മലയാള സിനിമയിലെ അനശ്വര നടൻ സത്യൻ വിടപറഞ്ഞിട്ട് ജൂൺ 15 ന് അമ്പത് വർഷമാകുന്നു. അരനൂറ്റാണ്ട് പിന്നിടുമ്പോഴും അതുല്യനായ ഈ നടന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണെന്ന കാര്യത്തിൽ ആർക്കം തർക്കം ഉണ്ടാവുകയില്ല.സത്യന്റെ മക്കളായ സതീഷും ജീവനും സംസാരിച്ചപ്പോൾ
'ഐ ആം ആൾ റൈറ്റ് ...എനിക്കൊന്നുമില്ല..."
ചെന്നൈ ജഗദീശ് ഹോസ്പിറ്റലിൽ വച്ച് പപ്പ അവസാനമായി എന്നോടും മമ്മിയോടും പറഞ്ഞവാക്കുകൾ ഇതായിരുന്നു.
അടുത്തദിവസം പപ്പ മരിച്ചു.-സതീഷ് സത്യൻ സംസാരിക്കുകയായിരുന്നു.
മലയാള സിനിമയിലെ അനശ്വര നടൻ സത്യൻ വിടപറഞ്ഞിട്ട് ജൂൺ 15 ന് അമ്പത് വർഷമാകുന്നു.അരനൂറ്റാണ്ട് പിന്നിടുമ്പോഴും അതുല്യനായ ഈ നടന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണെന്ന കാര്യത്തിൽ ആർക്കം തർക്കം ഉണ്ടാവുകയില്ല.സത്യന്റെ മക്കളായ സതീഷിനോടും ജീവനോടും ഈ വേളയിൽ വിശദമായി സംസാരിച്ചു. സതീഷ് സത്യനുമായും ജീവൻ സത്യനുമായും സംസാരിച്ചപ്പോൾ ആദ്യം ചോദിച്ചത് അവരുടെ കുടുംബത്തെക്കുറിച്ചായിരുന്നു. സത്യൻ -ജെസ്സി ദമ്പതികൾക്ക് മൂന്ന് മക്കളാണ്.അതിൽ മൂത്ത മകൻ പ്രകാശ്സത്യൻ 2014 ൽ മരണമടഞ്ഞു.ബാലസാഹിത്യകാരനും ഗായകനുമായിരുന്നു. 'വിടരാൻ വൈകിയ പ്രഭാത"മടക്കം പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ആകാശവാണിയിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.അവിവാഹിതനായിരുന്നു.
രണ്ടാമത്തെ മകനാണ് സതീഷ് സത്യൻ. സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥനായിരുന്ന സതീഷ് പപ്പയുടെ മരണശേഷം ജോലി രാജിവച്ച് സിനിമയിൽ അഭിനയിച്ചു. കാഴ്ചയുടെ പ്രശ്നം കാരണം നാലു സിനിമകൾക്കുശേഷം പിൻമാറുകയായിരുന്നു. തുടർന്ന് ഗായകൻ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയുടെ ജനറൽ മാനേജരായി വിരമിച്ചു.
ഏറ്റവും ഇളയ മകൻ ജീവൻ സത്യൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് വിരമിച്ചു.തിരുവനന്തപുരം ഗവ.കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിംഗ് പാസ്സായ ജീവൻ അമച്വർ നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്.ഭാര്യ ലതാ ജീവൻ. മകൾ ഡോ.ആശാ ജീവൻ സത്യൻ നന്നായി പാടും. സത്യന്റെ പിൻതലമുറയിൽ കലാദീപം ഉയർത്തിപ്പിടിച്ചത് ആശയാണ്.സത്യന്റെ ഭാര്യ ജെസ്സി സത്യൻ 1987 ൽ മരണമടഞ്ഞു.സതീഷ് സത്യനും ജീവൻസത്യനും തിരുവനന്തപുരം നഗരത്തിൽത്തന്നെയാണ് താമസം.
' പപ്പ ഞങ്ങളുടെ കാര്യമൊക്കെ സുരക്ഷിതമാക്കിയിരുന്നു.വീടും സ്ഥലങ്ങളുമൊക്കെയുണ്ടായിരുന്നു. ഗോൾഡ്സ്പോട്ട് എന്ന പാനീയത്തിന്റെ ബോട്ട് ലിംഗ് പ്ളാന്റ് തുടങ്ങാൻ ആലുവയിൽ സ്ഥലം വാങ്ങിയിരുന്നു.നിർമ്മാണത്തിനായി മെഷിണറി ഓർഡർ ചെയ്യാൻ തുടങ്ങുമ്പോഴാണ് ആരോഗ്യകരമായ കാരണങ്ങളാൽ അത് വേണ്ടെന്ന് വയ്ക്കാൻ പപ്പയോട് ഡോക്ടർമാർ ഉപദേശിച്ചത്." സതീഷ് പറഞ്ഞു.
അമ്പത്തിയൊമ്പതാമത്തെ വയസ്സിലാണ് സത്യന്റെ അന്ത്യം. രക്താർബ്ബുദമായിരുന്നു.അസുഖം വന്ന് ഒരു വർഷവും നാലുമാസവും സത്യൻ ജീവിച്ചിരുന്നു. സാധാരണ ഇത്തരം രോഗം വന്നാൽ ആറു മാസത്തിൽ കൂടുതൽ രോഗികൾ ജീവിച്ചിരിക്കാറില്ലെന്നാണ് അന്ന് ഡോക്ടർമാർ വിവക്ഷിച്ചിരുന്നത്. പ്രശസ്ത ഡോക്ടർമാരായ കെ.എൻ.പൈ, ജഗദീശ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഓങ്കോളജി വിദഗ്ധൻ ഡോ.പഥംസിംഗ് എന്നിവരാണ് സത്യനെ ചികിത്സിച്ചത്.
ഷൂട്ടിംഗ് കഴിഞ്ഞ് വന്നാൽ സത്യൻ കുളിയൊക്കെക്കഴിഞ്ഞ് ചെന്നൈയിലെ ഫ്ളാറ്റിൽ മെഴുകുതിരിയൊക്കെ കത്തിച്ച് പ്രാർത്ഥിക്കും.എല്ലാ കാര്യങ്ങളും നോക്കാൻ കപിലൻ എന്നൊരു സഹായിയുണ്ട്. പാലക്കാട്ടുകാരനാണ്. രാത്രി ഭക്ഷണം കഴിഞ്ഞാൽ മുറിയിൽ കയറും .അന്ന് കത്തുകളുടെ കാലമായിരുന്നു.ഒരുപാട് കത്തുകൾ വരും .കട്ടിലിൽ ചാരിയിരുന്ന് അവയോരോന്നായി നോക്കും.മറുപടി എഴുതേണ്ടത് മാറ്റിവയ്ക്കും.അല്ലാത്തവ വേസ്റ്റ് ബാസ്ക്കറ്റിലിടും. ഒരാഴ്ചയ്ക്കുള്ളിൽ സ്വന്തം കൈപ്പടയിൽത്തന്നെ ആരാധകർക്ക് മറുപടി ലഭിച്ചിരിക്കും.രാത്രിയായപ്പോൾ വയറു വേദന വന്നു.ബാത്ത്റൂമിൽ പലതവണ പോയി. മോഷനിൽ രക്തത്തിന്റെ അംശം ഉണ്ടായിരുന്നു.ഒടുവിൽ സത്യൻ കട്ടിലിലേക്ക് ബോധംകെട്ട് വീണു.
രാവിലെ ആറുമണിക്കുതന്നെയെഴുന്നേറ്റ് ചായകുടിക്കുന്ന പതിവ് സത്യനുണ്ട്.കപിലൻ അതനുസരിച്ച് ചായയൊക്കെ തയ്യാറാക്കി കാത്തിരുന്നിട്ടും സത്യൻ എണീറ്റുവന്നില്ല. മുറിയിൽ കട്ടിലിന്റെയരികിൽ ഒരു ബെൽ വച്ചിട്ടുണ്ട്.വിളിക്കാത്തതുകൊണ്ട് പോയി നോക്കിയതുമില്ല. ഏഴു മണികഴിഞ്ഞപ്പോൾ സത്യന്റെ സുഹൃത്തായ ഒരു ഡോക്ടർ രത്നചന്ദ്രൻ വന്നു. നേരം വെളുത്തപ്പോൾ ബോധം തെളിയുകയും ഡോക്ടറെ വിളിക്കുകയുമായിരുന്നു.ഡോക്ടർ കാണുമ്പോൾ സത്യൻ വല്ലാതെ ക്ഷീണിച്ചിരുന്നു.അദ്ദേഹം ഒരു ഇൻജക്ഷൻ നൽകി.ഈ ഇൻജക്ഷൻ പിന്നീട് പഴുത്തു.സത്യന് സുഖമില്ലെന്നറിഞ്ഞ് സഹോദരനും സംവിധായകനുമായ എം.എം.നേശനും നിർമ്മാതാവായ മഞ്ഞിലാസ് എം.ഒ.ജോസഫും അവിടെയെത്തി.ആശുപത്രിയിൽ പോകാമെന്നു പറഞ്ഞെങ്കിലും സത്യൻ സമ്മതിക്കാതെ നിന്നു.ഒടുവിൽ നിർബന്ധത്തിന് മുന്നിൽ വഴങ്ങി.അങ്ങനെ ജഗദീശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്യിലെ ഇഞ്ചക്ഷൻ എടുത്ത ഭാഗം പഴുത്തപ്പോൾ രക്തം പരിശോധിച്ചു.അപ്പോഴാണ് ഡോക്ടർ ജഗദീശ് മൾട്ടിപ്പിൾ മൈലോമ ഡിറ്റക്ട് ചെയ്യുന്നത്.ഉടൻതന്നെ തിരുവനന്തപുരത്തുനിന്ന് ഡോ.കെ.എൻ.പൈയെ വിളിച്ചുവരുത്തി.വെല്ലൂരിൽ നിന്ന് ഡോ.പഥംസിംഗും വന്നു. പപ്പ ആശുപത്രിയിലാകുന്നത് രണ്ടാംതവണയാണ്.ഒരു പനിപോലും വന്ന് കണ്ടിട്ടില്ല.മുമ്പ് ചെമ്മീന്റെ ഷൂട്ടിംഗ് കഴിഞ്ഞ് കാർ ഓടിച്ച് വരുമ്പോൾ തിരുവനന്തപുരത്ത് മംഗലപുരത്തുവച്ച് അപകടം നേരിട്ടു.ഉറങ്ങിപ്പോയതിനാൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു.അന്ന് ഒരു മാസത്തോളം വീട്ടിൽക്കഴിയുകയുണ്ടായി. അല്ലാതെ പിന്നീട് ആശുപത്രിയിലായി കാണുന്നത് കാൻസർ വന്നപ്പോഴായിരുന്നു.സതീഷ് പറഞ്ഞു.
രോഗബാധിതനായി ഇരിക്കുമ്പോൾ അതൊന്നും തെല്ലും വകവയ്ക്കാതെ സിനിമയിൽ അഭിനയിച്ചിരുന്നു. ഷൂട്ടിംഗിനിടയിൽ സത്യന്റെ മൂക്കിൽനിന്നും രക്തം വരുന്നത് കണ്ടിട്ടുണ്ടെന്ന് നടി ഷീല പറഞ്ഞിട്ടുണ്ടെന്ന് സതീഷ് ഓർമ്മിക്കുന്നു. അവസാനം അഭിനയിച്ചത് കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത് കെ.എസ്.ആർ.മൂർത്തി നിർമ്മിച്ച ഇൻക്വിലാബ് സിന്ദാബാദിലായിരുന്നു. ജയിൽവാസം കഴിഞ്ഞ് വരുമ്പോൾ സുഹൃത്തായ മധുവിനെ കെട്ടിപ്പിടിക്കുകയും എടുത്തുപൊക്കുകയും ചെയ്യുന്നതാണ് സീൻ.സത്യൻ തിരക്കഥ കൃത്യമായി വായിക്കും. ഷൂട്ടിംഗ് തുടങ്ങിയപ്പോൾ സേതുമാധവൻ പറഞ്ഞു കെട്ടിപ്പിടിച്ചാൽ മതിയെന്ന്.സത്യന്റെ രോഗവിവരം അറിയാവുന്നതിനാലായിരുന്നു ഇത്. എന്നാൽ തിരക്കഥയിൽ അങ്ങനെ അല്ലല്ലോയെന്നായിരുന്നു സത്യന്റെ കമന്റ്. സത്യൻ കൃത്യമായി മധുവിനെ എടുത്തു പൊക്കി.ഒരു തവണയല്ല ഏഴുതവണ.അന്ന് ഷൂട്ടിംഗ് കഴിഞ്ഞ് ആറു മണിയോടെ ഫ്ളാറ്റിൽ എത്തി. കുളി കഴിഞ്ഞു. സുഹൃത്തായ പത്രപ്രവർത്തകൻ ഫ്രാൻസിസ് കാണാൻ വന്നിരുന്നു.അദ്ദേഹവുമായി സംസാരിച്ചിരുന്നു ഭക്ഷണം കഴിഞ്ഞപ്പോൾ ഫ്രാൻസിസ് പോകാനെഴുന്നേറ്റു. താൻ കൊണ്ടുവിടാമെന്നായി സത്യൻ. കാർ ഓടിച്ച് ഫ്രാൻസിസിനെ കൊണ്ടാക്കി.ഫ്രാൻസിസിന്റെ വീട്ടിലേക്ക് പോകുന്നവഴിക്കാണ് ജഗദീശ് ഹോസ്പിറ്റൽ .അടുത്ത ദിവസം ചെക്കപ്പുണ്ട്. തിരികെ വരുമ്പോൾ ജഗദീശ് ഹോസ്പിറ്റലിനു മുന്നിലെത്തിയപ്പോൾ സത്യൻ ഡോക്ടർമാരുണ്ടെങ്കിൽ ഒന്നു കണ്ടേക്കാമെന്നു കരുതി അവിടെക്കയറി. ഡോക്ടർമാരായ ജഗദീശനും വിശ്വേശ്വരനും മുറിയിൽ സംസാരിച്ചിരിക്കുകയായിരുന്നു. സത്യനെ അവർ സ്വീകരിച്ചു. അടുത്ത ദിവസം രാവിലെ ഷൂട്ടിംഗ് ഉണ്ട്.വൈകുന്നേരം വരാം. ചെക്കപ്പ് നടത്തി ഉടൻ വിട്ടേക്കണമെന്ന് സത്യൻ ആവശ്യപ്പെട്ടു.സത്യൻ തിരികെ ഇറങ്ങുമ്പോൾ ഡോ.വിശ്വേശ്വരൻ കാറിനരികെ വരെ അനുഗമിച്ചു. ഷേക്ക് ഹാൻഡ് നൽകിയപ്പോൾ ഡോക്ടർക്ക് നല്ല ചൂട് അനുഭവപ്പെട്ടു. നല്ല ടെംപറേച്ചർ ഉണ്ടല്ലോ...സത്യൻ ഇന്നിനി രാത്രി ഫ്ളാറ്റിൽപ്പോയി കിടക്കേണ്ട ആശുപത്രിയിൽ കിടക്കാമെന്ന് ഡോക്ടർ അഭ്യർത്ഥിച്ചു.രാവിലെ അഞ്ചു മണിക്കു തന്നെ വിടാമെന്ന കണ്ടീഷനിൽ സത്യൻ വഴങ്ങി. ആശുപത്രിയുടെ ഒന്നാം നിലയിലേക്ക് രണ്ടു പടി വീതം ചാടിക്കയറിയാണ് പോയതെന്ന് അന്നത്തെ ഹെഡ് നഴ്സ് പറഞ്ഞതായി സതീഷ് സത്യൻ ഓർമ്മിക്കുന്നു.പക്ഷേ സത്യന്റെ രോഗനില വഷളായി. അടുത്ത ദിവസം തിരുവനന്തപുരത്തു നിന്ന് ഡോക്ടർ പൈയും വെല്ലൂരിൽ നിന്ന് ഡോക്ടർ പഥംസിംഗും വന്നു. ചെയ്യാവുന്ന ചികിത്സയെല്ലാം നൽകി. തിരുവനന്തപുരത്തുനിന്ന് പപ്പയുടെ അടുത്ത സുഹൃത്തും എഴുത്തുകാരനുമായ ജി.വിവേകാനന്ദനുമെത്തി. ഡോ.പൈ വിളിച്ചു പറഞ്ഞതനുസരിച്ച് ഞാനും മമ്മിയും ചെന്നൈയിലെത്തി. ആശുപത്രിയിൽ പോയി പപ്പയെക്കണ്ടു.അപ്പോൾ എന്താ വന്നതെന്നു ചോദിച്ചു. പരീക്ഷ കഴിഞ്ഞതിനാൽ വന്നതാണെന്നു പറഞ്ഞു.പ്രകാശിനും ജീവനും പബ്ളിക് എക്സാം നടക്കുകയായിരുന്നു. ഫ്ളാറ്റിലേക്ക് പോയിക്കൊള്ളാൻ പപ്പ പറഞ്ഞു. 'ഐ ആം ആൾ റൈറ്റ്. എനിക്കൊരു കുഴപ്പവുമില്ല"... എന്നു പറഞ്ഞു. അതായിരുന്നു അവസാന വാക്ക്. പപ്പയുടെ ബ്ളഡ് ബി പോസിറ്റീവായിരുന്നു. എന്റേതും അതു തന്നെയായിരുന്നു. ഞാനും രക്തം നൽകി. അടുത്ത ദിവസം പപ്പ മരിച്ചു.
'വളരെ സ്നേഹസമ്പന്നനായിരുന്നു.അടിക്കില്ലായിരുന്നു.തുറന്നു സംസാരിക്കും. സമയം കൃത്യനിഷ്ഠ എന്നിവയിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ഉപദേശിക്കും.ഒരിക്കൽ വീട്ടിൽപ്പറയാതെ സൈക്കിൾ എടുത്തു കറങ്ങിയതിന് എന്നെ ശാസിച്ചിട്ടുണ്ട്.അല്ലാതെ വഴക്കു പറഞ്ഞതായി ഓർമ്മയിലില്ല. ഷൂട്ടില്ലെങ്കിൽ മിക്കപ്പോഴും വീട്ടിൽ വരും. "-ജീവൻ പറഞ്ഞു.
സത്യന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് രണ്ട് വർഷം കൊണ്ട് നിറുത്തി
സത്യന്റെ മരണത്തെത്തുടർന്ന് 1972 ലും 73 ലും മികച്ച നടനുള്ള സംസ്ഥാന അവാർഡ് സത്യന്റെ പേരിൽ സർക്കാർ നൽകി.മികച്ച നടിക്കുള്ള അവാർഡ് മിസ് കുമാരിയുടെ പേരിലുമായിരുന്നു. എന്നാൽ പിന്നീട് അത് മാറി. സത്യനേക്കാൾ വലിയൊരു നടൻ ഭാവിയിൽ വന്നാൽ അദ്ദേഹം ഈ അവാർഡ് സ്വീകരിക്കുമോയെന്ന മുടന്തൻ വാദം ചിലർ ഉയർത്തിയതാണ് മാറ്റാൻ കാരണമായത്. എന്നാൽ അമ്പതു വർഷം പിന്നിടുമ്പോഴും സത്യന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു. നടൻമാർ പലരും വരികയും പോവുകയും ചെയ്തു. പക്ഷേ സത്യൻ ഇന്നും ചർച്ചചെയ്യപ്പെടുന്നു. അവാർഡിന് വീണ്ടും സത്യന്റെ പേര് നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് ആരാധകരുടെ വാദം. ഇക്കഴിഞ്ഞ പിണറായി സർക്കാർ ചലച്ചിത്ര അക്കാഡമിയുടെ കിൻഫ്രാപാർക്കിലെ ആസ്ഥാനത്തുള്ള ഫിലിം ആർക്കൈവ്സിന് സത്യൻ സ്മാരക ഫിലിം ആർക്കൈവ്സ് എന്ന പേര് നൽകി.സത്യനെപ്പോലൊരു നടന് പദ്മാ ബഹുമതികളും ലഭിച്ചില്ല.
സത്യന് പിൻഗാമിയായെത്തിയ മകൻ സതീഷ്
സത്യന്റെ മരണശേഷമാണ് മകൻ സതീഷ് സത്യൻ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. സത്യന് ഏറെ അടപ്പമുണ്ടായിരുന്ന മഞ്ഞിലാസിന്റെ ബാനറിലായിരുന്നു അരങ്ങേറ്റം. മക്കൾ എന്ന ചിത്രം സംവിധാനം നിർവഹിച്ചത് കെ.എസ്.സേതുമാധവനായിരുന്നു. നായകവേഷമായിരുന്നു സതീഷിന് .നായിക ജയഭാരതിയും .പി.എൻ.മേനോൻ സംവിധാനം ചെയ്ത ടാക്സി ഡ്രൈവർ ആയിരുന്നു രണ്ടാമത്തെ ചിത്രം. ശാരദയും വിധുബാലയുമൊപ്പം ഹീറോ വേഷം തന്നെയായിരുന്നു. തുടർന്ന് മധു സാറിന്റെ ശുദ്ധികലശത്തിൽ വില്ലനായി അഭിനയിച്ചു. യക്ഷിക്കാവ് എന്നൊരു ചിത്രത്തിൽ കൂടി അഭിനയിച്ചു. ചിത്രങ്ങളെല്ലാം വിജയമായിരുന്നു. പക്ഷേ സതീശിന് കാഴ്ചയുടെ പ്രശ്നമുണ്ടായിരുന്നു.ഷൂട്ടിംഗിന് ലൈറ്റടിക്കുമ്പോൾ അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കി. സിനിമയിൽ അഭിനയിക്കുന്നതിനെ ഡോക്ടർമാരും നിരുത്സാഹപ്പെടുത്തി.അങ്ങനെയാണ് അഭിനയത്തിൽ നിന്ന് പൂർണ്ണമായും പിൻമാറിയത്.
മധുവും പ്രേനസീറുമായി
ഉറ്റ സൗഹൃദം
മധുസാർ പപ്പയെ ജ്യേഷ്ഠനായിട്ടാണ് കണ്ടത്.ഒരിക്കൽ കാർ അപകടത്തിൽ പരിക്കേറ്റ് പപ്പ വീട്ടിൽ വിശ്രമിക്കുമ്പോൾ പ്രേം നസീർ വന്നു.അപകടം നടന്ന വിവരമറിഞ്ഞ് അടുത്ത ദിവസം രാവിലെ മദ്രാസിൽ നിന്നും വരികയായിരുന്നു.ഒന്നൊന്നര മണിക്കൂർ സംസാരിച്ചിരുന്നശേഷമാണ് പോയത്. ഒരിക്കൽ എയർപോർട്ടിൽ വച്ചു കണ്ടപ്പോൾ മലയാളത്തിന്റെ വലിയ നടനാണെന്നു പറഞ്ഞാണ് പപ്പ നസീർ സാറിനെ പരിചയപ്പെടുത്തിയത്.ഏയ് അങ്ങനെയൊന്നുമില്ലെന്ന് വളരെ വിനയത്തോടെയായിരുന്നു നസീറിന്റെ മറുപടി.സത്യൻ ഫൗണ്ടേഷന്റെ ചീഫ് പേട്രൺ മധു സാറാണ്. പപ്പയുടെ എന്തു കാര്യത്തിനു വിളിച്ചാലും മധുസാർ വരും. ശാരദാമ്മയും ഷീലാമ്മയും വലിയ കാര്യമാണ്. ഇടയ്ക്കൊക്കെ വിളിക്കും.സതീഷും ജീവനും പറയുന്നു.