്നു വിളിച്ച് മുഖംതിരിക്കാനാണ് സതീശനും ശ്രമിക്കുന്നതെങ്കിൽ തലമുറമാറ്റംകൊണ്ട് ഗുണമുണ്ടാകില്ല.
സമുദായനേതാക്കൾ എൽ.ഡി.എഫിനെ ഭയക്കുന്ന നിലയുണ്ടെന്നാണ് സതീശൻ പറയുന്നത്. എന്നാൽ, യു.ഡി.എഫിനോട് ആ പേടിയില്ലത്രെ. ഏതായാലും, സമുദായ നേതാക്കളെ മാനിക്കുമ്പോൾത്തന്നെ അവരുമായി കൃത്യമായ അകലം സൂക്ഷിക്കണമെന്ന നയമാണ് സതീശനുള്ളത്. ജനങ്ങൾക്ക് പ്രശ്നമുണ്ടാകുമ്പോൾ രാഷ്ട്രീയപ്പാർട്ടികൾ ഒന്നിച്ച് കൂടെനിൽക്കുന്നുവെന്ന് അവർക്ക് തോന്നണം. അങ്ങനെ ആവാത്തതുകൊണ്ടാണ് ജനങ്ങൾക്ക് രാഷ്ട്രീയപ്പാർട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത്. അത് വീണ്ടെടുക്കുക എന്നതും സതീശൻ നേരിടുന്ന വെല്ലുവിളിയാണ്. പാർട്ടിക്കകത്തുള്ള അഭിപ്രായഭിന്നതകൾ പരസ്യമായി പറഞ്ഞ് വിഴുപ്പലക്കുന്നത് പ്രവർത്തകരുടെ ആത്മവീര്യം കെടുത്തും. അത് തിരച്ചറിഞ്ഞാണ് ഒരു പരിധിവരെ യുവനിര അതിൽനിന്ന് വിട്ടുനിന്നത്. പാർട്ടിയുടെ കെട്ടുറപ്പിനും ജനസമ്മതിക്കും വിഴുപ്പലക്കൽ വലിയ തടസമാണെന്ന് തിരിച്ചറിയുന്ന സതീശന് അതിനെതിരെയും പോരാടേണ്ടിവരും. സതീശന്റെ പ്രവർത്തനങ്ങൾ ഫലപ്രദമാകണമെങ്കിൽ പാർട്ടിനേതൃത്വവും അതിനു ഉതകുംവിധം മാറുകയും ഉറച്ച നിലപാടുകൾ സ്വീകരിക്കുകയും വേണം.