ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകളെ വിമർശിച്ച നടൻ പൃഥ്വിരാജിനെ പിന്തുണച്ച് സംവിധായകൻ പ്രിയദർശൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പ്രിയദർശൻ നടനെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നത്. സമൂഹത്തിൽ ജീവിക്കുന്ന എല്ലാ മനുഷ്യർക്കും നിലപാടുകളും അഭിപ്രായങ്ങളും ഉണ്ടാകാമെന്നും ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം നിലനിൽക്കുന്നത് അവ തുറന്നുപറയാനുള്ള സ്വാതന്ത്ര്യത്തിലാണെന്നും സംവിധായകൻ തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. ആ അഭിപ്രായങ്ങളോട് വിയോജിക്കുവാനുള്ള സ്വന്തന്ത്ര്യം എല്ലാവർക്കും ഉണ്ടെങ്കിലും സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും പ്രിയദർശൻ പറയുന്നു.
കുറിപ്പ് ചുവടെ:
'സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിൻ്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായവും നിലപാടുമാണ്.
അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്.
എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാൻ വയ്യ. സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.'
content details: priyadarshan in support of prithviraj.