bus

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെയും കൊണ്ട് അസമി​ലേക്കും പശ്ചി​മബംഗാളി​ലേക്കും പോയി അവിടെ കുടുങ്ങിയ ബസുകൾ കേരളത്തിലേക്ക് മടക്കയാത്ര തുടങ്ങി.

450ലേറെ വണ്ടികളാണ് ലോക്ക്ഡൗണും മടക്കയാത്രയ്ക്ക് ആളെ കിട്ടാത്തതും കാരണം ഒരു മാസത്തിലേറെയായി കുടുങ്ങിയത്. 30ന് മുൻപ് അതിർത്തി കടക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതിനാൽ അസമിലുള്ള ബസുകളിൽ പകുതിയോളം ബുധൻ, വ്യാഴം ദിവസങ്ങളിലായി മടക്കയാത്ര തുടങ്ങി.

അസമിൽ നിന്ന് 150 വണ്ടികൾ മടക്കയാത്രയി​ലാണെന്ന് അവി​ടെയുള്ള ഫ്രണ്ട്‌സ് ട്രാവൽസ് പ്രൊപ്രൈറ്ററും ബസുടമയുമായ സതീഷ് കല്യാശേരി പറഞ്ഞു. യാത്രക്കാരില്ലാതെ മടങ്ങുന്നതി​നാൽ വൻനഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാസം ജീവനക്കാർക്ക് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിട്ടു. ഗുണ്ടാ ഭീഷണിയും ഉദ്യോഗസ്ഥരുടെ ഭീഷണയുമുണ്ടായി​.സംസ്ഥാന സർക്കാർ ഇടപെടൽ സഹായകമായെന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ബസുകൾ തിരികെ എത്തിക്കുന്നതിന് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മൂവാറ്റുപുഴ സ്വദേശിയായ ഡ്രൈവർ അജേഷ് പറഞ്ഞു. നാട്ടിലെ ചില ഏജന്റുമാർ ബസുകൾ കേരളത്തിലേക്ക് കാലിയായി മടങ്ങാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 44 ബസുകൾ ഇങ്ങി​നെ മടങ്ങാനാകെ കിടക്കുന്നുണ്ട്. ഒന്നര മാസത്തിലേറെയായി അസമി​ൽ പെട്ടുപോയ ബസുകളുണ്ട്.കഴി​ഞ്ഞ ദി​വസം പശ്ചി​മബംഗാളിൽ മരിച്ച ഡ്രൈവർ പാവറട്ടി സ്വദേശി കെ.പി.നജീബിന്റെ പോസ്റ്റ്‌മോർട്ടം കഴി​ഞ്ഞു. മൃതദേഹം വെള്ളിയാഴ്ച വിമാനമാർഗം

നാട്ടിലെത്തിക്കും.