കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങൾ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയെന്ന് കളക്ടർ എസ്. അസ്‌കർ അലി. ദ്വീപിൽ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചു. കുറ്റകൃത്യങ്ങൾ തടയാനാണ് ഗൂണ്ടാ നിയമം നടപ്പാക്കിയത്. സ്ഥാപിത താൽപര്യക്കാർ കുപ്രചാരണം നടത്തുന്നുവെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കളക്‌ടർ വ്യക്തമാക്കി.
മദ്യവിൽപന ലൈസൻസ് വിനോദസഞ്ചാര മേഖലയ്ക്കുവേണ്ടി മാത്രമാണ്. ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം.. മികച്ച ആരോഗ്യസംവിധാനങ്ങൾ ലക്ഷദ്വീപിൽ ഉറപ്പാക്കും. ആരോഗ്യമേഖലയിൽ സ്വയംപര്യാപ്തമാകും. അഗത്തിയിലും കവരത്തിയിലും മിനിക്കോയിയിലും പുതിയ ആശുപത്രികൾ നിർമിക്കും. അഗത്തി വിമാനത്താവളം നവീകരിക്കും. കടൽഭിത്തി നിർമാണക്കരാർ ഒരുമാസത്തിനകം ഉണ്ടാകും. മികച്ച നിലവാരമുള്ള ഇന്റർനെറ്റ് ഉറപ്പാക്കാനുള്ള പദ്ധതി പൂർത്തിയാക്കുമെന്നും അസ്‌കർ അലി പറഞ്ഞു.
അതേസമയം,കൊച്ചിയിൽ എത്തിയ ലക്ഷദ്വീപ് കളക്ടർക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, സിപിഐ പ്രവർത്തകർ രംഗത്തെത്തി. കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.