മലയാള സിനിമയുടെ ഐശ്വര്യ ലക്ഷ്മി ഇപ്പോൾ തമിഴിലും തെലുങ്കിലും തിരക്കിൽ
''മലയാള സിനിമയോടൊപ്പം യാത്ര തുടങ്ങിയിട്ട് മൂന്ന് വർഷമായി. ഈ മൂന്ന് വർഷം കൊണ്ട് ഐശ്വര്യ എന്താണ് സിനിമയിൽ നിന്ന് പഠിച്ചത് ?""
''പഠനം അത് തന്നെയാണ് ശരിയായ വാക്ക്. പഠിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴും പഠിക്കുകയാണ്.""ആത്മവിശ്വാസത്തോടെയുള്ള ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളോടൊപ്പം മുഖത്ത് നിറയുന്ന ചിരി.
സിനിമയെ കുറിച്ച് സംസാരിക്കാതിരുന്ന, സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഐശ്വര്യ ലക്ഷ്മി ഇന്ന് മലയാളത്തിന്റെ ഐശ്വര്യമാണെന്ന് പറഞ്ഞാൽ തെറ്റില്ല. പേരിനു മുന്നിൽ ഡോക്ടറെന്നും അഭിനേത്രിയെന്നും വരുമ്പോൾ പ്രിയപ്പെട്ടവരുടെ െഎഷു ഏറെ സന്തോഷവതി.
ഇന്ന് മലയാള സിനിമ താണ്ടി ഐശ്വര്യ തമിഴിലും തെലുങ്കിലും നായികാനിരയിൽ സ്ഥാനം പിടിക്കുന്നു. തന്റെ സിനിമ ജീവിത വിജയങ്ങളെക്കുറിച്ചും ഏറ്റവും പുതിയ വിശേഷങ്ങളെക്കുറിച്ചും ഐശ്വര്യ ഇതാദ്യമായി കേരളകൗമുദി ഫ്ളാഷ്മൂവിസിനോട് സംസാരിക്കുന്നു.
ഐശ്വര്യ ഇപ്പോൾ എവിടെയാണ്, എന്താണ് ഏറ്റവും പുതിയ വിശേഷം ?
ലോകം മുഴുവൻ കൊവിഡ് എന്ന മഹാമാരിയുടെ പിടിയിലാണ്. കൊവിഡിന്റെ രണ്ടാം തരംഗം എന്നെയും പിടിക്കൂടിയിരുന്നു. ആദ്യ തെലുങ്ക് സിനിമ ഗോഡ്സേയുടെ ഷൂട്ട് കഴിഞ്ഞ് തിരുവനന്തപുരത്തുള്ള വീട്ടിൽ വന്നതാണ്. ഹൈദരാബാദായിരുന്നു ഷൂട്ട്.കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു ഷൂട്ടിംഗ്. എന്നിട്ടും സെറ്റിലെ മിക്കവർക്കും കൊവിഡ് പിടിപെട്ടു. സാധാരണ കുറച്ചു ദിവസത്തെ ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കൊവിഡ് ടെസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഇപ്രവാശ്യം കുറച്ചധികം ദിവസമായതുകൊണ്ട് അച്ഛനെയും അമ്മയേയും കണ്ടതും വന്നു കെട്ടിപിടിച്ചിരുന്നു. അതുകൊണ്ടുള്ള ഒരു പേടി ഉണ്ടായിരുന്നു അവർ ടെസ്റ്റ് ചെയ്യുന്നതുവരെ. വീട്ടിൽ ഐസൊലേഷനിലായിരുന്നു . ഡോക്ടർമാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് മരുന്നുകൾ കഴിക്കുകയൂം ആവി പിടിക്കുകയുമൊക്കെ ചെയ്തിരുന്നു. ടിവി കാണുക മാത്രമാണ് ഈ സമയത്ത് ചെയ്ത ഒരു കാര്യം. സമാധാനപരമായി ഇരിക്കണം എന്ന് മാത്രമാണ് തോന്നിയത്. സോഷ്യൽമീഡിയയിൽനിന്നെല്ലാം വിട്ടുനിന്നു. എന്തെങ്കിലും വായിക്കുമ്പോൾ കൂടുതൽ സ്ട്രെസ്സ് ആവുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഒന്നും വായിക്കാൻ മുതിർന്നില്ല. സന്തോഷം തരുന്ന ചിരിപ്പിക്കുന്ന സിനിമകൾ കണ്ടു.
തമിഴിലെയും തെലുങ്കിലെയും
പുതിയ സിനിമ വിശേഷങ്ങൾ?
ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമ ജഗമേ തന്തിരം ജൂൺ 18ന് ഒ ടി ടി യിൽ റിലീസ് ചെയ്യും. അതാണ് ഏറ്റവും പുതിയ വിശേഷങ്ങളിലൊന്ന്. മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ടിന്റെ ചിത്രീകരണം പൂർത്തിയായി. ഈ ഒരു അവസ്ഥ അല്ലായിരുന്നെങ്കിൽ മേയ് ,ജൂൺ റിലീസിനെത്തുമായിരുന്നു അർച്ചന. ഉയരെ യ്ക്ക് ശേഷം മനു അശോക് സംവിധാനം ചെയ്യുന്ന കാണെകാണെയാണ് മറ്റൊരു ചിത്രം. തെലുങ്ക് ചിത്രം ഗോഡ്സേയുടെ ചിത്രീകരണം കഴിഞ്ഞു.പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. ജൂലൈയോടെ റിലീസിന് എത്തേണ്ട സിനിമയാണ് . ഇനി ഇപ്പോഴത്തെ അവസ്ഥയിൽ മാറ്റം വന്നിട്ടേ റീലിസ് ഉണ്ടാവുകയുള്ളു. കുമാരിയുടെ ഷൂട്ട് തുടങ്ങാനിരുന്നപ്പോഴാണ് രണ്ടാം ലോക്ക്ഡൗൺ.ഇനിയിപ്പോൾ ഈ അവസ്ഥയിൽ മാറ്റം വന്നിട്ട് ഷൂട്ട് തുടങ്ങും.
അർച്ചനയെ കുറിച്ച് ?
ഞാൻ ആദ്യമായാണ് സ്ത്രീ കേന്ദ്രികൃത ചിത്രത്തിൽ അഭിനയിക്കുന്നത്. ഞാൻ ഇതുവരെ അഭിനയിക്കാത്ത പാറ്റേണിലുളള കഥാപാത്രമാണ് അർച്ചന. സാധാരണ സ്ത്രീ കേന്ദ്രികൃത ചിത്രങ്ങൾ സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് പറയാറുള്ളത്. അത്തരത്തിലുള്ള ഒരു സിനിമയല്ല അർച്ചന.ഫുൾ ഓൺ എന്റർടൈയിൻമെന്റാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സ്കൂൾ അദ്ധ്യാപികയുടെ വേഷത്തിലാണ് എത്തുന്നത്. അച്ഛനെയും അമ്മയേയും ഒരുപാട് സ്നേഹിക്കുന്ന കുടുംബം നോക്കുന്ന പെൺകുട്ടിയാണ്. അർച്ചനയുടെ സ്വഭാവ സവിശേഷതയുള്ള പലരെയും അടുത്തറിയാം . സംവിധായകൻ അർച്ചനയുടെ കഥ പറയുമ്പോൾ തന്നെ ഇഷ്ടപ്പെട്ടിരുന്നു. സിറ്റിയിൽ ജീവിക്കുന്ന ബോൾഡായ പെൺകുട്ടിയുടെ വേഷത്തിലാണ് എന്നെ എല്ലാവരും കൂടുതൽ കണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഗ്രാമത്തിൽ ജീവിക്കുന്ന ഇത്തരത്തിലൊരു കഥാപാത്രം വന്നപ്പോൾ ആകാംക്ഷയായിരുന്നു. ലുക്ക് ടെസ്റ്റ് ഓകെ ആയപ്പോഴേ ആത്മവിശ്വാസം വന്നു. മാർട്ടിൻ പ്രക്കാട്ട് സാറാണ് നിർമ്മാണം.
നായകൻ ധനുഷ് . സംവിധാനം കാർത്തിക് സുബ്ബരാജ് ?
വരത്തനിൽ അഭിനയിക്കുമ്പോഴാണ് ജഗമേ തന്തിരത്തിന്റെ സ്ക്രീൻ ടെസ്റ്റ് നടക്കുന്നത്. അന്ന് കാർത്തിക് സാർ പറഞ്ഞു അടുത്തത് മറ്റൊരു പ്രോജക്ടാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങുമ്പോൾ ഐശ്വര്യയെ അറിയിക്കാമെന്നായിരുന്നു. ഞാൻ വിചാരിച്ചു എന്റെ സ്ക്രീൻ ടെസ്റ്റ് സാറിന് ഇഷ്ടപെടാത്തതുകൊണ്ട് ഒഴിവാക്കാൻ ഒരു കാരണം പറയുകയാണെന്നാണ്. അതിനു ശേഷം കാർത്തിക് സാർ പേട്ട ചെയ്തു. അതും കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോഴാണ് കാർത്തിക് സാർ വിളിച്ചു ജഗമേ തന്തിരത്തിന്റെ ഷൂട്ട് തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത്. അത് കേട്ടപ്പോൾ സൂപ്പർ എക്സ്സൈറ്റഡായി. ലണ്ടനിലായിരുന്നു ഷൂട്ട്. വളരെ നല്ലൊരു കഥയാണ്്. നല്ല പാട്ടുകളുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ കാണേണ്ട സിനിമ.
ധനുഷിന്റെ നായികയായപ്പോൾ എന്തുതോന്നി?
ധനുഷ് സാർ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ഓഡിഷന് 2018 എന്നെ വിളിച്ചിരുന്നു. അതിൽ എന്നെ സെലക്ട് ചെയ്തില്ലായിരുന്നു. അതിനുശേഷം ജഗമേ തന്തിരത്തിന്റെ ലൊക്കേഷനിൽ ധനുഷ് സാറിനോട് ഞാനിത് ഓർമ്മിപ്പിച്ചിരുന്നു. സാറിനും അത് നല്ല ഓർമ്മയുണ്ടായിരുന്നു. അന്ന് നീ ഓഡിഷൻ വന്നപ്പോൾ നിന്റെ തമിഴ് നല്ല മോശമായിരുന്നെന്ന് സാർ പറഞ്ഞു. ഇപ്പോൾ അതെല്ലാം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ധനുഷ് സാർ അധികമൊന്നും സംസാരിക്കാത്തൊരാളാണ്. വളരെ സപ്പോർട്ടീവാണ്. ലണ്ടനിൽ ഞാൻ ആദ്യമായി പോവുന്നതു കൊണ്ടും എല്ലാം പുതിയ ടീമും ആയതുകൊണ്ടും ചെറിയൊരു ടെൻഷനുണ്ടായിരുന്നു . ധനുഷ് സാർ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അറിയിക്കണമെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞു സപ്പോർട്ട് ചെയ്തിരുന്നു. എനിക്കൊരു സഹോദരനെപോലെയാണ് ഫീൽ ചെയ്തത്. നല്ല നടനെന്നതിലുപരി നല്ലൊരു മനുഷ്യനുമാണ് ധനുഷ് സാർ.
മണിരത്നത്തിന്റെ പൊന്നിയൻ സെൽവന്റെ ഭാഗമായി അല്ലേ?
മണിരത്നം സാറിന്റെ സിനിമയിൽ അഭിനയിക്കുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലയെന്ന് പറയുന്നതാവും സത്യം. ഏതൊരു അഭിനേതാവും ആഗ്രഹിക്കുന്നതാണ് മണിരത്നം സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നത്. ഓഡിഷൻ വഴിയാണ് ആ ഭാഗ്യവും ലഭിച്ചത്. ഒന്നര മാസം ആയിരുന്നു ഷൂട്ട്. ബാങ്കോക്,കാഞ്ചനപുരിയൊക്കെയായിരുന്നു ലൊക്കേഷൻ. വളരെ മനോഹരമായ ലൊക്കേഷൻ .ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നുമെല്ലാം നിരവധി സൂപ്പർ താരങ്ങൾ അഭിനയിക്കുന്നുണ്ടെങ്കിലും അവിടെ ഈഗോ പ്രശ്നങ്ങളൊന്നുമില്ലാതെ എല്ലാവരെയും സമമായാണ് ട്രീറ്റ് ചെയ്തിരുന്നത്. ഷൂട്ട് തുടങ്ങുന്നത് എന്നെ വച്ചായിരുന്നു. അതിന്റെ ചെറിയ ടെൻഷനുണ്ടായിരുന്നു . കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ എന്നെ ഒരുപാട് സഹായിച്ചിരുന്നു.
മൂന്ന് വർഷം കൊണ്ട് ഉണ്ടായ മാറ്റങ്ങൾ ?
ഞാൻ അങ്ങനെ സിനിമ കാണുന്ന ഒരാളോ സിനിമയെ കുറിച്ച് സംസാരിക്കുന്ന ഒരാളോയല്ലായിരുന്നു.എന്നാൽ ഇപ്പോൾ സിനിമയെ കുറിച്ച് പലതും പഠിക്കാൻ സാധിച്ചു. പണ്ടൊരു ഒരു സിനിമ കണ്ടാൽ അത് കൊള്ളാമെന്നു പറയുകയല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു ഇപ്പോൾ ഓരോ സീനിന്റെയും ബ്യൂട്ടി മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഓരോ ഫ്രെയിം ആസ്വദിക്കാൻ കഴിയുന്നുണ്ട്. സംവിധായകരായാലും ടെക്നിഷ്യന്മാരായാലും സഹപ്രവർത്തകരായാലും അവർ ചെയ്യുന്ന ശൈലിയെല്ലാം നോക്കി പഠിക്കാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഒരുപാട് ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ് അഭിനയം. സിനിമയും അഭിനയവും ഒരുപാട് സന്തോഷം തരുന്നതാണ്.ആദ്യ സിനിമ കഴിഞ്ഞു രണ്ടാമത്തെ സിനിമ വരാൻ വൈകിയപ്പോൾ ഇനി എന്തു ചെയ്യണമെന്നൊക്കെ ചിന്തിച്ചിരുന്നു. ഉള്ളിൽ സിനിമയാണ് എന്ന് തിരിച്ചറിഞ്ഞത് മുതൽ കൂടുതൽ അടുക്കുകയായിരുന്നു. ഡോക്ടർ പ്രൊഫഷൻ കൈയിൽ വച്ച് എന്തിനാണ് സിനിമയുടെ പുറകെ പോകുന്നതെന്ന ചോദ്യങ്ങൾ ഒരുപാട് നേരിടേണ്ടിവന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തണമെന്ന് നിർബന്ധമുണ്ടായിരുന്നു.ആദ്യ സിനിമ ഞണ്ടുകളുടെ നാട്ടിലെ ഒരിടവേളയിൽ ഓഡിഷൻ വഴിയാണ് അവസരം ലഭിക്കുന്നത്. ആദ്യ സിനിമ തന്നെയാണ് ഇന്നും സിനിമയിൽ ശക്തമായി നിൽക്കാനുള്ള കാരണമാക്കിയത്.
സിനിമ ഐശ്വര്യയ്ക്ക് പാഷനാണോ പ്രൊഫഷനാണോ ?
എനിക്ക് സിനിമ പാഷനും പ്രൊഫഷനുമാണ്. സിനിമയെ സീരിയസായാണ് കാണുന്നത്. സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ ആ ടീമിന്റെ കൂടെ ആത്മാർത്ഥമായി നിൽക്കാറുണ്ട്. ഞാൻ പൂർണമായി സിനിമയോടൊപ്പം നിലകൊള്ളുന്ന വ്യക്തിയാണ്.
ബോൾ ഡ് ഇമേജാണ് അല്ലേ മായാനദിയിലെ അപ്പു നൽകിയത്?
എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിനൊന്നാണ് അപർണ.മായാനദിയ്ക്ക് ശേഷം എനിക്ക് കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറൻസായി എടുത്തു കിട്ടിയതാണ്. മായനദിയുടെ ട്രെയിലർ ഇറങ്ങിയ സമയത്ത് സുഹൃത്തുക്കളെല്ലാം ഗംഭീരമായെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും എന്നെ പലരും ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണവും അപ്പുവാണ്. അപ്പുവിന്റെ പോലെ ഒരുപാട് ഇൻസെക്യൂരിറ്റീസ് ഉള്ള എന്നാൽ പുറമേ ബോൾഡായി തോന്നുന്ന പോലെയുള്ള ഒരാളാണ് ഞാൻ. ചില സമയങ്ങളിൽ ആത്മവിശ്വാസം വളരെയധികം കുറയുന്നൊരാളാണ്.ഇപ്പോഴും എന്റെ തിരഞ്ഞെടുപ്പുകൾ ശരിയല്ലേയെന്നൊക്കെ കൺഫ്യൂഷ്യൻ വരാറുണ്ട്. തമിഴ് സിനിമകളിലേക്ക് വിളിവരുന്നതും മായാനദി കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ അപ്പു എപ്പോഴും സ്പെഷ്യലാണ്.
മായാനദി, വരത്തൻ , വിജയ് സൂപ്പറും പൗർണ്ണമിയും മൂന്നിലും സെക്യൂവേഡ് ലൈഫ് ലീഡ് ചെയ്യുന്ന പെൺ കഥാപാത്രങ്ങൾ ?
എനിക്കിപ്പോഴും ഒരുപാട് സംവിധായകരെയൊന്നും അറിയില്ല . ഞാനൊരു തുടക്കക്കാരിയാണ്. എനിക്ക് വേണ്ടി ആരും കഥകൾ എഴുതുന്നില്ല. അവർ എഴുതുന്ന കഥകളിലെ കഥാപാത്രങ്ങളിലേക്ക് ഞാൻ ക്ഷണിക്കപ്പെടുകയാണ്. എന്റെ അടുത്ത് വരുന്ന കഥകളിൽ എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്ന കഥാപാത്രങ്ങൾ ഞാൻ ചെയ്യുന്നു. ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങൾ അധികം വന്നിട്ടില്ല. അതാണ് അർച്ചന വന്നപ്പോൾ അത് തിരഞ്ഞെടുത്തത്.ഷോർട് ഫിലിമുകളെല്ലാം ശ്രദ്ധിക്കാറുണ്ട്. രണ്ടു മൂന്ന് ഷോർട് ഫിലിം മേക്കേഴ്സിനെ വിളിച്ച് നല്ല കഥയുണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞിരുന്നു.
മലയാളത്തിൽ സ്വാധിനിച്ച താരങ്ങളുണ്ടോ ?
ഒരുപാട്പേരുണ്ട്. ശോഭന മാം ,ഉർവശി മാം,അതുപോലെ ലാലേട്ടൻ അഭിനയിച്ച പല സിനിമകളും ഇപ്പോഴും ഞാൻ ആവർത്തിച്ചു കാണാറുണ്ട്. വന്ദനം ,ചിത്രം ,വിയറ്റ്നാം കോളനി ഇതെല്ലം അത്രമാത്രം ഇഷ്ടമുള്ള സിനിമകളാണ്.
നെഗറ്റിവിറ്റികളോട് നോ പറയാറാണോ പതിവ് ?
എനിക്കെതിരെ രൂക്ഷമായ നെഗറ്റിവിറ്റികൾ വന്നിട്ടില്ലെന്നാണ് എന്റെ വിശ്വാസം. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്ത പ്രൊഫൈലുകൾ സൃഷ്ടിക്കുന്ന നെഗറ്റിവിറ്റികളൊന്നും മൈൻഡ് ചെയ്യാറില്ല. എനിക്ക് ആവശ്യമില്ലാത്ത കമന്റുകളെ ശ്രദ്ധിക്കാറില്ല.
മായാനദിയിലെ 'സെക്സ് ഈസ് നോട്ട് ആ പ്രോമിസ്' എന്ന ഡയലോഗും, ഓൺസ്ക്രീൻ കിസ്സും, വിവാദമുണ്ടാക്കിയോ ?
ഒരു പെണ്ണ് പറയുന്നു എന്നത് തന്നെയാണ് 'സെക്സ് ഈസ് നോട്ട് ആ പ്രോമിസ് " എന്ന ഡയലോഗ് ഇത്രയധികം ചർച്ചാ വിഷയമായത്. എന്നാൽ വളരെ പക്വമായി പോസിറ്റീവായാണ് എല്ലാവരും അക്കാര്യങ്ങളെ എടുത്തത്. അത് സിനിമയുടെ മികവ് തന്നെയാണ്.
ഒ ടി ടി പ്ളാറ്റ് ഫോമിനെ എങ്ങനെ വിലയിരുത്തുന്നു ?
തിയേറ്റർ കൊണ്ടും സിനിമ കൊണ്ടും ജീവിക്കുന്ന ഒരുപാട്പേരുണ്ട്. അതുകൊണ്ട് തന്നെ അതിന്റെയൊന്നും പ്രൊഡക്ഷൻ നമുക്ക് ഒരിക്കലും നിർത്തിവയ്ക്കാൻ സാധിക്കില്ല. ഒ ടി ടി യുടെ സാധ്യത ഇങ്ങനെയുള്ള ഒരു അവസ്ഥയിൽ നമ്മൾ തിരിച്ചറിഞ്ഞു. ഈ ഒരു സാഹചര്യത്തിൽ വീട്ടിൽ സേഫായി ഇരുന്നു ഒ ടി ടിയിൽ സിനിമയും സീരിസുമെല്ലാം കാണുന്നു. ഇപ്പോഴുള്ള അവസ്ഥ മാറിയാൽ തിയേറ്ററിൽ പോയി സിനിമ കാണും. അച്ഛൻ ഉണ്ണിക്കൃഷ്ണനും അമ്മ വിമല കുമാരിയും സാധാരണക്കാരാണ്. ചെറിയ ചെറിയ ആഗ്രഹങ്ങളാണ് അച്ഛനും അമ്മയ്ക്കും. രണ്ടുപേരും സർക്കാർ സർവീസിലായിരുന്നു.
നല്ലൊരു പ്രൊഫഷൻ കൈയിലുണ്ടായിട്ട് എന്തിനാണ് സിനിമയ്ക്ക് പുറകെ പോവുന്നതെന്ന ഉപദേശം കേട്ടിട്ടുണ്ടോ?
വീട്ടിൽ നിന്ന് എപ്പോഴും കേൾക്കുന്ന കാര്യം. അമ്മയ്ക്ക് ഇപ്പോഴും സങ്കടമാണ് മെഡിക്കൽ പ്രൊഫഷൻ ചെയ്യുന്നില്ലെന്ന് . കുറച്ചുകാലം കഴിഞ്ഞ് ഒന്നുകൂടെയൊന്നും തയ്യാറെടുത്ത് ഡോക്ടറാവുമെന്ന് അമ്മയ്ക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്. എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒ ഫ് മെഡിക്കൽ സയൻസിലാണ് എം .ബി .ബി.എസ് ചെയ്തത്.