boat

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി 12 മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി.. ജൂലായ് 31 അർദ്ധരാത്രി 12 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏ‍പ്പെടുത്തിയിട്ടുള്ളത്.. ട്രോളിംഗ് നിരോധന കാലയളവിൽ ഇൻബോർഡ് വളളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കൂ.

ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ എല്ലാം കടലിൽ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്‌സുമെന്റും കോസ്റ്റൽ പോലീസും ഉറപ്പാക്കണം. ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.

ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും കോവിഡ് പശ്ചാത്തലത്തിൽ മത്സ്യം കൈകാര്യം ചെയ്യാൻ ഏർപ്പെടുത്തിയ മാർഗ നിർദ്ദേശങ്ങൾ ട്രോളിംഗ് നിരോധന കാലയളവിലും ബാധകമായിരിക്കും.