തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി. കർത്തയെ ചോദ്യം ചെയ്തതിനു പിന്നാലെ പരാതിക്കാരായ കോഴിക്കോട് സ്വദേശി ധർമ്മരാജൻ, ഡ്രൈവർ ഷംജീർ എന്നിവരെ വീണ്ടും തൃശൂർ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തു. നേരത്തെ ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. അതിനിടെ ബി.ജെ.പി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം. ഗണേശനോട് അടുത്ത ദിവസം ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ബി.ജെ.പി മേഖലാ ജനറൽ സെക്രട്ടറി കാശിനാഥൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഹരി, ട്രഷറർ സുജയ് സേനൻ എന്നിവരെ ചോദ്യം ചെയ്തിരുന്നു.
ഇടപാടുകാർക്ക് തൃശൂരിൽ താമസമൊരുക്കിയത് ബി.ജെ.പി നേതാക്കളാണെന്ന് വ്യക്തമായിട്ടുണ്ട്. പരാതിക്കാരൻ ഷംജീറിന് ഹോട്ടലിൽ മുറി എടുത്ത് നൽകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പണം എത്തിച്ച ഷംജീറിന് തൃശൂർ എം.ജി റോഡിലെ ഹോട്ടലിലാണ് മുറി എടുത്ത് നൽകിയത്. ബി.ജെ.പി ഓഫീസിൽ നിന്ന് വിളിച്ചാണ് മുറി ബുക്ക് ചെയ്തതെന്നും പറയുന്നു. കവർച്ച ചെയ്യപ്പെട്ട പണം ആർക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ ബി.ജെ.പി നേതാക്കളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
ഇന്നലെ ഒരു പ്രതിയുടെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെത്തി. ആറാം പ്രതി മാർട്ടിന്റെ വെള്ളാങ്കല്ലൂരിലെ വീട്ടിൽ മെറ്റൽക്കൂനയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം ലഭിച്ചത്. മാർട്ടിൻ കവർച്ചയ്ക്ക് ശേഷം കാറും സ്വർണവും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തി. കവർച്ചനടന്ന ശേഷം മൂന്ന് ലക്ഷം രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും വാങ്ങിയതായും തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിയെടുത്ത തുകയിൽ നിന്ന് നാല് ലക്ഷം രൂപ ബാങ്കിൽ നിന്നെടുത്ത ലോൺ അടച്ചു തീർത്തതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വിവിധ പ്രതികളുടെ വീടുകളിൽ നിന്നും മറ്റുമായി ഇതിനോടകം 1.15 കോടി രൂപ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ബി.ജെ.പി നേതാക്കളുടെ പേര് ഉയർന്നു വരുന്നതിൽ ആർ. എസ്. എസ് നേതൃത്വം കടുത്ത അർമഷത്തിലാണ്. തിരഞ്ഞെടുപ്പിൽ ഉണ്ടായ മാനക്കേട് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം.