rbi

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ബാങ്കുകളിൽ റിപ്പോർട്ട് ചെയ്‌ത തട്ടിപ്പുകളുടെ മൂല്യം 25 ശതമാനം കുറഞ്ഞെന്ന് റിസർവ് ബാങ്ക്. 2019-20ലെ 1.85 ലക്ഷം കോടി രൂപയിൽ നിന്ന് 1.38 ലക്ഷം കോടി രൂപയായാണ് മൂല്യം കുറഞ്ഞത്. തട്ടിപ്പുകേസുകൾ 15 ശതമാനം താഴ്‌ന്ന് 7,363 ആയി. ഇതിൽ 59 ശതമാനം വിഹിതവുമായി 81,901 കോടി രൂപയുടെ തട്ടിപ്പുകളും നടന്നത് പൊതുമേഖലാ ബാങ്കുകളിലാണ്. സ്വകാര്യ ബാങ്കുകളുടെ വിഹിതം 33 ശതമാനം; മൂല്യം 46,335 കോടി രൂപ.

കഴിഞ്ഞവർഷം മൊത്തം കേസുകളിൽ 99 ശതമാനവും വായ്‌പാ ഇടപാടുകളിലാണ്. ഇതിൽ, ഓൺലൈനിലൂടെയുള്ള തട്ടിപ്പുകളുടെ പങ്ക് 34.6 ശതമാനമാണ്. തട്ടിപ്പ് നടന്ന് ശരാശരി 23 മാസങ്ങൾക്ക് ശേഷമാണ് കണ്ടെത്തുന്നത്. 100 കോടി രൂപയ്ക്കുമേൽ മൂല്യമുള്ള തട്ടിപ്പുകൾ കണ്ടെത്താൻ ശരാശരി 57 മാസവും വേണ്ടിവരുന്നു.

കറൻസി പ്രചാരം കൂടുന്നു

കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് കറൻസി സർക്കുലേഷൻ കുത്തനെ കൂടുന്നതായി റിസർ‌വ് ബാങ്ക്. അടിയന്തര ആവശ്യങ്ങൾക്കായി കരുതിവയ്‌ക്കാനായി അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് ജനം കൈവശം സൂക്ഷിക്കുന്നതാണ് കാരണം. പ്രചാരത്തിലുള്ള കറൻസികളുടെ മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷം 16.8 ശതമാനവും എണ്ണം 7.2 ശതമാനവും വർദ്ധിച്ചു.

2019-20ൽ മൂല്യവർദ്ധന 14.7 ശതമാനവും എണ്ണക്കുതിപ്പ് 6.6 ശതമാനവുമായിരുന്നു. പ്രചാരത്തിലുള്ള മൊത്തം കറൻസികളിൽ 500, 2000 നോട്ടുകളുടെ മൂല്യം 83.4 ശതമാനത്തിൽ നിന്ന് 85.7 ശതമാനത്തിലെത്തി. 2, 5, 10, 20, 50, 100, 200, 500, 2000 എന്നീ മൂല്യമുള്ള നോട്ടുകളാണ് പ്രചാരത്തിലുള്ളത്. നാണയങ്ങളിൽ 50 പൈസ, ഒരു രൂപ, രണ്ടുരൂപ, അഞ്ചുരൂപ, 10 രൂപ, 20 രൂപ എന്നിവയും.