സംംഗീത ആരാധകർക്ക് എന്നും ഗൃഹാതുരത്വം ഉണർത്തുന്നപേരാണ് ബോണി എം . ജനപ്രീതിയിൽസിനിമാ ഗാനങ്ങളെ മറികടന്ന
ബോണി എമ്മിന്റെ കഥ
പോപ്പ്, റോക്ക്, യൂറോ ഡിസ്കോ ഗാനങ്ങളുടെ സുവർണ കാലഘട്ടമായിരുന്നു 70കളും 80കളും. ലോക ജനതയെ കേൾവിയുടെ ആസ്വാദനത്തിന്റെ മാസ്കരിക താളത്തിനൊപ്പം ചുവടുവയ്പ്പിച്ച ഒട്ടനവധി ഗോൾഡൻ ഹിറ്റുകൾ പിറവിയെടുത്ത ഗൃഹാതുരത്വമുണർത്തുന്ന കാലഘട്ടം. അബ്ബ, ബീ ജീസ്, ക്വീൻ, പിങ്ക് ഫ്ലോയ്ഡ്, ദ റോളിംഗ് സ്റ്റോൺസ് തുടങ്ങിയവ യുവാക്കൾക്കിടയിൽ ബീറ്റിൽസിനെപ്പോലെ തരംഗം സൃഷ്ടിച്ച യുഗമായിരുന്നു അത്. 80 കളുടെ വരവോടെ പോപ്പ് ചക്രവർത്തി മൈക്കൽ ജാക്സൺ, ജോർജ് മൈക്കിൾ, മഡോണ, ജോൺ ബോൺ ജോവി എന്നിവർ ലോകപ്രശസ്തിയിലേക്ക് ചുവടുവയ്ക്കുന്ന കാഴ്ചയായിരുന്നു ലോകം കണ്ടത്.
ബ്രദർ ലൂയി, ജെറോണിമോസ് കാഡിലാക് തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ജർമ്മനിയിൽ നിന്ന് അതിർത്തികൾ കടന്ന് ആരാധകർ നെഞ്ചിലേറ്റിയ മോഡേൺ ടോക്കിംഗ്, റൊമേനിയൻ - ജർമ്മൻ ഗായകൻ മൈക്കിൾ ക്രെറ്റു അങ്ങനെ അങ്ങനെ ഉറങ്ങിക്കിടക്കുന്നവർ പോലും എഴുന്നേറ്റ് നൃത്തം ചെയ്യുന്ന പാട്ടുകളുമായി അറിയപ്പെടുന്നതും അല്ലാത്തതുമായ അനേകം കലാകാരൻമാർ അരങ്ങ് തകർത്ത കാലമായിരുന്നു അത്. ഇന്നത്തെ പോലെ യൂ ട്യൂബോ വീഡിയോ സംവിധാനങ്ങളോ ഒന്നുമില്ലാതെ കാസറ്റുകളിലൂടെയും റേഡിയോകളിലൂടെയും ഒഴുകിയെത്തിയാണ് അവ ശ്രോതാക്കളെ കീഴടക്കിയത്.
വലിച്ചുനീട്ടലില്ലാതെ വിരസതയറിയിക്കാതെ ഏവരെയും സന്തോഷിപ്പിച്ച ഡിസ്കോയ്ക്കായിരുന്നു ആരാധകർ കൂടുതൽ. നൃത്തച്ചുവടുകൾ വയ്ക്കാൻ ഉതകുന്ന തരത്തിൽ ചിട്ടപ്പെടുത്തുയ ഡിസ്കോ ഗാനങ്ങൾക്ക് അകമ്പടിയായി വരുന്ന ഡ്രം ബീറ്റും ഗിറ്റാറും കാതുകളിൽ തീർക്കുന്ന വിസ്മയം ചെറുതല്ല. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും ആ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വമാണ്. അതിൽ എടുത്തു പറയേണ്ട ഒരു പേര് ബോണി എം ബാന്റിന്റേതാണ്. റഷ്യയിൽ നിക്കോളാസ് രണ്ടാമന്റെ കാലത്ത് ജീവിച്ചിരുന്ന ഗ്രിഗറി റാസ്പുട്ടിൻ എന്ന നിഗൂഢ മനുഷ്യന്റെ സംഭവബഹുലമായ കഥയെ മനപ്പാഠമാക്കി തന്ന ' റാ റാ റാസ്പുട്ടിൻ, ലവർ ഒഫ് ദ റഷ്യൻ ക്വീൻ .... " എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ സൃഷ്ടാക്കളായ യൂറോ - കരീബിയൻ സംഗീത ഗ്രൂപ്പ് !
ബോണി എമ്മിനൊപ്പം ഏറ്റുപാടിയ ലോകം
1976ലാണ് ബോണി എം ( Boney M. ) എന്ന ഗായക സംഘത്തിന്റെ പിറവി. ജർമ്മൻകാരനായ ഫ്രാങ്ക് ഫാരിയാനാണ് ബോണി എമ്മിന്റെ ശില്പി. റാസ്പുട്ടിൻ ഉൾപ്പെടെയുള്ള പാട്ടുകളുടെ വരികൾ എഴുതിയത് ഫാരിയൻ ആണ്. ലിസ് മിച്ചെൽ, മാർസിയ ബാരറ്റ്, മേയ്സീ വില്യംസ്, ബോബി ഫാരൽ എന്നീ നാല് കറുത്ത വംശജരായിരുന്നു ബോണി എമ്മിലെ അംഗങ്ങൾ. അമേരിക്കയിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെങ്കിലും നമ്മുടെ കേരളത്തിലുൾപ്പെടെ ബോണി എമ്മിന്റെ പാട്ടുകൾക്കായി കാതോർത്തിരുന്നവരുടെ നിര വളരെ വലുതായിരുന്നു. വർണവിവേചനത്തിനെതിരെയുള്ള ഒരു പ്രതീകമായും ബോണി എമ്മിനെ കണക്കാക്കിയിരുന്നു.
ചടുലമായ നൃത്തച്ചുവടുകളായിരുന്നു ബോണി എമ്മിൽ നാം ആദ്യം കാണുന്ന പ്രത്യേകത. പാട്ടിന്റെ വരികളിലേക്ക് ചെല്ലുകയാണെങ്കിലോ; റാസ്പുട്ടിന്റേത് പോലെ ഓരോരോ സംഭവബഹുലമായ കഥകളും കേൾക്കാം. ബോണി എമ്മിന്റെ ദശലക്ഷക്കണക്കിന് കാസെറ്റുകളായിരുന്നു ലോകമെമ്പാടും വിറ്റഴിഞ്ഞത്. ഡാഡി കൂൾ, മാ ബേക്കർ, റിവേർസ് ഒഫ് ബാബിലോൺ, ഹുറേയ് ഹുറേയ് ഇറ്റ്സ് എ ഹോളി - ഹോളിഡേ, ബ്രൗൺ ഗേൾ ഇൻ ദ റിംഗ്, സണ്ണി തുടങ്ങിയ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനങ്ങൾ ബോണി എമ്മിന്റെ സംഭാവനയാണ്.
ബോണി എമ്മിന്റെ വഴിത്തിരിവായ ഹിറ്റ് 1976ൽ പുറത്തിറങ്ങിയ ഡാഡികൂൾ ആയിരുന്നു. പിന്നാലെ ലോകം ഏറ്റുപാടിയ മാ ബേക്കർ എന്ന ഗാനത്തിന് പിന്നിലും റാസ്പുട്ടിന്റേത് പോലൊരു കഥയുണ്ട്. 1930കളിൽ അമേരിക്കൻ കുറ്റവാളി സംഘത്തെ നയിച്ചിരുന്ന മാ ബാർക്കർ എന്ന സ്ത്രീയേയും അവരുടെ ക്രിമിനലുകളായ ആൺമക്കളേയുമാണ് ഈ ഗാനത്തിൽ പ്രതിപാദിക്കുന്നത്. അതേ സമയം, വരികൾ ഇമ്പമുണ്ടാക്കാൻ മാ ബാർക്കറിനെ ' മാ ബേക്കർ " എന്നാക്കി മാറ്റുകയായിരുന്നു. ഒരു പഴയ ടൂണീഷ്യൻ നാടോടി പാട്ടിന്റെ ഈണമാണ് മാ ബേക്കറിനായി ഡിസ്കോ ട്രാക്കിൽ ചിട്ടപ്പെടുത്തിയത്. ബോണി എമ്മിനെ അറിയാത്തവർ പോലും ഈ പാട്ടുകൾ പല തവണ കേട്ടിട്ടുണ്ടാകാം. ബോണി എമ്മിന്റെ പാട്ടുകളുടെ ഈണം കടമെടുത്ത സിനിമാ ഗാനങ്ങൾ മലയാളത്തിലുൾപ്പെടെ പുറത്തിറങ്ങിയിട്ടുമുണ്ട്.
റാ റാ റാസ്പുട്ടിൻ
ടേക്ക് ദ ഹീറ്റ് ഓഫ് മീ ( 1976 ) ആണ് ബോണി എമ്മിന്റെ ആദ്യ ആൽബം. 1978ൽ പുറത്തിറങ്ങിയ ' നൈറ്റ് ഫ്ലൈറ്റ് ടു വീനസ് " എന്ന ആൽബത്തിലാണ് റാസ്പുട്ടിനുള്ളത്. ബോണി എമ്മിന്റെ മറ്റൊരു ഹിറ്റായ ബൈ ദ റിവേർസ് ഒഫ് ബാബിലോണും ഈ ആൽബത്തിലേതാണ്.
നേവാ നദിയുടെ ആഴങ്ങളിൽ തണുത്ത് വിറങ്ങലിച്ച് മറഞ്ഞ ഗ്രിഗറി റാസ്പുട്ടിന്റെ പുനർജന്മമായിരുന്നു ബോണി എമ്മിന്റെ റാസ്പുട്ടിൽ. ഗാനം പുറത്തിറങ്ങി വരികൾ ശ്രദ്ധിച്ച പലരും ആരാണ് റാസ്പുട്ടിനെന്നും അയാൾക്ക് എന്താണ് സംഭവിച്ചതെന്നും തേടി പുസ്തകങ്ങളും മറ്റും അരിച്ചുപെറുക്കി. ഇന്നത്തെ പോലെ ഒറ്റക്ലിക്കിൽ ഇന്റർനെറ്റിലൂടെ കാര്യങ്ങളറിയാൻ അന്ന് സാധിച്ചിരുന്നില്ല. യൂറോപ്പ്യൻ രാജ്യങ്ങളിലൂടെ ബോണി എമ്മിന്റെ റാസ്പുട്ടിൻ ശക്തിയേറിയ ശീതകാറ്റായി വീശിയടിച്ചു.
ആരാണ് റാസ്പുട്ടിൻ
നിഗൂഢതയൊളിപ്പിച്ച കണ്ണുകൾ, നീണ്ട താടിയും മുടിയുമുള്ള ഉയരം കൂടിയ ഒരു മനുഷ്യൻ. ആർക്കും അസ്വഭാവികമായി തോന്നാവുന്ന എന്തോ ഒന്ന് റാസ്പുട്ടിന്റെ തീഷ്ണതയേറിയ നോട്ടത്തിനുള്ളിൽ മറഞ്ഞിരിക്കുന്നതായി തോന്നിപ്പോകും. ' ... ഹീ വാസ് ബിഗ് ആൻഡ് സ്ട്രോംഗ്, ഇൻ ഹിസ് ഐസ് എ ഫ്ലേമിംഗ് ഗ്ലോ... " (He was big and str ong, in his eyes a flaming glow ) എന്നീ വരികളിലൂടെ തന്നെ ബോണി എം ഇത് കൃത്യമായി വർണിക്കുന്നുണ്ട്. ഇതിനെല്ലാമുപരി ശരിക്കും ആരായിരുന്നു റാസ്പുട്ടിൻ ?
റഷ്യയിലെ ഒരു കർഷക കുടുംബത്തിലാണ് റാസ്പുട്ടിന്റെ ജനനം. തനിക്ക് ദൈവീകമായ സിദ്ധികളുണ്ടെന്ന് അവകാശപ്പെട്ട റാസ്പുട്ടിൻ രോഗശാന്തിയിലൂടെയും പ്രവചനങ്ങളിലൂടെയും ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റി. ചിലർ അയാളെ മന്ത്രവാദിയായി കണ്ടപ്പോൾ മറ്റു ചിലർ അയാളെ ദിവ്യനായി വാഴ്ത്തി. റാസ്പുട്ടിന്റെ അത്ഭുതസിദ്ധി അങ്ങനെയിരിക്കെ സാർ ചക്രവർത്തിയായ നിക്കോളാസ് രണ്ടാമന്റെ ഭാര്യ അലക്സാൻഡ്ര കേൾക്കാനിടയായി. അവരുടെ മകൻ ഹീമോഫീലിയ രോഗ ബാധിതനായിരുന്നു. വൈദ്യൻമാർ മാറി മാറി പരീക്ഷിച്ചിട്ടും രാജകുമാരന്റെ രോഗം ശമിച്ചില്ല.
റാസ്പുട്ടിനെ പറ്റി കേട്ടതോടെ രാജ്ഞി ഏറെ പ്രതീക്ഷയോടെ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. അത്ഭുതമെന്ന് പറയട്ടെ, റാസ്പുട്ടിന് കുട്ടിയുടെ രോഗം ശമിപ്പിക്കാനായി. ഇതോടെ റാസ്പുട്ടിന്റെ തലവരയും മാറി. എന്തിനും ഏതിനും രാജകുടുംബം കൊട്ടാരത്തിൽ താമസമാക്കിയ റാസ്പുട്ടിന്റെ ഉപദേശം തേടിത്തുടങ്ങി. ഇതയാളുടെ ധൂർത്തും വർദ്ധിപ്പിച്ചു. മദ്യവും നിശാപാർട്ടികളിലെ നൃത്തവും റാസ്പുട്ടിന്റെ പതിവായി മാറി. ഉന്നത കുടുംബത്തിലെ സ്ത്രീകൾ പലരും റാസ്പുട്ടിന്റെ ഉപദേശങ്ങൾക്ക് ചെവികൊടുത്തിരുന്നു.
അതിനിടെ റാസ്പുട്ടിൻ രാജ്ഞിയുടെ കാമുകനാണെന്ന തരത്തിലെ വാർത്തകൾ കാട്ടുതീ പോലെ പടർന്നു. രാജകുടുംബം റാസ്പുട്ടിനെ അഗാധമായി വിശ്വസിച്ചിരുന്നു. എന്നാൽ ചില പ്രഭുക്കന്മാരെയും രാജകുടുംബാംഗങ്ങളെയും ഇത് ചൊടിപ്പിച്ചിരുന്നു. റാസ്പുട്ടിനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കാൻ അവർ ശ്രമിച്ചെങ്കിലും രാജ്ഞി തടസം നിന്നു. മകന്റെ അസുഖം പൂർണമായി ഭേദമാകണമെങ്കിൽ റാസ്പുട്ടിൻ കൊട്ടാരത്തിലുണ്ടായേ മതിയാകൂ എന്ന് രാജ്ഞി വാശിപിടിച്ചു.
ഒടുവിൽ റാസ്പുട്ടിനെ കൊല്ലാൻ പ്രഭുക്കന്മാർ തീരുമാനിച്ചു. ആദ്യം വൈനിലും കേക്കിലും വിഷം കലർത്തികൊടുത്തു; മരിച്ചില്ല. ! പിന്നെ വെടിവച്ചു; എന്നിട്ടും റാസ്പുട്ടിൻ മരിച്ചില്ലെന്നാണ് കഥ. ഒടുവിൽ മർദ്ദിച്ച് അവശനാക്കിയ റാസ്പുട്ടിനെ തണുത്തുറഞ്ഞ നേവാ നദിയിലേക്ക് തള്ളുകയായിരുന്നു. നദിയിലേക്കെറിയുമ്പോൾ റാസ്പുട്ടിന് ജീവനില്ലായിരുന്നു എന്നും ആദ്യം വെടിയേറ്റപ്പോൾ തന്നെ അയാൾ മരിച്ചിരിക്കാമെന്നുമാണ് റാസ്പുട്ടിന്റെ മൃതദേഹം പരിശോധിച്ച വിദഗ്ദ്ധർ പറഞ്ഞത്.
ശരിക്കും റാസ്പുട്ടിന് അത്ഭുതസിദ്ധിയുണ്ടായിരുന്നോ അതോ തട്ടിപ്പുകാരനായിരുന്നോ ? അറിയില്ല. പക്ഷേ, താൻ രാജകുടുംബാംഗങ്ങളുടെ കരങ്ങളാൽ കൊല്ലപ്പെട്ടേക്കാമെന്നും അങ്ങനെയെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ ചക്രവർത്തിയും കുടുംബവും കൊല്ലപ്പെടുമെന്നും റാസ്പുട്ടിൻ പ്രവചിച്ചിരുന്നുവെന്ന് കഥയുണ്ട്. റാസ്പുട്ടിൻ മരിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം 1918ൽ നിക്കോളാസ് രണ്ടാമനും ഭാര്യ അലക്സാൻഡ്രയും ഉൾപ്പെടുന്ന കുടുംബം വധിക്കപ്പെട്ടിരുന്നു.
മങ്ങിയ പ്രഭാവം
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെ പെട്ടെന്നാണ് ബോണി എം വിവാദങ്ങളുടെ ചുഴിയിലേക്ക് വഴുതി വീണത്. സ്റ്റേജ് ഷോകളിൽ നൃത്തം ചെയ്തുകൊണ്ട് അതിമനോഹരമായി ഒരുവരി പോലും തെറ്റാതെ പാടുന്ന ബോണി എം എല്ലാവർക്കും അത്ഭുതമായിരുന്നു. എന്നാൽ, നേരത്തെ റെക്കോർഡ് ചെയ്ത് വച്ച ശബ്ദത്തിനൊത്ത് അവർ ചുണ്ടനക്കുക മാത്രമാണ് ചെയ്തതെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ബോണി എമ്മിന്റെ ജനപ്രീതിയ്ക്ക് മങ്ങലേറ്റു.
80കളുടെ അവസാനം ബോണി എം പിരിയുകയും പലരും പല വഴിയ്ക്ക് പോവുകയും ചെയ്തു. ജർമ്മൻ സംഗീതജ്ഞനായ ഫ്രാങ്ക് ഫാരിയാനാണ് ബോണി എം സംഗീത ഗ്രൂപ്പ് സ്ഥാപിച്ചതെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. ' ബോണി " എന്ന ഓസ്ട്രേലിയൻ ഡിറ്റക്ടീവ് - ക്രൈം സീരീസിൽ നിന്നാണ് ഫ്രാങ്ക് ഫാരിയാൻ തന്റെ ബാൻഡിന് ബോണി എം എന്ന പേര് നൽകിയത്. ഗാനരചയിതാവ് കൂടിയായ ഇദ്ദേഹത്തിന്റെ ശബ്ദം ബോണി എം ഗാനങ്ങളിലൂടെ നമ്മൾ കേൾക്കുന്നു.സദസിലേക്ക് അധികം പ്രത്യക്ഷപ്പെടാൻ താത്പര്യമില്ലാതിരുന്നതിനാലാണ് ബോബി ഫാരൽ ഉൾപ്പെടെയുള്ള കലാകാരന്മാരെ ഫാരിയാൻ ബോണി എമ്മിന്റെ ഭാഗമാക്കിയത്. 79കാരനായ ഫാരിയാൻ ഇപ്പോഴും സംഗീതലോകത്ത് സജീവമാണ്. ബോണി എമ്മിലെ മുഖ്യ ഗായികയായി അറിയപ്പെട്ടത് ലിസ് മിച്ചലാണ്.ജമൈക്കൻ ബ്രിട്ടീഷ് വംശജയായ ലിസ് 1986ൽ ബോണി എം പിരിച്ചുവിടുന്നത് വരെ ബാൻഡിന്റെ ഭാഗമായിരുന്നു. ബോണി എമ്മിലെ മറ്റ് അംഗങ്ങളായ മാർസിയ ബാരറ്റും മെയ്സീ വില്യംസും ലിസിനെ പോലെ അവസാനം വരെ ബോണി എമ്മിനൊപ്പമുണ്ടായിരുന്നു. മൂവരും ഇപ്പോൾ അവരുടേതായ സംഗീതലോകത്ത് തുടരുന്നുണ്ട്.
റാസ്പുട്ടിന്റെ വിധിയുടെ ആവർത്തനം ?
ഗ്രിഗറി റാസ്പുട്ടിന്റെ അന്ത്യം ഇന്നും ലോകത്തിന് മുന്നിൽ ഒരു നിഗൂഢതയാണ്. റാസ്പുട്ടിന്റെ ഗാനം ഏറ്റുപാടിയായ ബോബി ഫാരലിനെയും അതേ വിധിയാണ് തേടിയെത്തിയത്. 2010 ഡിസംബർ 30ന് സെന്റ് പീറ്റേഴ്സ്ബർഗിൽ വച്ചാണ് ബോബി അന്തരിച്ചത്. പരിപാടി അവതരിപ്പിച്ച ശേഷം ഹോട്ടൽ മുറിയിൽ ഉറങ്ങാൻ കിടന്ന 61കാരനായ ബോബി പിന്നീട് ഉണർന്നില്ല.
ഗ്രിഗറി റാസ്പുട്ടിൻ കൊല്ലപ്പെട്ട അതേ നഗരത്തിൽ അതേ ദിവസമാണ് ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ ബോബിയെ മരണം തട്ടിയെടുത്തത്. ബോബിയുടെ ഉള്ളിൽ വിഷം ചെന്നിരുന്നതായും പറയപ്പെട്ടിരുന്നു. മരിക്കുന്നതിന് തലേദിവസം അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ശരിക്കും ഗ്രിഗറി റാസ്പുട്ടിന് സംഭവിച്ചത് പോലെ. മരണത്തിന് പിന്നിൽ ഒന്നിലധികം കാരണങ്ങൾ നിരത്തപ്പെട്ടു. കരീബിയൻ ദ്വീപായ അരൂബ സ്വദേശിയായ റോബർട്ടോ അൽഫോൻസോ ഫാരൽ എന്ന ബോബി ഫാരൽ 1981ലാണ് ബോണി എം വിട്ടത്.
ബോണി എമ്മിന്റെ റെക്കോർഡുകളിൽ ബോബി കാര്യമായ സംഭാവനകളൊന്നും നൽകിയിട്ടില്ലെന്നും സ്റ്റുഡിയോയിൽ പുരുഷ ശബ്ദം മിക്കപ്പോഴും താനായിരുന്നു പാടിയതെന്നും ഫ്രാങ്ക് ഫാരിയാൻ വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ലിസ് മിച്ചലും ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ബോബി പോയ ശേഷം റെഗ്ഗീ സൈബോ എന്ന ഘാനിയൻ ഗായകനെ ബോണി എമ്മിലേക്ക് കൊണ്ടു വന്നെങ്കിലും ബോബിയുടെ ജനപ്രീതിയ്ക്ക് പകരമായില്ല. 1984 മുതൽ 1986ൽ ബോണി എം പിരിച്ചുവിടുന്നത് വരെ റെഗ്ഗീ ഗ്രൂപ്പിൽ തുടർന്നിരുന്നു. ബോണി എമ്മിൽ നിന്ന് വിട്ടശേഷവും ബോബി ഫാരൽ മ്യൂസിക് ബാന്റ് രൂപീകരിച്ച് മരണം വരെ സംഗീതലോകത്ത് തുടർന്നിരുന്നു.