ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ വന്ന പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പ്രമുഖ സമൂഹമാദ്ധ്യമമായ ഫേസ്‌ബുക്ക്. നേരത്തെ തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കവും അടങ്ങുന്ന കുറിപ്പുകളുടെ റീച്ച് കുറച്ചിരുന്നു. എന്നാല്‍ പുതിയ വ്യവസ്ഥ അനുസരിച്ച് വാര്‍ത്ത ഷെയര്‍ ചെയ്യുന്നവരുടെ പോസ്റ്റിനും റീച്ച് കുറയ്ക്കുമെന്നാണ് ഫേസ്ബുക്ക് വിശദീകരണം. പുതിയ സാങ്കേതികവിദ്യാ ചട്ടം അനുസരിച്ച് വസ്‌തുതകള്‍ പരിശോധിക്കുന്ന സംവിധാനം കൂടുതല്‍ വിപുലമാക്കാനും ഫേസ്‌ബുക്ക് തീരുമാനിച്ചിട്ടുണ്ട്.
ഇതിന്‍റെ ഭാഗമായി വ്യക്തികളുടെ അക്കൗണ്ടുകള്‍, പേജുകള്‍, ഗ്രൂപ്പുകള്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് പങ്കുവയ്ക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കും. കൊവിഡ്, കൊവിഡ് വാക്‌സിനേഷന്‍, കാലാവസ്ഥ മാറ്റം, തിരഞ്ഞെടുപ്പ് തുടങ്ങി വിവിധ വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം പ്രവർത്തികള്‍ക്ക് തടയിടുമെന്ന് ഫേസ്ബുക്ക് മുന്നറിയിപ്പ് നൽകി.
അതേസമയം, കേന്ദ്രസർക്കാരിന്‍റെ പുതിയ നീക്കത്തിൽ ട്വിറ്റർ ആശങ്കയറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാൻ ട്വിറ്ററിന് ബാദ്ധ്യതയുണ്ട്, നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാരെ കുറിച്ചും ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്നാണ് ട്വിറ്റർ പറയുന്നത്. സുതാര്യതയാണ് ആദർശമെന്ന് പറഞ്ഞ സാമൂഹിക മാദ്ധ്യമം ഭയപ്പെടുത്താനുള്ള പൊലീസിന്‍റെ തന്ത്രങ്ങളിൽ ആശങ്കയറിയിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തണം എന്നാണ് നിലപാടെന്ന് വ്യക്തമാക്കിയ ട്വിറ്റർ സർക്കാരുമായുള്ള ക്രിയാത്മക സംഭാഷണം തുടരുമെന്നും വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും കമ്പനികൾക്കും സമൂഹത്തിനും പൊതുജന താത്പര്യം സംരക്ഷിക്കാനുള്ള കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണ് ട്വിറ്ററിന്‍റെ നിലപാട്. കൊവിഡ് വ്യാപനത്തിൽ ട്വിറ്റർ സഹായ കേന്ദ്രമായി പ്രവർത്തിച്ചുവെന്നും കമ്പനി ഓർമ്മപ്പെടുത്തി. പുതിയ ഐ ടി നിയമത്തെ കുറിച്ച് ഇതാദ്യമായാണ് ട്വിറ്റർ പ്രതികരിക്കുന്നത്.