മുംബയ്: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ വായ്പകൾ പുനഃക്രമീകരിക്കാനും സെപ്തംബർ വരെ മോറട്ടോറിയം അനുവദിക്കാനും റിസർവ് ബാങ്കിന്റെ അനുമതി തേടി സ്വകാര്യ ബാങ്കുകൾ. നേരത്തേ പൊതുമേഖലാ ബാങ്കുകളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞവർഷം പ്രഖ്യാപിച്ച റെസോല്യൂഷൻ ഫ്രെയിംവർക്ക് 1.0ന്റെ ഭാഗമായുള്ള ഒറ്റത്തവണ വായ്പാപുനഃക്രമീകരണം നീട്ടണമെന്നാണ് ബാങ്കുകളുടെ ആവശ്യം.
വായ്പാ ഇടപാടുകാർക്ക് മോറട്ടോറിയമോ പുനഃക്രമീകരണമോ ആശ്വാസനടപടിയായി ലഭ്യമാക്കിയില്ലെങ്കിൽ ബാങ്കുകളുടെ സമ്പദ്സ്ഥിതിയെ അത് മോശമാക്കുമെന്നും നിഷ്ക്രിയ ആസ്തി കുതിക്കുമെന്നും റിസർവ് ബാങ്ക് ഗവണർ ശക്തികാന്ത ദാസുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്വകാര്യ ബാങ്കുകളുടെ മേധാവികൾ വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തിൽ ശക്തികാന്ത ദാസ് വ്യക്തമായ മറുപടി നൽകിയില്ല. എന്നാൽ, ജൂൺ നാലിന് പ്രഖ്യാപിക്കുന്ന ധനനയത്തിൽ റിസർവ് ബാങ്ക് ഇക്കാര്യം പരിഗണിച്ചേക്കും. പലിശരഹിത മോറട്ടോറിയം ആറുമാസത്തേക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവാരം സുപ്രീംകോടതിയിൽ പൊതു താത്പര്യ ഹർജി എത്തിയെങ്കിലും ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസ് ജൂൺ 11ന് വീണ്ടും പരിഗണിക്കുന്നുണ്ട്.