മലപ്പുറം: ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കളക്‌ടർ നേരിയ ഇളവ് വരുത്തിയതോടെ ജില്ലയിൽ നിയമം ലംഘിച്ച് ഒത്തുകൂടുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. കരുവാരകുണ്ടിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മുപ്പതോളം പേരാണ് ബിരിയാണിയുണ്ടാക്കാൻ ഒത്തുകൂടിയത്.
കരുവാരകുണ്ട് ഇരിങ്ങാട്ടിരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഒത്തുകൂടിയവർ പൊലീസ് അതുവഴി എത്തിയത് കണ്ട് പലവഴി ഓടി രക്ഷപ്പെട്ടു. ഇവർ ബിരിയാണിയുണ്ടാക്കാൻ എത്തിച്ച പാത്രങ്ങളും സ്ഥലത്തെത്തുന്നതിന് ഉപയോഗിച്ച വാഹനങ്ങളും കരുവാരകുണ്ട് പൊലീസ് പിടിച്ചെടുത്തു.
ഈയാഴ്‌ച മുൻപും ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് അൽഫഹം ഉണ്ടാക്കാൻ മലപ്പുറം ജില്ലയിൽ മഞ്ചേരി നെല്ലിക്കുത്തിൽ യുവാക്കൾ ശ്രമിച്ചിരുന്നു. പൊലീസെത്തിയപ്പോഴേക്കും ഇവർ അൽഫഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിക്കുന്ന ജില്ലകളിൽ ഇപ്പോഴും ഒന്നാമത് മലപ്പുറമാണ്. കഴിഞ്ഞ ദിവസം 4751 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് പത്ത് ദിവസമായിട്ടും രോഗബാധ കുറയുന്നില്ല എന്നാണ് സൂചന.
പത്തിലേറെ അംഗങ്ങളുളള വീടിൽ രോഗം സ്ഥിരീകരിക്കുന്നവർ ഡിസിസിയിലോ സിഎഫ്‌എൽടിസികളിലോ കഴിയണമെന്നാണ് പുതിയ നിർദ്ദേശം. ജില്ലയിൽ വളം, കീടനാശിനി, റെയിൻഗാർഡ് വിൽപന, വളർത്തുമൃഗങ്ങൾക്കുളള തീറ്റ എന്നിവയുടെ വിൽപന ഉച്ചയ്‌ക്ക് രണ്ട് വരെ അനുവദിക്കുമെന്ന് ജില്ലാ അധികൃതർ അറിയിച്ചിരുന്നു.