മിമിക്രി വേദികൾക്കു മുന്നിൽ കൈയും മെയ്യും മറന്നിരുന്നു ജനം കൈയ്യടിച്ച ഒരു കാലമുണ്ടായിരുന്നു, ചിരിയുടെ ഒരു കാലഘട്ടം!. അന്ന് കേരളത്തിലങ്ങോളമിങ്ങോളം ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിച്ച, മിമിക്രിട്രൂപ്പുകൾക്ക് തുടക്കം കുറിച്ച, ആദ്യ മിമിക്രി ട്രൂപ്പായ കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡ് താരങ്ങളെല്ലാവരും തന്നെ അക്കാലത്ത് സൂപ്പർതാരങ്ങളായിരുന്നു. കലാഭവൻ എന്നാൽ മിമിക്രിയുടെ കലാമണ്ഡലം ആയിരുന്ന സുവർണ്ണ കാലം. പൊട്ടിച്ചിരികളുടെ ആ കാലത്താണ് കലാഭവനിൽ നിന്ന് ഫാസിൽ എന്ന ഭാവ സംവിധായകന്റെ കൈ പിടിച്ച് സിദ്ധിഖും ലാലും സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്. ആദ്യം സിദ്ധിഖ് ലാൽ ആയും പിന്നീട് സിദ്ധിഖ് എന്ന സ്വതന്ത്ര സംവിധായകനായും മലയാള സിനിമയിൽ ചിരിയുടെ ഛായയിൽ തന്റെ കൈയൊപ്പു പതിപ്പിച്ച നാൾവഴികളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് പല പല ശബ്ദങ്ങളിലുള്ള അനുകരണങ്ങളിലൂടെ ഒരിക്കൽ മലയാളികളെ കുടുകുടെ ചിരിപ്പിച്ച കലാകാരൻ ആയിരുന്നെന്ന് തോന്നിപ്പിക്കാതെ, തികച്ചും പതിഞ്ഞ ശബ്ദത്തിൽ...
സിനിമ മോഹിച്ചാണോ കലാഭവനിലേക്ക് ചെല്ലുന്നത്?
ചെറുപ്പം മുതൽ സിനിമ ഉള്ളിലുണ്ട്. സിനിമയിൽ ആരെങ്കിലുമാകാനോ സിനിമയിൽ അഭിനയിക്കാനോ ഒന്നുമല്ല സിനിമ ഉള്ളിൽ കൊണ്ടു നടന്നത്. ഏറ്റവും വലിയ ഫാക്ടർ സിനിമ കാണുക എന്നതായിരുന്നു. സിനിമ കാണാൻ വേണ്ടിയാണ് ജീവിക്കുന്നത് എന്നതുപോലെയായിരുന്നു. ഞാൻ മാത്രമല്ല, പുല്ലേപ്പടിയിലുള്ള സുഹൃത്തുക്കളെല്ലാം സിനിമാപ്രാന്തന്മാരായിരുന്നു. സിനിമയിൽ എഴുന്നേൽക്കുന്നു, സിനിമ ഭക്ഷിക്കുന്നു, സിനിമയിൽ ഉറങ്ങുന്നു എന്നുപറയും വിധമുള്ള സിനിമാപ്രാന്ത്. കണ്ടമാനം സിനിമകൾ കണ്ടിരുന്നു. അന്ന് എറണാകുളത്തെ ശ്രീധർ തിയേറ്ററിൽ ആഴ്ചയിൽ രണ്ട് ഇംഗ്ലീഷ് സിനിമകൾ വരും. അത് നിർബന്ധമായും കാണും. പിന്നെ, തമിഴിലും മലയാളത്തിലും ഇറങ്ങുന്ന മുഴുവൻ സിനിമകളും. ഹിന്ദി സിനിമകൾ കാണുന്നത് കുറവായിരുന്നു. പിന്നീട് സിനിമയിൽ എത്തിപ്പെട്ടത് ആകസ്മികമായിട്ടാണ്. അതുപോലെ ആകസ്മികമായിട്ട് തന്നെയാണ് കലാഭവനിലെത്തിയതും. ഞാനും ലാലും ചെറുപ്പംമുതലേ കലാപരിപാടികൾ അവതരിപ്പിക്കുമായിരുന്നു. സ്റ്റേജിൽ പെർഫോം ചെയ്യാനുള്ള ഞങ്ങളുടെ ആഗ്രഹം കണ്ടിട്ടാണ് ലാലിന്റെ അപ്പച്ചൻ പോൾ മാസ്റ്റർ വഴി കലാഭവനിൽ എത്തുന്നത്. അദ്ദേഹം കലാഭവനിലെ തബല അദ്ധ്യാപകനായിരുന്നു. കലാഭവനിൽ എത്തുന്നത് സിനിമയിലേക്ക് എത്തണം എന്ന് ചിന്തിച്ചിട്ടേ അല്ല. അന്നൊന്നും കലാഭവനിൽ നിന്ന് ആരും സിനിമയിലേക്ക് വന്നിട്ടേയില്ല. അന്ന് ആബേലച്ചൻ പറയുമായിരുന്നു കലാഭവന്റെ പേരുള്ള ഒരു സിനിമാക്കാരൻ ഉണ്ടാവണം എന്ന്. നിങ്ങളൊക്കെ വലുതായിട്ട് വേണം അത് നേടാനെന്ന്. പിന്നീട് കലാഭവനിൽ നിന്ന് നിരവധി സിനിമാക്കാരുണ്ടായെന്നത് ചരിത്രം. പക്ഷേ, ഞങ്ങൾ ചേരുമ്പോൾ കലാഭവൻ സിനിമയിലേക്ക് വഴി തുറക്കുന്ന ഒരിടമല്ല. എന്തായാലും ഞങ്ങളവിടെ ചെന്ന ശേഷമാണ് മിമിക്സ് പരേഡ് തന്നെ ഉണ്ടാവുന്നത്. ഞാനാണ് ആ ട്രൂപ്പിന് മിമിക്സ് പരേഡ് എന്ന പേര് നിർദ്ദേശിച്ചത്. ഞാനും ലാലും ചേർന്ന് എഴുതുന്ന ആദ്യത്തെ സ്ക്രിപ്റ്റ് മിമിക്സ് പരേഡിന്റേതാണ്. ആ സമയത്ത് കലാഭവൻ അൻസാർ അടക്കമുള്ള മിമിക്സ് പരേഡിലെ അംഗങ്ങളോട് ഞങ്ങൾ സിനിമയ്ക്ക് പറ്റുന്ന കൊച്ചുകൊച്ച് തമാശക്കഥകൾ ഉണ്ടാക്കി പറയുമായിരുന്നു. അവരെല്ലാം കൊള്ളാം എന്നും പറയുമായിരുന്നു. അൻസാറിന്റെ ജേഷ്ട്ടൻ ഷറഫിക്കയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മമ്മൂക്ക. അൻസാറിന് ഫാസിൽ സാറിനേയും അറിയാം. അൻസാർ ഫാസിൽ സാറിന്റെ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. ഒരിക്കൽ ആലപ്പുഴ കാർമ്മൽഹാളിൽ ഞങ്ങളുടെ മിമിക്സ് പരേഡ് ഉണ്ടായിരുന്നു. അൻസാർ പരിപാടി കാണാൻ മമ്മൂക്കയെ ക്ഷണിച്ചു. മമ്മൂക്ക വിളിച്ചത് അനുസരിച്ച് ഫാസിൽ സാറും പരിപാടി കാണാനെത്തി. രണ്ടുപേരും പരിപാടി മുഴുവൻ കണ്ട് ഞങ്ങളെ ഗ്രീൻ റൂമിൽ വന്ന് അഭിനന്ദിച്ചു. ഞങ്ങളൊക്കെ ഹാപ്പി. അവിടെ വച്ചാണ് അൻസാർ ഫാസിൽസാറിനോട് പറയുന്നത് 'സിദ്ധിഖിന്റെയും ലാലിന്റെയും കയ്യിൽ സിനിമയ്ക്ക് പറ്റിയ കഥകളുണ്ട്, ഒന്ന് കേട്ടുനോക്കാമോ' എന്ന്. 'അതിനെന്താ ഒരു ദിവസം വന്ന് കണ്ടോളൂ" എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞാനും ലാലും ഫാസിൽ സാറിനെ പോയി കാണുന്നതും കഥകൾ പറയുന്നതും. അന്ന് പറഞ്ഞത് പപ്പൻപ്രിയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ് എന്നീ കഥകളാണ്. അദ്ദേഹം കഥകൾ കേട്ടു. 'എന്റെജോണറിലുള്ള കഥകളല്ല നിങ്ങൾ പറയുന്നത്, എന്നാലും നിങ്ങൾ സിനിമ പഠിച്ചാൽ നന്നാകും" എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ അദ്ദേഹം ഞങ്ങളെ കൂടെ നിർത്തി.സംവിധാന സഹായികളാക്കി. അങ്ങനെയാണ് ഞങ്ങൾ ശരിക്കും സിനിമയിലെത്തിയത്. ഇന്ന് ആലോചിക്കുമ്പോൾ അന്ന് നടന്ന ഓരോ സംഭവങ്ങളും ഞങ്ങൾ ഇവിടെ എത്താൻ വേണ്ടിയായിരുന്നു എന്ന തിരിച്ചറിവ് വന്നിട്ടുണ്ട്.
ആദ്യകാലത്തെ താങ്കളുടെ ഹിറ്റ് സിനിമകളുടെ ഒരു പാറ്റേണുണ്ട്. പകുതിവരെ കോമഡി, ശേഷം സെന്റിമെന്റ്സ് ഒടുവിൽ ശുഭാന്ത്യം. എന്നാൽ, ഇന്ന് കയ്യടിവാങ്ങുന്ന മറ്റു സംവിധായകരുടെ ചിത്രങ്ങൾക്ക് ഒരു ഇരുണ്ടവശമുണ്ട്. ഡാർക്ക് മൂവീസ് എന്ന്അറിയപ്പെടുന്ന,ക്രൈം ത്രില്ലറുകളോ വില്ലത്തരമുള്ള നായകനോ ആണ് ഇന്ന് സ്വീകാര്യമാകുന്നത്. ആ മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരുപാട് കാലം ഒരേ പാറ്റേണിലുള്ള സിനിമകൾ കാണുന്ന പ്രേക്ഷകന് പെട്ടെന്ന്അതിലൊരു മാറ്റം വരുന്ന ചിത്രങ്ങളോട് അടുപ്പം തോന്നുക സ്വാഭാവികമാണ്. പ്രത്യേകിച്ച് യുവതലമുറയ്ക്ക്. അത് സ്വീകരിക്കപ്പെടുമ്പോൾ അതുവരെയുള്ളതിനെ തള്ളിപ്പറയുക എന്ന സ്വഭാവം കൂടി കാണാറുണ്ട്. അതുപോലെ ഇപ്പോൾ സ്വീകരിക്കപ്പെടുന്ന ചിത്രങ്ങളും ഒരു ഘട്ടം കഴിയുമ്പോൾ തള്ളിപ്പറയപ്പെടും. അന്നത്തെ പുതിയ തലമുറ പുതിയ ഒരു രീതി കൊണ്ടു വരുമ്പോൾ നിലവിലുള്ളതൊക്കെ പഴഞ്ചനാണെന്ന് അവർ പറയും. അത് ഓരോ കാലഘട്ടത്തിലും സംഭവിക്കുന്നതാണ്. അത് മാറിക്കൊണ്ടേയിരിക്കും. പണ്ടൊക്കെ സദ്ഗുണ സമ്പന്നരായ നായകന്മാരോടായിരുന്നു ആളുകൾക്ക് ഇഷ്ടം. തെമ്മാടികളൊക്കെ എതിർവശത്തായിരുന്നു. കുറേക്കാലം അവരെ പലതരത്തിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് അപ്പുറത്തുള്ള ഒരാളെ നായകനായി കാണുന്നത്. അങ്ങനത്തെ കഥകളും ആളുകൾക്ക് ഇഷ്ടപ്പെട്ടു. ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്, നമ്മളെ എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക എന്നതാണ്. അല്ലാതെ, ഇപ്പോൾ ഹിറ്റാവുന്ന പാറ്റേൺ പിന്തുടർന്ന് ഒരു സിനിമ എടുക്കാമെന്ന് തീരുമാനിച്ചാൽ നമ്മുടേതുമില്ല, അവരുടേതുമില്ല എന്ന രീതിയിൽ വൃത്തിക്കെട്ട പാറ്റേണാണ് ലഭിക്കുക.
ഈ മാറ്റം താങ്കൾക്കുള്ളിലെ സംവിധായകനെ ചലഞ്ച് ചെയ്യുന്നുണ്ടോ?
എല്ലാ കാലത്തും ചലഞ്ച് ഉണ്ടാവാറുണ്ട്. പക്ഷേ, എന്റെ ചലഞ്ച് എപ്പോഴും എന്റെ പൂർവ്വകാല സിനിമകളാണ്. 'അതുപോലെ രസമായില്ല, അത്ര വന്നില്ല"എന്നാണ് എന്റെ ഓരോ സിനിമയും ഇറങ്ങുമ്പോൾ ഞാൻ കേൾക്കാറുള്ളത്. തൊട്ടുമുമ്പ് ഇറങ്ങിയ സിനിമയോ അല്ലെങ്കിൽ സക്സസ് ആയ സിനിമയോ വച്ചാണ് കംപെയർ ചെയ്യാറുള്ളത്. തുടക്കത്തിൽ ഇത് എന്നെ അപ്സെറ്റാക്കാറുമുണ്ട്. പക്ഷേ, അതിൽനിന്ന് ഞാൻ പെട്ടെന്ന് റിക്കവർ ചെയ്യും. കാരണം ജയവും പരാജയവും മനസ്സിൽ കൊണ്ടു നടക്കരുത്. ജയം ആഘോഷിച്ച് നടന്നാൽ അതോടെ നമ്മൾ നശിക്കും. പരാജയവും നാം ഉൾക്കൊള്ളണം. എന്തുകൊണ്ട് പരാജയം സംഭവിച്ചു എന്ന് മനസ്സിലാക്കി, അടുത്ത സ്ഥലത്തേക്ക് പോകണം. വിജയിച്ച സിനിമയും നമ്മൾ ആവർത്തിക്കരുത്, പരാജയപ്പെട്ട സിനിമയും ആവർത്തിക്കരുത്. പ്രേക്ഷകർ ആസ്വദിക്കുന്ന പുതിയ അനുഭവം അവർക്ക് കൊടുക്കാനായാൽ തീർച്ചയായുംഅവർ സ്വീകരിക്കും. അല്ലെങ്കിൽ നിരാകരിക്കും.
എന്നിട്ടും മലയാളത്തിൽ വിജയിച്ച ചില ചിത്രങ്ങൾ മറ്റുഭാഷകളിൽ എടുത്തിട്ടുണ്ടല്ലോ?
അതൊരിക്കലും ആവർത്തിക്കൽ അല്ലായിരുന്നു. പകരം ചലഞ്ചിംഗ് ആയിരുന്നു. ഒരേ കഥ തന്നെയായിരുന്നു പറയാനുള്ളത്. പക്ഷേ, ആർക്ക് വേണ്ടിയാണോ പറയുന്നത് അത് വ്യത്യാസമായിരുന്നു. മലയാളി പ്രേക്ഷകനെ ടാർഗറ്റ് ചെയ്തിട്ടല്ല തമിഴ്സിനിമ എടുക്കുന്നത്. അപ്പൊ തമിഴ് കഥയാണ് നമ്മൾ പറയാൻ പോകുന്നത്. അവരുടെ കൾച്ചറിൽ നിന്നുകൊണ്ട് വേണം അതുപറയാൻ. അവരുടെ നാട്ടിലെ ഒരാളായിട്ട് നായകന്റെ കഥാപാത്രത്തെ കാണാൻ എനിക്ക് സാധിക്കണം. കൾച്ചർ, കോസ്റ്റ്യൂം അടക്കം എല്ലാം അവരുടേതാണെന്ന് തോന്നിപ്പിക്കണം. ആ തോന്നിപ്പിക്കൽ ചില്ലറ പണിയല്ല. നമ്മൾ കഥയെ പറിച്ചുനടുകയാണ്. അവരുടെ മണ്ണിൽ, അവരുടെ ഫ്ളേവറിലാണ് ആ കഥയുണ്ടാവേണ്ടത്. പദാനുപദം ട്രാൻസിലേറ്റ് ചെയ്ത് ഷോട്ട്സ് അതേപോലെ എടുത്തുവച്ചാൽ ഒരിക്കലും അത് സംഭവിക്കില്ല. അങ്ങനെ ചെയ്താൽ ഡബ്ബിംഗ് സിനിമയായിട്ടാണ് തോന്നുക. എന്റെ സിനിമകളൊന്നും ഡബ്ബിംഗ് സിനിമയായിട്ട് അവർക്ക് തോന്നിയിട്ടില്ല എന്നതാണ് ആ സിനിമകളുടെ വിജയം. തമിഴ് സംസാരിക്കുന്ന മലയാളം സിനിമ പോലെയാകരുത് ആ സിനിമ, അതുപോലെ ഹിന്ദി സംസാരിക്കുന്ന തമിഴ് സിനിമയാകരുത് ഹിന്ദി സിനിമ. അതിന് ആ മണ്ണിന്റെ കൾച്ചർ, ആ നാട്ടിലെ കഥാപാത്രത്തിന്റെ പ്രത്യേകതകളും സ്വഭാവവും എല്ലാം കറക്ടായി വരണം. ബോഡിഗാർഡിൽ ദിലീപിന്റെ കഥാപാത്രത്തിന്റെ സ്വഭാവമേയല്ല തമിഴിൽ വിജയ് ചെയ്ത കഥാപാത്രത്തിന്. ഹിന്ദിയിൽ സൽമാൻ ഖാനും തികച്ചും വ്യത്യസ്തകഥാപാത്രമായിരുന്നു. ബേസിക് കഥയൊഴികെ ഒന്നും ആവർത്തിച്ചിട്ടില്ല. ആ നാടിനെ കുറിച്ച് ഓരോന്നും പഠിച്ച്, അതിൽ എക്സ്പേർട്ടായുള്ള ആളുകളെ സഹകരിപ്പിച്ചുമൊക്കയാണ് ആ സിനിമകൾ പൂർത്തിയാക്കിയത്.
സിനിമയെടുക്കുന്നതിൽ ഇത്തരത്തിൽ നിബന്ധനകളുണ്ടോ?
നമ്മളെ തന്നെ ആവർത്തിക്കാതിരിക്കുക എന്ന നിർബന്ധം എനിക്ക് എല്ലാകാലത്തും ഉണ്ട്. അതുകൊണ്ട് അത്തരം സിനിമകൾ ഒരിക്കലും ചിന്തിക്കില്ല. റാംജിറാവുവിന്റെ സെക്കൻഡ് പാർട്ട് എടുത്തപ്പോൾ പോലും കഥാപാത്രങ്ങൾ ആവർത്തിച്ചു എന്നതൊഴിച്ചാൽ സിനിമ പൂർണ്ണമായും മറ്റൊന്നാണ്. അതുകൊണ്ടു തന്നെ സീക്വലിനെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല. ബോഡിഗാർഡ് തന്നെ തമിഴും ഹിന്ദിയും ഹിറ്റായപ്പോൾ തെലുങ്കിലും കന്നഡയിലും ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. സ്നേഹപൂർവ്വം പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറുകയായിരുന്നു. പലതായിട്ടാണ്എടുത്തതെങ്കിൽ പോലും മൂന്ന് തവണ ഒരു ചിത്രം എടുത്തു. പിന്നെയും അത് തന്നെചെയ്യുന്നത് നമ്മുടെ വളർച്ചയ്ക്ക് നമ്മൾ തടയിടുന്നത് പോലെയാണ്. 5 കൊല്ലം ഒരേ കഥയിൽ കിടന്ന് കുരുങ്ങും. അന്ന് അവ ചെയ്തിരുന്നെങ്കിൽ എനിക്ക് നല്ല പ്രതിഫലവും കിട്ടുമായിരുന്നു. പക്ഷേ, പൈസയേക്കാളുപരി എന്റെ സന്തോഷമാണ്പ്രധാനം.
സോഷ്യൽമീഡിയയിലെ സിനിമാസ്വാദന കുറിപ്പുകൾ മലയാളിയുടെ സിനിമാക്കാഴ്ച്ചയെ സ്വാധീനിച്ചതായി തോന്നിയിട്ടുണ്ടോ?
അതൊന്നും നമുക്ക് നിഷേധിക്കാനാവില്ല. കാലഘട്ടത്തിന്റെ വളർച്ചയാണത്. ലോകത്തുള്ള ഏതുഭാഷയിലുള്ള സിനിമയും ഏതു സമയത്തും നമ്മുടെ മൊബൈൽ ഫോണിൽ കാണാൻ പാകത്തിൽ ഫെസിലിറ്റി ഉണ്ടായില്ലേ? പണ്ട് അതില്ല. അതുകൊണ്ട് ഈ ആസ്വാദനത്തെ നമുക്ക് തള്ളിപ്പറയാനോ പറഞ്ഞുതോൽപ്പിക്കാനോ പറ്റില്ല. മലയാളിയുടെ ഒരു പ്രത്യേകതയെന്തെന്ന് വച്ചാൽ മലയാളി ഒരു കാര്യം സ്വീകരിക്കുക എന്നത് വളരെ പാടാണ്. മലയാളി പൊതുവെ ഒരു ക്രിട്ടിക്ക് ആണ്. ഒരു ക്രിയേറ്ററേക്കാളും മലയാളിക്ക് ഇഷ്ടം ആ ക്രിയേറ്ററെചീത്ത പറയുന്ന ക്രിട്ടിക്കിനെ ആണ്. സോഷ്യൽമീഡിയ കൊണ്ടുണ്ടായ കാര്യം ഓരോരുത്തരും ക്രിട്ടിക്ക് ആകുകയാണ്. സിനിമ റിലീസ് ആകുന്ന സെക്കന്റ് മുതൽഇപ്പോൾ ക്രിട്ടിസിസം സോഷ്യൽ മീഡിയകളിൽ വന്നുകൊണ്ടിരിക്കുകയാണ്. ഓരോ സീനും നിരീക്ഷിക്കപ്പെടുകയാണ്. സോഷ്യൽമീഡിയയിൽ പുകഴ്ത്താനുംഇകഴ്ത്താനും കാശ് വാങ്ങുന്നവരുണ്ട്. അത് അവരുടെ ജീവിതമാർഗ്ഗമാണ്. അവർ വിചാരിച്ചാൽ കുറേ പേരെ വിശ്വസിപ്പിക്കാനും പറ്റും. പക്ഷേ, കുറച്ച് കഴിയുമ്പോൾ ഇതും ആളുകൾക്ക് മടുക്കും. ആളുകൾക്ക് മടുക്കാത്തതായിട്ട് ഒന്നുമില്ല. ഇതിനെയൊക്കെ സിനിമ ഓവർകം ചെയ്യും. ഒ.ടി.ടി റിലീസോടെ അത് സംഭവിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. സോഷ്യൽമീഡിയയിലെ കൊലവിളിക്ക് അന്ത്യമാകുന്നു എന്നതാണ് ഒ.ടി.ടി. റിലീസിന്റെ മെച്ചം. അതായത് ഒരു സിനിമയെക്കുറിച്ച് ആളുകൾ എന്തു പറഞ്ഞാലും അത് എന്റെ മൊബൈലിൽ കിടക്കുകയാണല്ലോ, കണ്ടു കളയാമെന്ന് പ്രേക്ഷകൻ തീരുമാനിക്കുകയാണ്.
സിദ്ദിഖും ലാലും പരസ്പര പൂരകങ്ങളാണെന്ന് നിങ്ങളുടെ രണ്ട് ഘട്ടങ്ങളിലുമുള്ളസിനിമകൾ കണ്ട പ്രേക്ഷകർ പറയാറുണ്ട്. കൊവിഡാനന്തരമെങ്കിലും പഴയ ഹിറ്റ്ജോഡി സിദ്ദിഖ്ലാൽ സംവിധാനത്തിൽ ഒന്നിക്കാൻ സാദ്ധ്യതയുണ്ടോ?
ഒന്നിച്ച് ചെയ്യാനും ചെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട് എന്നേ പറയാനൊക്കൂ. കിംഗ് ലയർ ആണ് ഒടുവിൽ ഞങ്ങൾ ഒന്നിച്ചത്. അതിൽ ഞാൻ കഥയെഴുതി, ലാൽ സംവിധാനം ചെയ്തു. ആ സിനിമ ഉണ്ടായത് ഔസേപ്പച്ചൻ എന്ന പ്രൊഡ്യൂസറുടെ ബുദ്ധിയാണ്. അദ്ദേഹം നിർബന്ധിച്ചതു കൊണ്ട് മാത്രം ചെയ്തതാണ്. പഴയ പോപ്പുലാരിറ്റിയെ കാഷ് ചെയ്യാം എന്ന ഐഡിയ എനിക്കോ ലാലിനോ ഇല്ല. ഇപ്പോൾ സിനിമ ചെയ്യുമ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ് ചെയ്യാറുമില്ല. അത് പ്രായം വരുത്തുന്ന മെച്യൂരിറ്റിയാണ്. റാംജി റാവു എടുത്ത പ്രായമല്ല ഇപ്പോൾ ഞങ്ങൾക്ക്. രണ്ടുപേരും ചേർന്നാലേ സിനിമ പൂർണ്ണമാകൂ എന്ന് പ്രേക്ഷകന് പറയാം. കാരണം അത് കാണുന്നത് അവരാണ്. സിനിമ നല്ലതോ മോശമോ, എന്റെ പ്ളസും മൈനസും ഒക്കെ പറയാനുള്ള അവകാശം പ്രേക്ഷകനുണ്ട്. ഞാൻ ഒറ്റയ്ക്ക് സിനിമ എടുക്കാൻ തുടങ്ങിയത് ഹിറ്റ്ലർ മുതലാണ്. പക്ഷേ, ഇപ്പോൾ പലരും പറയുന്ന പ്രശ്നം ഹിറ്റ്ലറിനോ ഫ്രണ്ട്സിനോ ക്രോണിക്ബാച്ചിലറിനോ ആരും പറഞ്ഞിട്ടില്ല. ബോഡിഗാർഡ് മുതൽ ഞാൻ സീരിയസ്ആകാൻ തുടങ്ങിയപ്പോഴാണ് ഈ പ്രശ്നങ്ങളൊക്കെ പറഞ്ഞുതുടങ്ങിയത്. ഹ്യൂമറിന്റെ അളവ് കുറയുന്നതാണ് പ്രശ്നം.
പുതുതലമുറയിലെ പ്രിയപ്പെട്ട സംവിധായകനാരാണ്?
അങ്ങിനെ പറയണമെങ്കിൽ ഒത്തിരി പേരുകൾ പറയണം. ഇപ്പോഴത്തെ പിള്ളേരെല്ലാം മിടുക്കരാണ്. അവരുടെ ഐഡന്റിറ്റി അവർകാണിക്കുന്നുണ്ട്. നല്ല വിഷ്വൽ കപ്പാസിറ്റിയുണ്ട്. അവർ പറയുന്ന കാര്യത്തെക്കുറിച്ച് നല്ല ധാരണയുണ്ട്, പ്രേക്ഷകന്റെ മനസ്സിലേക്ക് അതെത്തിക്കാനും സാധിക്കുന്നുണ്ട്. അവർ സിനിമ കണ്ട്, കണ്ട്, പഠിച്ച്, പഠിച്ച് സിനിമയെടുക്കുന്നവരാണ്. ദിലീഷ്പോത്തന്റെ മഹേഷിന്റെ പ്രതികാരം, മാർട്ടിൻ പ്രാക്കാട്ടിന്റെ ചാർളി, എബ്രിഡ് ഷൈന്റെ1983, ആക്ഷൻ ഹീറോ ബിജു, ജീത്തുവിന്റെ ദൃശ്യം1ഉം 2ഉം, പൃഥ്വിരാജിന്റെ ലൂസിഫർ, അൽഫോൺസ് പുത്രന്റെ പ്രേമം, വിനീത് ശ്രീനിവാസന്റെ തട്ടത്തിൻമറയത്ത്, സച്ചിയുടെ അയ്യപ്പനും കോശിയും, അഞ്ജലി മേനോന്റെ ബാംഗ്ലൂർഡേയ്സ്, ആഷിക്കിന്റെ 22 ഫീമെയിൽ, വൈശാഖിന്റെ പുലിമുരുകൻ, അരുൺഗോപിയുടെ രാമലീല, ജിബു ജേക്കബ്ബിന്റെ വെള്ളിമൂങ്ങ, ഷാഫിയുടെ 2കൺട്രീസ്, അമൽ നീരദിന്റെ വരുത്തൻ, നാദിർ ഷായുടെ കട്ടപ്പനയിലെ ഋത്വക് റോഷൻ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ഒരു ഹലാൽ ലവ് സ്റ്റോറി, മധുസി.നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, മഹേഷ് നാരായണന്റെ ടേക്ക് ഓഫ്, സീ യൂ സൂൺ, ഖാലിദ് റഹമാന്റെ ഉണ്ട, സൗബിന്റെ പറവ, മിഥുൻ മാനുവൽ തോമസ്സിന്റെ അഞ്ചാം പാതിര, ലാൽ ജൂനിയറിന്റെ ഡ്രൈവിംഗ് ലൈസൻസ്, അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട്, മുഹമ്മദ് മുസ്തഫയുടെ കപ്പേള, മാത്തുകുട്ടി സേവ്യറിന്റെ ഹെലൻ, നിസ്സാം ബഷീറിന്റെ കെട്ട്യോളാണ് എന്റെ മാലാഖ, തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ചിത്രങ്ങളാണ്. അങ്ങനെ മലയാള സിനിമ നല്ല വളർച്ചയുടെ ഘട്ടത്തിലാണ്. നിർഭാഗ്യവശാൽ കൊവിഡ് വന്നുപെട്ടു പോയി എന്ന് മാത്രം.
കൊവിഡാനന്തര മലയാള സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
കൊവിഡാനന്തര ജീവിതത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ. ഓൺലൈൻ പർച്ചേസ് ഉണ്ടായിരുന്നെങ്കിലും അത് സജീവമാക്കിയത് കൊവിഡ്കാലമാണ്. കസ്റ്റമറുടെ അടുത്തേക്ക് പ്രോഡക്ട് വരുന്ന കൾച്ചർ, കസ്റ്റമർകിംഗാവുന്ന കൾച്ചർ ആണ് ഇപ്പോൾ. തീർച്ചയായും ഇത് സിനിമയിലുമുണ്ട്. പണ്ട് തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ഒന്നായിരുന്നു സിനിമ. ഇന്ന് തിയേറ്റർ ഇല്ലെങ്കിലും സിനിമ കാണാൻ മാദ്ധ്യമങ്ങളുണ്ട്. അത് ഒരാളുടെ സൗകര്യത്തിന് അനുസരിച്ച് കാണാം. തിയേറ്ററുകൾക്കാണ് ചലഞ്ചായിരിക്കുന്നത്. മുമ്പൊരിക്കൽ ടി.വി വന്ന സമയത്ത് വെസ്റ്റിൽ അടക്കം തിയേറ്ററിൽ ആളുകൾ കുറഞ്ഞസമയമുണ്ടായിരുന്നു. തിയേറ്ററിൽ വന്നാലേ സിനിമാക്കാഴ്ചയ്ക്ക് ഇംപാക്ട് ഉള്ളൂ എന്ന തരത്തിലേക്ക് അന്ന് സ്പിൽ ബർഗ്ഗിനെ പോലെയുള്ളവർ സിനിമയെ കൊണ്ടുവന്നു. സ്റ്റാർ വാർസ് ഇ.ടി. ജുറാസിക് പാർക്ക് പോലെയുള്ള സിനിമകൾ ഇറങ്ങിയത് അപ്പോഴാണ്. ഷോലെയുടെ കാലത്തെ അത്ഭുതമായിരുന്ന 5.1 നുപകരം ഡി.ടി.എസും ഡോൾബി അറ്റ്മോസ് 63.1 ഉം എല്ലാം സൗണ്ട് സിസ്റ്റത്തിലും, പിന്നെ സിനിമ മൊത്തം ഡിജിറ്റലിലേക്ക് മാറുകയും കൂടി ചെയ്തപ്പോൾ പുത്തൻ ടെക്നോളജിയുടെസഹായത്തോടെ ആളുകളെ തിയേറ്ററുകളിലേക്ക് തിരിച്ചു കൊണ്ടുവന്നു. പക്ഷേ, കൊവിഡ് വന്നപ്പോൾ തിയേറ്ററുകളടഞ്ഞു. തിയേറ്ററുകളില്ലെങ്കിലും സിനിമ വേണമെന്ന് ക്രിയേറ്റീവായ ആളുകൾ ചിന്തിച്ചു. സീ യൂ സൂൺ എന്ന സിനിമയുടെ അട്രാക്ഷൻ തന്നെ പരിമിതിക്കുള്ളിൽ നിന്നെടുത്തിട്ടും അത് തോന്നിപ്പിച്ചില്ല എന്നതാണ്. പരിധിയും പരിമിതിയും അവർ അവരുടെ പ്ലസ്സാക്കി. തമിഴ്നാട് മുതലങ്ങോട്ട് ഓഡിയൻസിനെ തരംതിരിച്ച് കണ്ട് ഇറക്കുന്ന സിനിമകളുണ്ട്. സിംഗിൾ തിയറ്റർ ഓഡിയൻസ് സിനിമ എന്നും മൾട്ടിപ്ലക്സ്സ് ഓഡിയൻ സിനിമയെന്നും എന്ന് ആണ് തരം തിരിച്ചിൽ. കേരളത്തിൽ പക്ഷേ അതുണ്ടായിരുന്നില്ല. കാരണം സിറ്റിയിലുള്ളവരെ പോലെ തന്നെ കണ്ടന്റ് ഓറിയന്റഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർ നമ്മുടെ ഗ്രാമങ്ങളിലും ഉണ്ട്. മസാലസിനികൾ ആസ്വദിക്കുന്നവർ തന്നെ ക്ലാസ് സിനിമകളും ആസ്വദിക്കുന്നു. പിന്നെ, സ്ത്രീകളടക്കമുള്ള കുടുംബ പ്രേക്ഷകരായിരുന്നു പണ്ടത്തെ സിനിമകളുടെ വിജയംനിശ്ചയിച്ചിരുന്നത്.ആദ്യ ദിവസം മുതൽ തന്നെ അവർ തിയേറ്ററുകളിൽ എത്തുമായിരുന്നു. ഇന്നാ സ്ഥിതി മാറി. രണ്ടാഴ്ച എങ്കിലും തിയേറ്ററിൽ സിനിമ ഓടിയാൽ മാത്രമേ അവർ തിയേറ്ററിലെത്തുകയുള്ളൂ. ഇന്ന് യൂത്താണ് സിനിമ ആദ്യദിനങ്ങളിൽ കാണാനെത്തുന്നത്. അവർക്കിഷ്ടമായില്ലെങ്കിൽ ചിത്രം പെട്ടെന്ന്തന്നെ പോകും. അങ്ങനെ തിയേറ്ററിൽ വീണ്ടും ആളുകൾ കുറഞ്ഞുതുടങ്ങിയ സമയത്താണ് കൊവിഡ് വന്നതും തിയേറ്റർ തന്നെ പൂട്ടിയിടേണ്ട സാഹചര്യത്തിലേക്ക് വരുന്നതും. ഒ.ടി.ടിയിലേക്ക് സിനിമ വന്നതിന്റെ മറ്റൊരുഗുണം ലോകത്ത് എവിടെ വേണമെങ്കിലും ഇപ്പോ മലയാളസിനിമ കാണാനാവുന്നു. അവിടെയും ടെലഗ്രാം പോലുള്ള ചില സോഫ്റ്റ് വെയറുകളും ചില വ്യാജ സൈറ്റുകളും ശല്യം ചെയ്യുന്നുണ്ട്. എങ്കിലും മാർക്കറ്റ് വിപുലമായി എന്നത് സത്യമാണ്. കൊവിഡ് കഴിയുമ്പോൾ മറ്റെല്ലാ വ്യവസായങ്ങളും ഫ്ളറിഷ് ചെയ്യും എന്ന് വിശ്വസിക്കുന്നതു പോലെ തിയേറ്ററും ഒ.ടി.ടിയും ചേരുമ്പോൾ മലയാള സിനിമയും ഒത്തിരി ഫ്ളറിഷ് ആവും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം. അതിനാദ്യം വേണ്ടത് ഈ കൊവിഡിനെ എത്രയും പെട്ടെന്ന് ലോകത്തുനിന്നും തുരത്തുകയാണ്. ആ യുദ്ധത്തിൽ നമ്മളോരോരുത്തരും അണിചേരേണ്ടതുമുണ്ട്.
പുതിയ പ്രൊജക്ട് എന്തെങ്കിലും ആലോചനയിലുണ്ടോ?
ഇപ്പോൾ ചെലവിന്റെ കാലമാണ്. വരവ് കുറവാണ്. എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കാലത്ത് പുതിയ പ്രൊജക്ടിനെ കുറിച്ച് ആലോചിക്കുന്നത് ശരിയല്ല. തീയേറ്ററുകളെല്ലാം പഴയപടി പ്രവർത്തിച്ച് എല്ലാവരും തീയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്ന കാലം താമസിയാതെ വരും. അപ്പോഴേ പുതിയ പ്രൊജക്ട് ഓൺ ആക്കൂ. അതുവരെ എനിക്ക് ചെയ്യാവുന്ന കാര്യം സിനിമയ്ക്ക് യോജിക്കുന്ന കഥകളെഴുതുകയെന്നതാണ്. അത് ഞാൻ ചെയ്തുകൊണ്ടിരിക്കുകയാണ്.
കുടുംബം
ഭാര്യ സാജിതയും ഇളയമകൾ സുക്കൂണും ഇവിടെ എന്നോടൊപ്പം കൊച്ചിയിലുണ്ട്. മൂത്ത മക്കൾ സുമയ്യയും സാറയും വിദേശത്താണ്.