നാലുപതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമായ െെബജു സന്തോഷ് തുറന്നുസംസാരിക്കുന്നു
സിനിമകളിൽ ഒരുപാട് കാണുന്ന ഒരു മുഖം എന്നാൽ അഭിമുഖങ്ങളിൽ വളരെ കുറച്ചു മാത്രം കാണാൻ കഴിയുന്ന ഒരു വ്യക്തി. അതാണ് ബൈജു എന്ന ബൈജു സന്തോഷ്. ഒരു ഇടവേളയ്ക്ക് ശേഷമുള്ള സിനിമയിലേക്കുള്ള തിരിച്ചു വരവിൽ തകർപ്പൻ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഉണ്ടായിരുന്ന സ്ഥാനം ഒന്നു കൂടി ഊട്ടിയുറപ്പിക്കുക മാത്രമല്ല, മറ്റൊരു തലത്തിലേക്കും ഉയർത്തിയ താരമാണ് ബൈജു ഇപ്പോൾ.സോഷ്യൽ മീഡിയകളിലും മറ്റും ബൈജുവിന്റെ തഗ് വീഡിയോകളും മറ്റുമൊക്കെ ട്രെൻഡിംഗ് ആണ്. ബൈജു സംസാരിച്ചു തുടങ്ങുന്നു. തന്റെ നാൽപത് വർഷത്തെ സിനിമാ വിശേഷങ്ങൾ, നായകൻ ആകാൻ ഒരുങ്ങുന്നതിനെക്കുറിച്ച്, സിനിമകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്...
എങ്ങനെയുണ്ട് കൊവിഡുംലോക് ഡൗണും?
ലോക് ഡൗൺ കാലം ശരിക്കും നരക തുല്യമാണ്. ഷട്ടിൽ കളി, ജിം അങ്ങനെ ഒന്നുമില്ല. ഇനി ഇതിൽ കൂടുതൽ ഒന്നും വരാനില്ല. അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചു. ശരിക്കും ഇരുന്ന് വേരിറങ്ങി എന്ന് പറയുന്ന അവസ്ഥ.ലോക് ഡൗൺ ഇല്ലെങ്കിൽ പോലും രാത്രി പുറത്ത് ഇറങ്ങുന്ന ആളുകൾ ഇപ്പോൾ കുറവാണ്. അവർ വീട്ടിൽ ഇരുന്ന് ശീലമായി. പണ്ട് ക്ലബ്ബിലും ബാറിലുമൊക്കെ വന്നിരുന്ന ഒരുപാട് പേരെ ഇപ്പോൾ കാണുന്നില്ല. അവരൊക്കെ വീട്ടിലിരുന്ന് കുടിച്ച് ശീലിച്ചു പോയി.
സിനിമയിൽ എത്തിയിട്ട് നാല് പതിറ്റാണ്ട് തികയുന്നു ? എന്ത് തോന്നുന്നു ?
ശരിയാണ്.. സിനിമയിൽ 40 വർഷം ആകുന്നു. സിനിമയാണ് എന്റെ മേഖല എന്ന് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. സിനിമയിൽ ബ്രേക്ക് ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒഴുകി പോകുകയാണ്.
സിനിമയിലെ 40 വർഷം ഒന്ന് ആഘോഷിക്കണ്ടേ ?
അമ്പതാം വർഷം ആഘോഷിക്കാം. അമ്പത് വർഷം ഒരു ചെറിയ കാലയളവ് അല്ലല്ലോ. ഇനി വെറും പത്ത് വർഷം കൂടിയല്ലേ ഉള്ളൂ.
ഇത്രയും വർഷമായിട്ടും ബൈജുവിന് വലിയ മാറ്റമൊന്നുമില്ലല്ലോ?
അത് പിന്നെ എല്ലാപേരും അങ്ങനെ അല്ലെ..
മുഖം മാറ്റി വയ്ക്കാനൊന്നും പറ്റില്ലല്ലോ (ചിരിക്കുന്നു). ഞാൻ വർഷങ്ങളായി വ്യായാമം ചെയ്യുന്ന ആളാണ്. പിന്നെ അധികം ഭക്ഷണം കഴിക്കില്ല. ജീവിക്കാൻ വേണ്ടി മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ. കഴിക്കാൻ വേണ്ടി ജീവിക്കുന്ന ആളല്ല ഞാൻ.
ഇത്രയും വർഷമായി സിനിമയിൽ തുടരുന്നു. ആ കാലഘട്ടത്തിലെയും ഇപ്പോഴത്തെയും സിനിമ ആസ്വദിക്കുന്ന പ്രേക്ഷകരുടെ അഭിരുചിയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ് ?
ഇപ്പോഴത്തെ യൂത്തിന്റെ ട്രെൻഡ് ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പോൾ വളച്ചു കെട്ടും കള്ളത്തരവും ഒന്നും ഇല്ലാതെ കുറച്ചു കൂടി പച്ചയായി സിനിമയിലൂടെ കാര്യങ്ങൾ പറയുന്നത് കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം.
സിനിമയിൽ സജീവമായിട്ടും ബൈജു എന്ത് കൊണ്ട് കൊച്ചിയിലേക്ക് താമസം മാറിയില്ല ?
തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ആളാണ് ഞാൻ. അത് കൊണ്ട് തന്നെ ഈ സ്ഥലത്തിനോട് എനിക്ക് പ്രത്യേക താത്പര്യം ഉണ്ട്. പിന്നെ കൊച്ചി പോലൊരു നഗരത്തിലെ തിരക്കൊന്നും ഇവിടെയില്ല. ഇത്രയും അടുത്ത് എയർപോർട്ടും റെയിൽവേ സ്റ്റേഷനും ഒക്കെ ഉള്ള മറ്റൊരു സ്ഥലം ഉണ്ടോ ? അത് കൊണ്ട് ഇവിടം വിട്ട് ഞാൻ ഒരിടത്തും പോകില്ല. എനിക്ക് ഇവിടെ താമസിക്കാനാണിഷ്ടം. പത്താം വയസിൽ സിനിമയിൽ എത്തിയ ആളാണ്..
ബൈജു സിനിമ കണ്ടു തുടങ്ങുമ്പോൾ ആരുടെ ആരാധകനായിരുന്നു ?
ജയൻ സാറിന്റെ സിനിമകളാണ് പണ്ട് ഏറ്റവുമധികം കണ്ടിരുന്നത്. കാശൊന്നും നമുക്ക് ഒരു വിഷയമല്ല. അച്ഛന്റെ പേഴ്സിൽ നിന്നൊക്കെ എടുക്കാമായിരുന്നു. എന്റെ അലമാരയിൽ വച്ചിരുന്ന ഒരേയൊരു സിനിമാ നടന്റെ ഫോട്ടോ ജയൻ സാറിന്റെ മാത്രമായിരുന്നു.
എങ്ങനെയാണ് ഒരു സിനിമ തിരഞ്ഞെടുക്കുന്നത് ?
ആദ്യം കഥ ഒന്ന് ചുരുക്കത്തിൽ കേൾക്കും. പിന്നീട് ഞാൻ ചെയ്യേണ്ട സീനുകൾ മാത്രം ഞാൻ വായിച്ചു നോക്കും. എന്നിട്ട് എനിക്ക് ഇഷ്ടപ്പെട്ടാലേ ഞാൻ സിനിമ ചെയ്യൂ. അങ്ങനെ ഞാൻ ഒരുപാട് സിനിമകൾ ഈയിടെ വേണ്ടെന്ന് വച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. ശമ്പളത്തിലെ ചില പൊരുത്തക്കേടുകൾ കാരണം ഞാൻ ആ സിനിമ ചെയ്തില്ല. വിനീത് ശ്രീനിവാസന്റെ ഒരു സിനിമയും ഞാൻ ഇപ്പോൾ വേണ്ടെന്ന് വച്ചു. എന്റെ കഥാപാത്രം കേട്ടപ്പോൾ എനിക്ക് ചെയ്യാനും മാത്രം ഒന്നും ഇല്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ ആ കഥാപാത്രവും ഉപേക്ഷിച്ചു.
മുരളി ഗോപി തിരക്കഥ ഒരുക്കുന്ന സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ കാണാറുണ്ടല്ലോ ?
മുരളി ഗോപി പത്തോളം സിനിമകൾ എഴുതിയിട്ടുണ്ട്. അതിൽ നാല് സിനിമകളിലേ ഞാൻ അഭിനയിച്ചിട്ടുള്ളൂ. ഒരു തിരക്കഥ എഴുതുമ്പോൾ അറിയാതെ നിങ്ങൾക്കും ഇന്ദ്രജിത്തിനും ഉള്ള വേഷം എഴുതി പോകുന്നതാണ് എന്നാണ് മുരളി ഒരിക്കൽ എന്നോട് പറഞ്ഞത്.
ബൈജുവിന്റെ 'തഗ്' വീഡിയോകൾ ഇപ്പോൾ ഒരുപാട് വരുന്നുണ്ട്. ട്രെൻഡിംഗ് ആണ്. കാണാറുണ്ടോ?
പിന്നേ..കാണാറുണ്ട്..ഇടയ്ക്കിടെ കാണാറുണ്ട്..ആരാണ് ഇത് ചെയ്യുന്നത് എന്ന് അറിയില്ല. പക്ഷെ സംഭവം കൊള്ളാം. ചെയ്യുന്നവരെ കണ്ടാൽ ഞാൻ ഒരു ഉമ്മ കൊടുക്കും. തഗ് തൊപ്പിയും കണ്ണാടിയും മ്യൂസിക്കും ഒക്കെ വരുന്നത് കാണുമ്പോൾ നല്ല രസമുണ്ട്.
സിനിമ കണ്ട് മക്കൾ അഭിപ്രായം പറയാറുണ്ടോ ?
മൂത്ത മകൾ ഐശ്വര്യ ഇപ്പോൾ എം. ബി. ബി എസിന് പഠിക്കുന്നു. മകൻ ലോകനാഥ് പത്താം ക്ലാസിൽ പഠിക്കുന്നു. അവർ സിനിമ കണ്ടിട്ട് കൊള്ളാമെങ്കിൽ കൊള്ളാം എന്ന് പറയും, കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയും. അത് അങ്ങനെ വേണമല്ലോ. അച്ഛനാണ് എന്ന് വിചാരിച്ച് ചെയ്യുന്നതെല്ലാം ശരിയാകുമോ ? ആ സിനിമയിൽ ഭയങ്കര ബോറായിരുന്നു കേട്ടോ..ഈ പരിപാടിയൊക്കെ വച്ച് നിറുത്തിക്കോണം എന്നൊക്കെ എന്റെ മകൻ പറയും.
അഭിനയമല്ലാതെ സിനിമയിൽ ഇനി ഏതെങ്കിലും മേഖലയിലേക്ക് പോകണം എന്ന് ആഗ്രഹം ഉണ്ടോ ? നിർമ്മാണം പോലെ എന്തെങ്കിലും ?
നിർമ്മാതാവാകുന്നതിൽ തെറ്റൊന്നുമില്ല. ബിസിനസ്സ് ചെയ്യാൻ കഴിയുന്ന ഒരു പ്രോജക്ട് ആണെങ്കിൽ ഉറപ്പായും നോക്കാം. അതിനു മുൻപ് സിനിമ നിർമ്മിക്കാനുള്ള കാശ് ആദ്യം അഭിനയിച്ച് ഉണ്ടാക്കട്ടെ. എന്നിട്ട് അതിനെപ്പറ്റി ആലോചിക്കാം. എന്നെ കുറച്ചു കാലം കൂടി ഒരു നടനായി നിങ്ങൾക്ക് കാണാൻ പറ്റും. അത്ര പെട്ടന്ന് എന്നെ ഒരു നിർമ്മാതാവാക്കാതെ.
രാഷ്ട്രീയത്തിൽ താത്പര്യം ഉണ്ടോ ?
രാഷ്ട്രീയത്തോട് എനിക്ക് താത്പര്യം ഇല്ല. പക്ഷെ രാഷ്ട്രീയ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് എന്നൊക്കെ അറിയണമല്ലോ.
എങ്ങനെയാണ് ബൈജു എന്ന വ്യക്തി ?
ഞാൻ പൊതുവെ തമാശയൊക്കെ പറഞ്ഞു നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. സീരിയസായി നടക്കുന്ന ആളുകളോട് ആർക്കാണ് താത്പര്യം തോന്നുന്നത് ? ആൾക്കാരെ രസിപ്പിക്കാൻ കഴിയുന്നത് ഒരു കഴിവല്ലേ ?
സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ?
ഈ ചോദ്യം അന്ന് ഒരു പരിപാടിയിൽ ആനി എന്നോട് ചോദിച്ചതാണ് പിന്നീട് കുറെ 'തഗ് "വീഡിയോ ആയിട്ടൊക്കെ വന്നത്. ശരിക്കും പൊലീസ് ആകണം എന്നായിരുന്നു ആഗ്രഹം.
അതെന്താ പൊലീസ് ആകണം എന്ന ആഗ്രഹം ?
ചുമ്മാ..ആളുകളുടെ മെക്കിട്ട് കയറാല്ലോ...അതേയുള്ളൂ..വേറെ കാര്യമൊന്നുമില്ല..പക്ഷെ പഴയ പോലീസ് ഒന്നുമല്ല ഇപ്പോഴത്തെ പൊലീസ്. ഒരുപാട് മാറിപ്പോയി. ഒട്ടുമുക്കാൽ എല്ലാ പോലീസുകാരും ഇപ്പോൾ വളരെ നല്ല രീതിയിലാണ് ആളുകളോടൊക്കെയുള്ള പെരുമാറ്റം.
ബൈജുവിനോട് ഒരു ചോദ്യം ചോദിച്ചാൽ തറുതലയേ പറയുകയുള്ളൂ എന്ന ഒരു അഭിപ്രായം ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?
ചില അഭിമുഖങ്ങളിൽ ചിലർ മുന വച്ച ചോദ്യങ്ങൾ ചോദിക്കും. അതിനു അങ്ങനെയുള്ള മറുപടി ഞാൻ കൊടുക്കും. സിനിമയെ സംബന്ധിച്ച് തുറന്നു പറയുന്നതൊന്നും ആർക്കും ഇഷ്ടമല്ലാത്ത സംഗതി തന്നെയാണ്. ചിലർ അത് നല്ല സെൻസിൽ എടുക്കും ചിലർ അങ്ങനെ എടുക്കാറില്ല. പക്ഷെ എന്നെ സംബന്ധിച്ചടത്തോളം എനിക്ക് ഒരാളോട് ഒരു കാര്യം പറയണമെങ്കിൽ അത് പറഞ്ഞേ പറ്റൂ. അല്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല. അത് എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. അല്ലാതെ ഞാൻ അയാളെ വിഷമിപ്പിക്കാൻ വേണ്ടിയിട്ടല്ല അത് പറയുന്നത്.
ആ സ്വഭാവം മാറ്റണം എന്ന് തോന്നിയിട്ടുണ്ടോ ?
ഒരിക്കലുമില്ല..അങ്ങനെ മാറ്റിയാൽ എന്റെ ക്യാരക്ടർ അവിടെ മരിക്കില്ലേ ? പിന്നെ ഇത് പോലെയുള്ള പറച്ചിലുകൾ കൊണ്ട് പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ഒന്നുമില്ല..വെട്ടിത്തുറന്നു പറയുന്നവരോടാണ് ആളുകൾക്ക് താത്പര്യം.
ഈശ്വര വിശ്വാസിയാണോ ?
ഞാൻ ഒരു അന്ധവിശ്വാസിയല്ല. വിശ്വാസങ്ങൾക്ക് എതിരുമല്ല. എന്നാൽ അന്ധവിശ്വാസിയുമല്ല. അരവിന്ദന്റെ അതിഥികൾ എന്ന സിനിമ ഷൂട്ട് ചെയ്യാൻ മൂകാംബിക പോയപ്പോൾ ആണ് അവസാനമായി അമ്പലത്തിൽ പോയത്. അന്ന് ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് ഹോട്ടലിൽ എത്തിയപ്പോൾ ദാസേട്ടൻ അമ്പലത്തിൽ പോകാൻ ഇറങ്ങുന്നു. എന്ന കണ്ടയുടൻ ചോദിച്ചു, അമ്പലത്തിൽ വരുന്നില്ലേ ? ഞാൻ പറഞ്ഞു പിന്നെന്താ..ദാസേട്ടൻ വിളിച്ചതല്ലേ..അന്ന് ദാസേട്ടന്റെ പിറന്നാൾ ആയിരുന്നു. അങ്ങനെ ദാസേട്ടന്റെ കൂടെ അമ്പലത്തിൽ കയറിയതാ. എന്നെ സംബന്ധിച്ച് അമ്പലത്തിൽ പോയി എന്ന് വച്ച് എനിക്ക് മനസ്സിന് പ്രത്യേക സുഖമോ അങ്ങനെ ഒന്നും ഇല്ല. എനിക്ക് അങ്ങനെ പ്രാർത്ഥനകളും ഇല്ല.ഞാൻ ജ്യോൽസ്യൻമാരെ കാണാനും പോകാറില്ല. ഞാൻ എന്റെ മനസ്സിനോട് ചോദിക്കുന്നത്, നീ വേറെ തെറ്റൊന്നും ചെയ്യുന്നില്ല, ആരെയും ദ്റോഹിക്കുന്നുമില്ല ഉപദ്രവിക്കുന്നുമില്ല, ആരെയും പറ്റിക്കുന്നുമില്ല. എനിക്ക് അങ്ങനെ ഒരു പേടിയുമില്ല..പിന്നെ എന്തിനാണ് അമ്പലത്തിൽ പോകുന്നത് ? എന്നു വച്ച് ഈ അമ്പലത്തിൽ പോകുന്നവരൊക്കെ ഇതൊക്കെ ചെയ്യുന്നവരാണ് എന്നല്ല, എന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. എന്ന് വച്ച് അമ്പലത്തിൽ പോകുന്നവരോട് ഞാൻ എതിരല്ല. ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയല്ല എന്ന് തന്നെ പറയാം. എന്നെ സംബന്ധിച്ചടത്തോളം സൂര്യനും ചന്ദ്രനുമാണ് എന്റെ ദൈവങ്ങൾ. വേറെ ഒരു ദൈവങ്ങളിലും ഞാൻ വിശ്വസിക്കുന്നില്ല.
ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം കഥാപാത്രങ്ങൾ ?
ലൂസിഫർ, പട്ടാഭിരാമൻ, പുത്തൻ പടം, വടക്കുനോക്കിയന്ത്രം ഇതിലെയൊക്കെ എന്റെകഥാപാത്രങ്ങൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. വേറെയും ഒരുപാട് ഉണ്ട് കേട്ടോ..
ഇനിയുള്ള സിനിമകൾ ?
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ, ഞാനും മുരളി ഗോപിയും അനൂപ് മേനോനും അഭിനയിക്കുന്ന രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന സിനിമ, കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമ ഇതിന്റെയൊക്കെ കൂടെ ഞാൻ നായകനായി എത്തുന്ന ഒരു സിനിമ കൂടി വരുന്നുണ്ട്. തെലുങ്ക് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ശ്രീകാന്ത് എന്നയാളുടെ ആദ്യത്തെ സിനിമയാണ് അത്. ശ്രീകാന്ത് തിരുവനന്തപുരത്തുകാരനാണ്.