-cm-pinarayi-

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്നുലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസുവരെ 2000 രൂപ മാസംതോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലുള്ള പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത സമയത്ത് നടത്താന്‍ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അദ്ധ്യാപകര്‍ കൊവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ കൊവിഡ് ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.