ggg

വിതുര: വ്യാജമദ്യ ലോബിക്ക് അനുഗ്രഹമായി രണ്ടാം ലോക്ക്ഡൗൺ. മൂന്നാഴ്ചയായി ബിവറേജസുകളും ബാറുകളും അടച്ചതോടെ കുമിളുപോലെ വ്യാജന്മാരും തലപൊക്കി. പ്രതിരോധപ്രവർത്തനങ്ങളുമായി പൊലീസ് നെട്ടോട്ടമോടുമ്പോഴും വ്യാജന്മാരുടെ നിർമ്മാണം തകൃതിയായി നടക്കുകയാണ്. ലോക്ക്ഡൗണിന്റെ ആദ്യ നാളുകളിൽ മദ്യത്തിനായി നെട്ടോട്ടമോടിയിരുന്നവർ ഇപ്പോൾ വളരെ സന്തോഷത്തിലാണ്. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിൽ വ്യാജവാറ്റ് ഉഷാറാണ്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും മലയോരമേഖലയിൽ വ്യാജമദ്യലോബി പിടിമുറുക്കിയിരുന്നു. വനാന്തരങ്ങളിലും, ആദിവാസി ഊരുകളിലും തമ്പടിച്ച് വൻതോതിൽ ചാരായം വാറ്റി പുറംനാട്ടുകാർക്ക് നൽകി. വീടുകൾ കേന്ദ്രീകരിച്ചും വാറ്റ് ശക്തിപ്പെട്ടിരുന്നു. പൊലീസും, എക്സൈസും വ്യാപകമായി റെയ്ഡ് നടത്തി സ്ത്രീകളടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ലോക്ക്ഡൗൺ പിൻവലിച്ചതോടെയാണ് വാറ്റുലോബികൾ കളം വിട്ടത്. മദ്യശാലകൾ അടഞ്ഞുകിടക്കുകയാണെങ്കിലും ഇപ്പോൾ മദ്യപാനികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഓർഡർ നൽകിയാൽ നിശ്ചിതസ്ഥലത്ത് മണിക്കൂറുകൾക്കകം സാധനം എത്തും. വില ജാസ്തിയാണെന്ന് മാത്രം, വ്യജമദ്യം വിൽക്കാൻ കരാർ അടിസ്ഥാനത്തിൽ അനവധി പേർ കളത്തിൽ സജീവമാണ്.

പ്രധാന കേന്ദ്രങ്ങൾ

പൊൻമുടി, പേപ്പാറ, കല്ലാർ, ബോണക്കാട്, ആര്യനാട്, പെരിങ്ങമ്മല വനമേഖലകൾ

പരിശോധന കടുപ്പിച്ച് ഉദ്യോഗസ്ഥർ,​ എന്നിട്ടും

വനപാലകർ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചാണ് വാറ്റുലോബിയുടെ പ്രവർത്തനം. എക്സൈസിന്റെ നേതൃത്വത്തിൽ റെയ്ഡുകൾ സജീവമാണെങ്കിലും വാറ്റ് കേന്ദ്രങ്ങൾ ഇപ്പോഴും സജീവമാണ്. നാടൻ ചാരായം വാങ്ങാൻ തലസ്ഥാനത്ത് നിന്ന് വരെ സംഘം എത്തുന്നുണ്ട്. കർശന പരിശോധനകൾ നടക്കുന്നതിനാൽ പാതിരാത്രിയിലും മറ്റുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ചാരായം ഒഴുക്കുന്നത്. ഇക്കൂട്ടരെ ഇതുവരെ പിടികൂടാനായിട്ടില്ല. യുവാക്കൾ കൂടുതലും ചാരായം കടത്തുന്നത് ബൈക്കുകളിലാണ്. സ്ത്രീകളും രംഗത്തുണ്ട്. ലോക്ക്ഡൗൺ പരിശോധനകൾ നടക്കുന്നതിനാൽ പൊലീസിന് വേണ്ട രീതിയിൽ വാറ്റുലോബികൾക്കെതിരെ കളത്തിലിറങ്ങാൻ കഴിയാത്ത സ്ഥിതി വിശേഷവുമുണ്ട്. എക്സൈസിന്റെ പരിശോധനകളും മുറയ്ക്ക് നടക്കുന്നുണ്ട്. ആദിവാസികളെ ചൂഷണം ചെയ്തും, ഭീഷണിപ്പെടുത്തിയുമാണ് വനമേഖലകളിൽ വാറ്റ് കൊഴുക്കുന്നതെന്നും പരാതി ഉയരുന്നു.

ഒരു കുപ്പി നാടന് 2000 രൂപ

കാശുണ്ടോ കുപ്പി റെഡി...

കഴിഞ്ഞ ലോക്ക്ഡൗൺകാലത്ത് ഒരു കുപ്പി നാടൻ ചാരായത്തിന് 1000-1500 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ ഇത് 2000 രൂപയായി. വില കൂടിയെങ്കിലും വില്പനയ്ക്ക് കുറവില്ല. പ്ലാസ്റ്റിക് കവറിൽ നിറച്ച ചാരായവും വിപണിയിൽ സുലഭമാണ്. 200 മുതൽ 500വരെയാണ് കവർ ചാരായത്തിന്റെ വില. കളർ ചേർത്ത് കുപ്പികളിൽ നിറച്ച നാടൻ മദ്യവും വിദേശമദ്യമെന്ന പേരിൽ വിപണിയിലുണ്ട്. ചാരായത്തിന് ആശ്യക്കാർ കൂടുന്നതനുസരിച്ച് വിലയും കൂടുന്ന രീതിയാണ് നിലവിലുള്ളത്. വാറ്റുകാരെ അമർച്ച ചെയ്യണമെന്ന് മദ്യവിരുദ്ധസമിതി വിതുര മേഖലാ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.