ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാത്തതിന് മോഹൻലാലിനും മമ്മൂട്ടിക്കുക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. നിരവധി പേരാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സോഷ്യൽ മീഡിയാ ഹാൻഡിലുകളിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രതിച്ഛായ സംരക്ഷിക്കാനായി ഇരുവരും ഈ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്നും പൃഥ്വിരാജ് 'നട്ടെല്ലുള്ള നായകനാണെ'ന്നുമാണ് ഇവർ കമന്റ് ബോക്സുകളിലൂടെ പറയുന്നത്.
മമ്മൂട്ടിയെയും മോഹൻലാലിനെയും തങ്ങൾ ആരാധിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ ആരാധന തോന്നുന്നത് വിഷയത്തിൽ ശക്തമായ നിലപാടറിയിച്ച പൃഥ്വിരാജിനോടാണ് എന്നും ഇക്കൂട്ടത്തിൽ ചിലർ പറയുന്നുണ്ട്. താരങ്ങളുടെ വിവിധ പോസ്റ്റുകൾക്ക് കീഴിലായാണ് ഇവർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. താരങ്ങളെ പിന്തുണച്ചുകൊണ്ട് കമന്റിടുന്നവരെയും കാണാം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോഡ പട്ടേലിന്റെ നയങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ടും ദ്വീപ് ജനതയുടെ അവകാശങ്ങളെയും ജീവിതരീതികളെയും പിന്തുണച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയാ പ്രൊഫൈലുകൾ നടനെതിരെ സൈബർ ആക്രമണം നടത്തിയത്. തുടർന്ന് 'ജനം' ചാനലിന്റെ ഓൺലൈൻ സൈറ്റിൽ തരംതാണ വാക്കുകൾകൊണ്ട് പൃഥ്വിരാജിനെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു ലേഖനവും പ്രത്യക്ഷപ്പെട്ടു. ലേഖനത്തിനെതിരെ രൂക്ഷവിമർശനം ഉണ്ടാകുകയും തുടർന്ന് ചാനൽ ഈ ലേഖനം പിൻവലിക്കുകയും ചെയ്തിരുന്നു.
content details: social media against mohanlal and mammootty on lakshadweep issue praises prithviraj.