ucl

ഇംഗ്ളീഷ് ക്ളബുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നാളെ രാത്രി

പോർട്ടോ : ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ നാളെ പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റോഡിയോ ഡോ ഡ്രാഗോയിൽ നടക്കും. ഇംഗ്ളീഷ് ക്ളബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇസ്താംബുളിലാണ് ഫൈനൽ നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ പോർട്ടോയിലേക്ക് വേദി മാറ്റുകയായിരുന്നു.

മാഞ്ചസ്റ്റർ സിറ്റി

ചരിത്രത്തിലാദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തുന്നത്.

സീസണിൽ ഇതുവരെ തോൽവി അറിയാതെയാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയുടെ വരവ്.

ഇത്തവണ ആറിൽ അഞ്ചുമത്സരങ്ങളും ജയിച്ച് സി ഗ്രൂപ്പിൽ ഒന്നാമന്മാരായാണ് മാഞ്ചസ്റ്റർ സിറ്റി പ്രീ ക്വാർട്ടറിലെത്തിയത്.

പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിലും രണ്ടാം പാദത്തിലും ജർമ്മൻ ക്ളബ് ബൊറൂഷ്യ മോൺഷെംഗ്ളാബാഷിനെ 2-0 എന്ന സകോറിന് തോൽപ്പിച്ചു.

ക്വാർട്ടർ ഫൈനലിൽ എതിരാളികളായിരുന്നത് മറ്റൊരു ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടായിരുന്നു. ഇരുപാദങ്ങളിലും ജയിച്ചത് 2-1 എന്ന മാർജിനിൽ.

സെമിഫൈനലിൽ പാരീസ് എസ്.ജിയെ ആദ്യപാദത്തിൽ2-1നും രണ്ടാം പാദത്തിൽ 2-0ത്തിനും തോൽപ്പിച്ചു.

രണ്ട് തവണ ബാഴ്സലോണയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ പരിചയസമ്പത്തിന് ഉടമയാണ് ബാഴ്സ കോച്ച് പെപ് ഗ്വാർഡിയോള.

2008-09 സീസണിലും 2010-11 സീസണിലുമാണ് പെപ് ബാഴ്സയെ ചാമ്പ്യന്മാരാക്കിയത്.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നത്.

പ്രധാന താരങ്ങൾ

എഡേഴ്സൺ,കെവിൻ ഡി ബ്രുയാൻ,ഇക്കേയ് ഗുണ്ടോഗൻ,റിയാദ് മെഹ്റേസ് ,ഫിൽ ഫോഡൻ,റഹിം സ്റ്റെർലിംഗ്,ഗബ്രിയേൽ ജീസസ്,സെർജിയോ അഗ്യൂറോ

ചെൽസി

ഇത് മൂന്നാം തവണയാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നത്. 2007-08 സീസണിലെ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റെങ്കിലും 2011-12 സീസണിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി ജേതാക്കളായി.

ഇത്തവണ ഗ്രൂപ്പ് റൗണ്ടിൽ നാലു വിജയങ്ങളും രണ്ട് സമനിലകളുമായാണ് ചെൽസി പ്രീ ക്വാർട്ടറിലേക്ക് എത്തിയത്.

പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 1-0ത്തിനും രണ്ടാം പാദത്തിൽ 2-0ത്തിനും തോൽപ്പിച്ചു.

ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ എഫ്.സി പോർട്ടോയോട് 1-0ത്തിന് തോറ്റെങ്കിലും ആദ്യ പാദത്തിൽ 2-0ത്തിന് ജയിച്ചതിനാൽ സെമിയിലെത്തി.

സെമിയു‌ടെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനോട് 1-1ന് സമനില വഴങ്ങി. രണ്ടാം പാദത്തിൽ 2-0ത്തിന് ജയിച്ച് ഫൈനലിലെത്തി.

ചെൽസിയുടെ ഇപ്പോഴത്തെ കോച്ച് തോമസ് ടുഹേൽ കഴിഞ്ഞ സീസണിൽ റണ്ണർ അപ്പായ പാരീസ് എസ്.ജിയുടെ പരിശീലകനായിരുന്നു

പ്രധാന താരങ്ങൾ

എഡ്വാർഡ് മെൻഡി,തിയാഗോ സിൽവ,മാർക്കോസ് അലോൺസോ,സെസാർ അത്പെല്ലക്യുവേറ്റ,എൻഗോളോ കാന്റേ,ക്രിസ്റ്റ്യൻ പുലിസിച്ച്,മേസൺ മൗണ്ട്,ഹക്കിം സിയേഷ്,ഒളിവർ ജിറൂദ്.ടിമോ വെർണർ,കായ് ഹാവെർട്ട്സ്.