school

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുമൊരു അദ്ധ്യയന വർഷം കൂടി പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ പ്രധാനാദ്ധ്യാപകരില്ലാതെ ഇപ്പോഴും 947 സ്‌കളൂകൾ. കൊവിഡ് ബാധയെ തുടർന്ന് സ്‌കൂളുകളിൽ അദ്ധ്യയനം നടക്കുന്നില്ലെങ്കിലും പ്രധാനദ്ധ്യാപകരുടെ കുറവ് ഇപ്പോഴും വലിയൊരു ബാദ്ധ്യതയായി തന്നെ നിലനിൽക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഈ സ്ഥിതി തുടർന്നിട്ടും പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിലൂടെ പ്രധാനാദ്ധ്യാപകരാകാൻ അർഹതയുള്ളവരുടെ പ്രൊമോഷൻ കൂടിയാണ് നഷ്ടപ്പെടുന്നത്.

പ്രതിസന്ധി ഇങ്ങനെ

കേരളത്തിൽ ആകെയുള്ളത് 3617 സർക്കാർ പ്രൈമറി സ്കൂളുകളാണ്. ഇതിൽ 2020-21 അദ്ധ്യയന വർഷത്തിൽ 947 പ്രധാനാദ്ധ്യാപകരുടെ സ്ഥിരം ഒഴിവുകൾ ഉണ്ടായിരുന്നു. എന്നാൽ, പ്രൈമറി ഹെഡ്മാസ്റ്റർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് 2020 ജനുവരി 27ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിൽ വകുപ്പുതല പരീക്ഷകൾ വിജയിച്ചവരെ മാത്രമേ ഈ തസ്തികയിലേക്ക് നിയമിക്കാവൂ എന്ന് പറഞ്ഞിരുന്നു. മാത്രവുമല്ല,​ യോഗ്യതയില്ലാതെ നിയമനം ലഭിച്ച ഹെഡ്മാസ്റ്റർമാരെ തരം താഴ്‌ത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ,​ വിധിന്യായം അനുസരിച്ച് യോഗ്യതയുള്ളവർക്ക് ഹെഡ്മാസ്റ്റർമാരായി പ്രൊമോഷൻ നൽകാൻ സർക്കാർ തയ്യാറായില്ല. ഇതിനിടെ,​ യോഗ്യതയില്ലാതെ പ്രൊമോഷൻ ലഭിച്ച പ്രധാനാദ്ധ്യാപകർ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഇതോടെ തത്‌സ്ഥിതി തുടരാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. അതിനിടെ, 50 വയസ് കഴിഞ്ഞ വകുപ്പുതല പരീക്ഷ പാസാകാത്ത പ്രൈമറി അദ്ധ്യാപകർക്ക് പ്രധാനാദ്ധ്യാപകരാകാം എന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. കേരള വിദ്യാഭ്യാസ അവകാശ നിയമം (കെ.ഇ.ആർ) ഭേദഗതി ചെയ്ത് നിയമനം നടത്താൻ സർക്കാർ ശ്രമിച്ചെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് വന്നതോടെ സർക്കുലർ സ്റ്റേ ചെയ്തു. ഈ മാസം കഴിയുന്നതോടെ 655 പ്രധാനാദ്ധ്യാപക തസ്തികകളിൽ കൂടി ഒഴിവ് വരും. ഇതോടെ സർക്കാർ പ്രൈമറി വിദ്യാലയങ്ങളിൽ ആകെ 1650 ഹെഡ്മാസ്റ്റർമാരുടെ ഒഴിവുകളാണ് ഉണ്ടാകുകയും ചെയ്യും.

സർക്കാരിന്റെത്

പിടിവാശിയെന്ന്

അനർഹരെ ഉൾപ്പെടുത്താൻ ശ്രമമെന്ന് പ്രതിപക്ഷ സംഘടനകൾ

ഹൈക്കോടതി വരെ അംഗീകരിച്ച പ്രൈമറി പ്രധാനാദ്ധ്യാപക യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അനാവശ്യ വാശിയാണ് ഹെഡ്മാസ്റ്റർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നടക്കാത്തതിന് കാരണമായി മതിയായ യോഗ്യതകളുള്ള അദ്ധ്യാപകർ പറയുന്നത്. ഭരണകക്ഷിയുമായി ആഭിമുഖ്യമുള്ള അദ്ധ്യാപക സംഘടനകളിലെ പല അദ്ധ്യാപകർക്കും നിലവിലെ നിയമ പ്രകാരം പ്രധാനാദ്ധ്യാപകരാകാൻ ആവശ്യമായ യോഗ്യത ഇല്ലാത്ത സ്ഥിതിയാണ്. ഇവർക്ക് ഉയർന്ന ശമ്പളവും പിന്നീട് പെൻഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ടി യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. യോഗ്യരായ അദ്ധ്യാപകർ ഇതിനെ എതിർത്തതോടെയാണ് പ്രശ്നം കീറാമുട്ടിയായത്.