പൊതുസമൂഹത്തിലെ വ്യതിരിക്തങ്ങളും അതേസമയം സമാനതകളില്ലാത്തവയുമായ ഒട്ടനവധി കഥാപാത്രങ്ങളെ അതുല്യ നടൻ സത്യൻ വെള്ളിത്തിരയിലവതരിപ്പിച്ചിട്ടുണ്ട്. ഓരോ വേഷവും ആവശ്യപ്പെടുന്ന ഭാവഹാവാദികളും സംഭാഷണവതരണവും ആ മുഖത്ത് പ്രകാശിതമാകുന്നത് ആസ്വാദ്യമായ ദൃശ്യമാണ്.
തിരശ്ശീലയിൽ അദ്ദേഹം ഏറ്റവുമധികം തവണ പ്രത്യക്ഷപ്പെട്ടത് ഡോക്ടറുടെ വേഷത്തിലാണ് - പതിനേഴു ചിത്രങ്ങൾ. ജഡ്ജിയായും വക്കീലായും ഒൻപതു ചിത്രങ്ങളിൽ വേഷം ചെയ്തു. ആറു ചിത്രങ്ങളിൽ അദ്ദേഹം അദ്ധ്യാപകവൃത്തി സ്വീകരിച്ചു. പൊലീസ് ഡിപ്പാർട്ട്മെന്റിലെ വിവിധ തസ്തികകളിലായി ഏഴു കഥാപാത്രങ്ങളെ സിനിമയ്ക്കു നൽകിയിട്ടുണ്ട്. കർഷകനോ തൊഴിലാളിയോ ആയി ഏഴു ചിത്രങ്ങളിൽ വേഷം കെട്ടി. എൻജിനിയറായും പട്ടാളക്കാരനായും വെട്ടിത്തിളങ്ങിയത് നാലുവീതം ചിത്രങ്ങളിൽ. മൂന്നു ചിത്രങ്ങളിൽ അദ്ദേഹം ഓഫീസ് ക്ളർക്കായിരുന്നു.ചലച്ചിത്രവേദിയിൽ പദമൂന്നും മുമ്പ് വ്യത്യസ്തങ്ങളായ ജീവിതവൃത്തികളിലേർപ്പെട്ടവർ ഇന്ത്യൻ സിനിമയിൽത്തന്നെ, സത്യനെപ്പോലെ മറ്റധികമാളുകളുണ്ടാവില്ല. അദ്ധ്യാപകൻ, ക്ളാർക്ക് (സെക്രട്ടേറിയറ്റിലും സ്റ്റേറ്റ് ആർക്കൈവ്സിലും) സൈനികൻ, പൊലീസ് ഇൻസ്പെക്ടർ, നാടക നടൻ എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര പൂർവവേഷങ്ങൾ.
ചലച്ചിത്ര പ്രേക്ഷകരുടെ മനസുകളിൽ സത്യനു ചിരപ്രതിഷ്ഠ നേടിക്കൊടുത്ത പ്രഥമ ചിത്രമായിരുന്നു, നീലക്കുയിലിലെ ശ്രീധരൻ മാസ്റ്റർ. ഒരധസ്ഥിത യുവതിയുമായി, സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽപ്പെട്ട് അതിരുവിട്ട ബന്ധത്തിലേർപ്പെട്ടതും, പ്രസവത്തെത്തുടർന്നുള്ള അവളുടെ ദയനീയാന്ത്യത്തിനു സാക്ഷിയാകേണ്ടി വന്നതും, സ്വപുത്രന്റെ പിതൃത്വം ഏറ്റെടുക്കാൻ പറ്റാത്ത ധർമ്മസങ്കടവുമൊക്കെ അത്യന്തം ഹൃദയസ്പൃക്കായാണ് അദ്ദേഹം വരച്ചുകാട്ടിയത്. തുടർന്നു വന്ന 'സ്നേഹസീമ"യിലും താൻ സ്വജീവിതത്തിൽ കൈയാളിയ രണ്ടു വേഷങ്ങൾ ഒന്നിനു പിറകെ ഒന്നായി അവതരിപ്പിക്കേണ്ടിവന്നു, അദ്ദേഹത്തിന്. ജോണി എന്ന കുടുംബ സ്നേഹിയായ അദ്ധ്യാപകനായിരുന്നു, ചിത്രത്തിന്റെ പൂർവ ഭാഗങ്ങളിലദ്ദേഹം. പിന്നീട് പട്ടാളക്കാരനായി മാറുകയും വിമാനാപകടത്തിൽപ്പെട്ട് മരിച്ചുവെന്ന് നാട്ടിൽ വിവരം കിട്ടിയതിനെ തുടർന്ന് തന്റെ പ്രേയസി മറ്റൊരാളിന്റെ സ്വന്തമാകുന്നതും, ഇതൊന്നുമറിയാതെ, നാളുകളേറെക്കഴിഞ്ഞ് തിരിച്ചുവരുമ്പോൾ, തന്റെ മാത്രമായിരുന്ന ഓമന മറ്റൊരാളുടെ ജീവിതസഖിയായി മാറിയതുകണ്ട് ഞെട്ടിത്തരിച്ചതുമൊക്കെ ആ നടൻ ആദ്യന്തം ഹൃദയാവർജ്ജകമായാണവതരിപ്പിച്ചത്. സ്വന്തമായി നടത്തുന്ന ട്യൂട്ടോറിയൽ കോളേജിന്റെ പ്രിൻസിപ്പൽ കൂടിയായ പ്രൊഫ. ബെന്നിയുടെ ആഹ്ളാദവും സംതൃപ്തിയും നിറഞ്ഞ കുടുംബജീവിതത്തിലേക്ക് കാറും കോളും സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന ഒരു യുവസുന്ദരിയുടെ കൊടിയ വഞ്ചനയ്ക്കു ഹേതുവായ ജഡികമോഹസംഭവങ്ങൾക്കു കാരണക്കാരനാകേണ്ടിവന്ന ഹതഭാഗ്യനായാണ് ഏറെ കോളിളക്കം സൃഷ്ടിച്ച 'ഭാര്യ"യിൽ അദ്ദേഹം അഭിനയിച്ചത്. 'യക്ഷി"യിലെ പ്രൊഫ. ശ്രീനിയാവട്ടെ, വിവിധ വികാരങ്ങളിലും സ്തോഭപ്രകടനങ്ങളിലും പെട്ടുഴലുന്ന, കാണികളെ അത്ഭുതപരതന്ത്രരാക്കുന്ന, ഭാവാഭിനയത്തിന്റെ ഉന്നത തലങ്ങളിൽ വിഹരിക്കുന്ന കഥാപാത്രമാണ്.അദ്ദേഹമവസാനമഭിനയിച്ച 'ഇങ്ക്വിലാബ് സിന്ദാബാദി"ൽ പാർട്ടിയനുഭാവിയായ അദ്ധ്യാപകൻ വേണുഗോപാലായിരുന്നു. യഥാർത്ഥ ജീവിതത്തിൽ സ്റ്റേറ്റ് ആർക്കൈവ്സിലും ഗവൺമെന്റ് സെക്രട്ടേറിയറ്റിലും ക്ളാർക്കായിരുന്ന സത്യന്, ആ വൃത്തികൾ, വിശേഷിച്ച് സെക്രട്ടേറിയറ്റിലേത്, അശേഷം സംതൃപ്തി നൽകിയിരുന്നില്ല. ഒരാത്മഥക്കാക്കുറിപ്പിൽ, സെക്രട്ടേറിയറ്റിലെ നാളുകളെക്കുറിച്ച് അദ്ദേഹമെഴുതി: ''ജീവിതത്തിൽ ഇത്രയും വിരസവും അർത്ഥശൂന്യവും മരവിച്ചതുമായ ഒരു ജോലി ഞാൻ ചെയ്തിട്ടില്ല." ക്ലാർക്കിന്റെ കസേരയിൽ സത്യനിരുന്നത് മൂന്നു ചിത്രങ്ങൾക്കു വേണ്ടിയാണ് , കൽപ്പന, മൂന്നു പൂക്കൾ, വാഴ്വേ മായം. ഇവയിൽ 'വാഴ്വേമായ"ത്തിലെ സുധീന്ദ്രൻ അദ്ദേഹത്തിലെ അത്യുന്നത നടനെ വെള്ളിത്തിരയിൽ വെളിപ്പെടുത്തിയ മറ്റൊരു പ്രശസ്ത ചിത്രമായിരുന്നു.
'സ്നേഹസീമയ്ക്കു"ശേഷം അദ്ദേഹം പട്ടാളക്കാരന്റെ ഔദ്യോഗിക യൂണിഫോമണിഞ്ഞ ചിത്രങ്ങളാണ് 'അന്വേഷിച്ചു കണ്ടെത്തിയില്ല" (ക്യാപ്റ്റൻ തോമസ്), 'നിലയ്ക്കാത്ത ചലനങ്ങൾ", (ജോണി) 'കരിനിഴൽ" (കേണൽ കുമാർ) എന്നിവ. ക്യാപ്റ്റൻ തോമസിന്റേത് ഹ്രസ്വമെങ്കിലും കെട്ടുറപ്പുള്ള മികച്ച കഥാപാത്രമായിരുന്നു. ഉഗ്രൻ പ്രകടനം കാഴ്ചവച്ച കേണൽ കുമാറാവട്ടെ, മരണത്തിനു തൊട്ടുമുമ്പ് കൊട്ടകകളിലെത്തിയ അവസാന പടമായ 'കരിനിഴലി"ലെ അനശ്വര സൃഷ്ടിയായിരുന്നു. പൊലീസ് ഡിപ്പാർട്ട്മെന്റിലെ വിവിധ സമാന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥനായി ഏഴു ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 'അച്ഛനും മകനും" എന്ന ചിത്രത്തിൽ ഒരു സബ് ഇൻസ്പെക്ടറായി അഭിനയിച്ച അദ്ദേഹം കുറ്റാന്വേഷകന്റെ വൈഭവം തെളിയിച്ച ചിത്രങ്ങളായിരുന്നു കള്ളിപ്പെണ്ണ്, ചെകുത്താന്റെ കോട്ട, മിന്നുന്നതെല്ലാം പൊന്നല്ല, സി.ഐ.ഡി, ഇൻ ജംഗിൾ, ചട്ടമ്പിക്കവല എന്നിവ. ദൗർഭാഗ്യവശാൽ ഇവയൊന്നും അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ പെടുന്നില്ല. പക്ഷേ, 'ക്രോസ്ബെൽറ്റിലെ ആന്റികറപ്ഷൻ ഓഫീസർ രാജശേഖരൻനായർ അദ്ദേഹം സൂക്ഷ്മമായ ഭാവപ്രകടനങ്ങൾ പ്രകടമാക്കിയ നല്ലൊരു ചിത്രമായിരുന്നു.
'ഭാഗ്യജാതക"ത്തിലെ അദ്ദേഹത്തിന്റെ ഇരട്ട വേഷങ്ങളിലൊന്ന് നാടക നടൻ ചന്ദ്രൻപിള്ളയുടേതായിരുന്നു. കലാകാരനായ അപ്പുക്കുട്ടനായി എസ്.കെ. പൊറ്റക്കാടിന്റെ രചനയായ 'മൂടുപട"ത്തിലാണദ്ദേഹം പ്രത്യക്ഷപ്പെട്ടത്. സിനിമാ നടൻ സത്യനായിത്തന്നെ അദ്ദേഹം തിരശ്ശീലയിൽ വന്നിട്ടുണ്ട് - 'ചതുരംഗ"ത്തിലെ അതിഥിതാരമായി.