dog

ന്യൂഡൽഹി: വീഡിയോ വൈറലാകുന്നതിന് സ്വന്തം വളർത്തുനായയെ ബലൂണിൽ കെട്ടി പറപ്പിച്ച യൂട്യൂബർ അറസ്‌റ്റിൽ. ഡൽഹിയിലാണ് സംഭവം. യൂട്യൂബറായ ഗൗരവ് ജോൺ ആണ് അറസ്‌റ്റിലായത്. കുറച്ച് ഹൈഡ്രജൻ ബലൂണുകൾ തന്റെ നായയുടെ ശരീരത്തിൽ കെട്ടിയ ശേഷം ഗൗരവ് കൊണ്ടുവരുന്നതാണ് ആദ്യം വീഡിയോയിലുള‌ളത്. തുടർന്ന് ഒരു പാർക്കിൽ വച്ച് നായയെ വിടുന്നു. ഇതോടെ പറന്ന് പൊങ്ങിയ നായ കരയുന്നത് വീഡിയോയിലുണ്ട്.

നായ പറക്കുന്നത് കണ്ട് യൂട്യൂബറും ഇയാളുടെ അമ്മയും സന്തോഷിക്കുന്നുമുണ്ട്. സംഭവത്തിൽ മൃഗസ്‌നേഹി സംഘടനകൾ പരാതി നൽകിയതിനെ തുടർന്ന് യൂട്യൂബ് വീ‌ഡിയോ നീക്കം ചെയ്‌തു. പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടമ മാൾവിയ നഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ഗൗരവിനെ അറസ്‌റ്റ് ചെയ്‌തു.

വിവാദ വീഡിയോ ഡിലീ‌റ്റ് ചെയ്‌ത ശേഷം താൻ നായയെ സുരക്ഷിതമായി താഴെയിറക്കാൻ വേണ്ട എല്ലാ കാര്യങ്ങളും ചെയ്‌തിരുന്നതായി ചൂണ്ടിക്കാട്ടി ഗൗരവ് ഒരു വീഡിയോ കൂടി പോസ്‌റ്റ് ചെയ്‌തിരുന്നു. 'ഡോളർ' എന്ന തന്റെ നായയോട് അങ്ങനെ ചെയ്‌തതിൽ ഗൗരവ് മാപ്പുപറയുകയും ചെയ്‌തു.