നായിക നിരയിൽ തിളങ്ങുന്നനിഖില വിമലിന്റെ പുത്തൻ വിശേഷങ്ങൾ
കണ്ണൂർ കീഴാറ്റൂരിന്റെ മണ്ണിൽ നിന്ന് തിരുവനന്തപുരം ഭാഷ സംസാരിച്ചാണ് നിഖില വിമൽ മലയാള സിനിമയുടെ നായികാമുഖമാവുന്നത്. നമ്മുടെ വീട്ടിലെ കുട്ടിയെന്ന ഇമേജ് നിഖിലയെ കൂടുതൽ പ്രിയങ്കരിയാക്കി.അരവിന്ദന്റെ അതിഥികളിലെ വരദയും ഞാൻ പ്രകാശനിലെ സലോമിയുമാണ് പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങൾ.മെഗാസ്റ്റാർ മമ്മൂട്ടിക്കും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്കും ഒപ്പം ദി പ്രീസ്റ്റിലാണ് ഒടുവിൽ നിഖിലയെ കണ്ടത്. ദി പ്രീസ്റ്റിന്റെ വിജയത്തിന്റെ സന്തോഷത്തിലും ത്രില്ലിലുമാണ് നിഖില. ലോക്ക്ഡൗണിന്റെ ഭാഗമായി നിഖില ഇപ്പോൾ കണ്ണൂരിലെ വീട്ടിലാണ്. തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ നിഖില പറഞ്ഞു തുടങ്ങി.
with മമ്മുക്ക
മമ്മുക്കയുടെ കൂടെ അഭിനയിക്കുക എന്നത് അദ്ഭുതത്തിനൊപ്പം ചെറിയ ടെൻഷനുള്ള കാര്യമായിരുന്നു. മമ്മുക്ക ,മഞ്ജു ചേച്ചി ഇത്രയും വലിയ താരനിരയുള്ള സിനിമയിൽ പ്രധാന വേഷം ചെയ്യാൻ കഴിഞ്ഞത് സന്തോഷം നൽകുന്ന കാര്യമാണ്. മമ്മുക്കയെ പരിചയപ്പെടാൻ പോവുമ്പോൾതന്നെ നല്ല ടെൻഷനായിരുന്നു.പൊതുവെ ഗൗരവക്കാരനാണെന്നാണല്ലോ മമ്മുക്കയെ കുറിച്ച് എല്ലാവരും പറയാറുള്ളത്. ഞാൻ നിഖില വിമൽ എന്ന് പറഞ്ഞപ്പോൾ മമ്മുക്ക എണീറ്റ് ഞാൻ മമ്മൂട്ടിയെന്ന് പറഞ്ഞു. പിന്നീടവിടെയൊരു പൊട്ടിച്ചിരിയായിരുന്നു. ആ ചിരിയിൽ എന്റെ ടെൻഷനെല്ലാം പോയി.
with മഞ്ജു ചേച്ചി
ഞാനും എന്റെ ചേച്ചിയും തമ്മിലുള്ള ബന്ധം പോലെയല്ല പ്രീസ്റ്റിലെ ചേച്ചിയും അനുജത്തിയും തമ്മിൽ. ലാളിത്യം നിറഞ്ഞ വ്യക്തിത്വമാണ് മഞ്ജു ചേച്ചിയുടേത്.ലൊക്കേഷനിൽ തന്റെ മേക്കപ്പ് ആർട്ടിസ്റ്റുമാരെയോ സ്റ്റൈലിസ്റ്റിനെയോ ചേച്ചി കൊണ്ടുവന്നില്ല.സാരി ഉടുക്കാൻ സെറ്റിലെ സ്റ്റൈലിസ്റ്റുമാരാണ് ചേച്ചിയെ സഹായിച്ചിരുന്നത്.മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ എറെ സന്തോഷം.
with കൊത്ത്, മധുരം
മധുരം ഫീൽഗുഡ് ഗണത്തിൽപ്പെട്ടതാണ്. ജൂണിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം. ഒരു ആശുപത്രിയിൽ നടക്കുന്ന കഥയാണ് മധുരം. ജോജു ചേട്ടനും അർജുൻ അശോകനും ശ്രുതിരാമചന്ദ്രനും അഭിനയിക്കുന്നുണ്ട്. മധുരത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സിബി മലയിൽ സാറിന്റെ കൊത്തിൽ ആസിഫിക്കയുടെ നായികയാണ് . പൊളിറ്റിക്കൽ ത്രില്ലറാണ് കൊത്ത്. റോഷൻ മാത്യുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
My കബനി
ആദ്യ സിനിമ ഭാഗ്യദേവതയിൽ അസോസിയേറ്റായിരുന്നു ശ്രീബാല ചേച്ചി. ആ പരിചയത്തിലാണ് ലവ് 24x7 എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. എനിക്ക് പൊതുവെ സ്ലാങ്ങെല്ലാം പഠിക്കാൻ ഇഷ്ടമുള്ളയാളാണ് . അമ്മയുടെ വീട് കോട്ടയമായതുകൊണ്ട് പഠിച്ചതെല്ലാം അവിടെയാണ്. കുറച്ചുനാൾ തൃശൂരിലും ഉണ്ടായിരുന്നു.ഞാൻ അധികം സംസാരിക്കാത്ത ഒരു സ്ലാങ്ങായിരുന്നു തിരുവനന്തപുരം . ഡബ് ചെയ്യുന്ന സമയത്ത് മൂന്നാലു ദിവസം ഒരാളെ വച്ച് ആ രീതി പഠിച്ചെടുക്കുകയായിരുന്നു.
My ഇൻട്രൊഡക്ഷൻ
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഭാഗ്യദേവതയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. എന്റെ ഒരു ബന്ധുവിന് സത്യൻ അങ്കിളിനെ പരിചയമുണ്ട്. അങ്ങനെയാണ് ഭാഗ്യദേവതയിൽ അഭിനയിക്കുന്നത്. ലവ് 24x7 ൽ അഭിനയിക്കുമ്പോൾ പത്തൊമ്പത് വയസാണ്. പിന്നീട് തമിഴിൽ വെട്രിവേൽ , കിടാരി തുടങ്ങിയ ചിത്രങ്ങൾ . രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തിൽ.
My വരദ
ലവ് 247 ൽ കണ്ട നിഖിലയല്ല അരവിന്ദന്റെ അതിഥികളിലേതെന്ന് പറയുന്നവരുണ്ട്. തമിഴ് സിനിമയ്ക്ക് വേണ്ടി തടി കുറച്ചിരുന്നു. രണ്ടുവർഷം കഴിഞ്ഞു വീണ്ടും കണ്ടപ്പോൾ പ്രേക്ഷകർക്ക് അത് വലിയ മാറ്റമായി അനുഭവപ്പെട്ടിട്ടുണ്ടാവും .ആ സിനിമയും പാട്ടുകളും ലൊക്കേഷനും പ്രിയപ്പെട്ടതാണ്. ഒരു കുടുംബം പോലെയായിരുന്നു അരവിന്ദന്റെ അതിഥികളുടെ ലൊക്കേഷൻ. വരദ എന്നും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്.
My ഹാപ്പിനെസ്
നല്ലൊരു ടീമിന്റെ ഭാഗമാകാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് അഞ്ചാം പാതിരയിൽ ക്ലൈമാക്സിലെ ഒറ്റ സീനിൽ അഭിനയിച്ചത്. മിഥുൻ ചേട്ടൻ വിളിച്ചു ഇങ്ങനെയൊരു കഥാപാത്രം ഉണ്ടെന്നും ഒറ്റ സീനിൽ മാത്രമേ വരുകയുള്ളുവെന്നും പറഞ്ഞു. എന്നാൽ സുപ്രധാന കഥാപാത്രമാണെന്നു പറഞ്ഞപ്പോൾ ഓകെ പറഞ്ഞു. സിനിമ കണ്ടപ്പോഴാണ്കഥാപാത്രം ഇത്രയും പ്രധാനപ്പെട്ടതെന്ന് അറിയുന്നത്.
My സലോമി
ഞാൻ പ്രകാശനിൽ തേപ്പുകാരിയായപ്പോൾ ചെറിയൊരു പേടിയുണ്ടായിരുന്നു. എനിക്ക് പൊതുവെ വീട്ടിലെ കുട്ടി ഇമേജ് ആയതുകൊണ്ട് ഇങ്ങനെയൊരു കഥാപത്രം വന്നാൽ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു.എന്നാൽ വീട്ടിലെ കുട്ടി ഇമേജുള്ളതുകൊണ്ടാണ് അവർ എന്നെ തന്നെ ആ കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്തതും. എന്നാൽ സലോമിയെ പ്രേക്ഷകർ സ്വീകരിച്ചു.
My ഹോം
വീട്ടിലിരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് . എന്നാൽ പലപ്പോഴും കഴിയാറില്ല. ഡിഗ്രി കഴിഞ്ഞ് പിജി ചെയ്യണമെന്നുണ്ടായിരുന്നു.പഠിത്തം നിന്നുപോയത് വിഷമമുള്ള കാര്യമാണ്. എന്റെ ജീവിതത്തെ ബാധിക്കാത്ത രീതിയിൽ സിനിമയെ കൊണ്ടുപോകാൻ ശ്രമിക്കുന്നു. പുറത്ത് പോവുമ്പോൾ മറ്റുള്ളവർ തിരിച്ചറിയുന്നതാണ് ജീവിതത്തിൽ ഉണ്ടായ മറ്റൊരു മാറ്റം. എനിക്ക് ഇടം ലഭിക്കുന്നിടത്ത് ഒരുപാട് സംസാരിക്കും. ഒഴിവു സമയങ്ങളിൽ സിനിമ, വെബ് സീരീസ്, വായന.നല്ല ഭക്ഷണങ്ങളും തേടി പിടിച്ചു കഴിക്കാൻ ഇഷ്ടമാണ്.അച്ഛൻ എം. ആർ പവിത്രൻ ആറുമാസം മുൻപ് മരിച്ചു. അമ്മ കലാമണ്ഡലം വിമലദേവി. ചേച്ചി അഖില.
My ആക്ടിംഗ്
അഭിനയം എപ്പോഴും ഇഷ്ടമുള്ള കാര്യമാണ്. ഏറെ ആസ്വദിച്ചു ചെയ്യുന്ന ജോലി. സിനിമയെ പ്രൊഫഷനായി കാണാനാണ് ഇഷ്ടം.കുട്ടിക്കാലം മുതൽ കൂടെയുള്ള നൃത്തം അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ട്.
സിമ്പിൾ നിഖില
സിമ്പിൾ ലുക്കും സിമ്പിൾ മേക്കപ്പുമാണ് കൂടുതൽ ഇഷ്ടം. ജീൻസും ടീ ഷർട്ടും, അല്ലെങ്കിൽ കുർത്ത ഇതാണ് എപ്പോഴും ധരിക്കാൻ ഇഷ്ടമുള്ള വേഷം.