mullappally-ramachandran

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനം താൻ ഒഴിഞ്ഞെന്നും പുതിയ അദ്ധ്യക്ഷൻ വരുന്നത് വരെ സാങ്കേതികമായി മാത്രമാണ് തുടരുന്നതെന്നും മുല്ലപ്പളളി രാമചന്ദ്രൻ. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് എന്ന നിലയിൽ ആരുടേയും പേര് അദ്ധ്യക്ഷസ്ഥാനത്തേക്ക് മുന്നോട്ടുവയ്‌ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പളളി രാമചന്ദ്രൻ സംസാരിക്കുന്നു...

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് എന്താണ് മുല്ലപ്പളളി രാമചന്ദ്രന്‍റെ തീരുമാനം?

സാങ്കേതികമായി മാത്രമല്ലേ ഞാൻ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നത്. തികച്ചും സാങ്കേതികം മാത്രം. പുതിയ ആൾ വരാൻ വേണ്ടി കാത്തിരിക്കുകയാണ്.

അദ്ധ്യക്ഷസ്ഥാനം ഒഴിയാൻ തന്നെയാണോ ഡൽഹിയിൽ നിന്ന് അറിയിച്ചിരിക്കുന്നത്?

അറിയിച്ചാലും അറിയിച്ചില്ലെങ്കിലും ഞാൻ പറഞ്ഞല്ലോ. കൃത്യമായ കാര്യങ്ങൾ സോണിയാജിയെ ധരിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയാണ് സോണിയാജിയുമായി ഇക്കാര്യം സംസാരിച്ചത്. അവർ ഇങ്ങോട്ട് വിളിച്ചതാണ്. ഒരു തവണ ഫോണിൽ സംസാരിച്ച ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് അവർ വീണ്ടും വിളിക്കുകയായിരുന്നു.

സോണിയാജിയോട് എന്തൊക്കെയാണ് പറഞ്ഞത്?

അതൊക്കെ പാർട്ടി രഹസ്യങ്ങളാണ്. ആ രൂപത്തിൽ ഞാൻ പുറത്ത് പറയില്ല.

പുതിയ അദ്ധ്യക്ഷന്‍റെ കാര്യത്തിൽ താങ്കളുടെ നിലപാട് ഹൈക്കമാൻഡിനെ അറിയിക്കുമോ?

പാർട്ടിക്ക് ഉത്തമ ബോദ്ധ്യമുളള, അനുയോജ്യനായ, പാർട്ടിയെ കൊണ്ടുനടക്കാൻ കെൽപ്പുളള ഒരാളെ ഹൈക്കമാൻഡ് തീരുമാനിക്കും. എക്‌സായാലും വൈ ആയാലും ഞാൻ ആരുടേയും പേര് പറയില്ല.

അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം മുല്ലപ്പളളിയുടെ ഭാവിരാഷ്‌ട്രീയം എന്താണ്?

വിദ്യാർത്ഥികാലം മുതൽ രാഷ്‌ട്രീയത്തിൽ പ്രവർത്തിച്ച് തുടങ്ങിയ ഒരാളല്ലേ ഞാൻ. ഒരിക്കലും ഒരു പ്രൊഫഷണൽ രാഷ്ട്രീയക്കാരനല്ല ഞാൻ. രാഷ്‌ട്രീയം ഉപജീവനമായി കൊണ്ടുനടന്നിട്ടില്ല. ഇതെല്ലാം ഒരു സമർപ്പണത്തിന്‍റെ ഭാഗമാണ്. അതുകൊണ്ട് തന്നെ രാഷ്‌‌ട്രീയ ജീവിതത്തിൽ റിട്ടയർമെന്‍റില്ല.

രണ്ടേമുക്കാൽ വർഷമാണ് അദ്ധ്യക്ഷനായി പ്രവർത്തിച്ചത്. സംതൃപ്‌തനാണോ?

തികച്ചും സംത്യപ്‌തനാണ്. അസംതൃപ്‌തി എന്‍റെ ജീവിതത്തിൽ ഉണ്ടാകേണ്ട കാര്യമില്ല. മനസാക്ഷിക്ക് വിരുദ്ധമായി ഞാൻ ഒന്നും ചെയ്യാറില്ല. സത്യസന്ധമായും ആത്മാർത്ഥമായുമാണ് ജീവിതത്തിലെ എല്ലാ അസൈൻമെന്‍റുകളും ഞാൻ പൂർത്തീകരിച്ചിട്ടുളളത്.

ഈ തിരഞ്ഞെടുപ്പ് പരാജയം മാത്രമാണ് വിഷമമായുളളത്?

അത് തീർച്ചായയും ഉണ്ടല്ലോ. ഈ രാജ്യത്തെ ലക്ഷോപലക്ഷം കോൺഗ്രസ് പ്രവർത്തകരും പാർട്ടിയെ സ്‌നേഹിക്കുന്നവരും ഒരു ജനാധിപത്യ മതേതര പ്രസ്ഥാനമായ കോൺഗ്രസ് ക്ഷീണിക്കുന്നതിൽ വിഷമിക്കുന്നുണ്ട്. ആ വികാരത്തിനൊപ്പമാണ് ഞാനുളളത്.

തോൽവിയുടെ എല്ലാ ഭാരവും താങ്കളുടെ തലയിൽ വച്ച് തരികയാണ് എന്ന തോന്നലുണ്ടോ?

അങ്ങനൊന്നും എനിക്കില്ല. തോൽവിയുടെ പൂർണ ഉത്തരവാദിത്തം അദ്ധ്യക്ഷൻ എന്ന നിലയ്‌ക്ക് ഞാൻ തന്നെയല്ലേ ഏറ്റെടുക്കേണ്ടത്. വേറാരുടേയും തലയിൽ വച്ചുകെട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് എന്‍റെ രാഷ്‌ട്രീയ ചരിത്രത്തിന്‍റെയോ പൈതൃകത്തിന്‍റെയോ ഭാഗമല്ല.

സ്ഥാനമൊഴിയുന്ന ഘട്ടത്തിൽ ഗ്രൂപ്പ് നേതാക്കൾക്ക് നൽകാനുളള ഉപദേശമെന്താണ്? ഇനിയെങ്കിലും പാർട്ടിയെ നന്നായി കൊണ്ടുപോകണമെന്നാണോ?

എനിക്ക് അങ്ങനെയൊന്നും ഒരഭിപ്രായവും ആരെ കുറിച്ചുമില്ല. കോൺഗ്രസുകാരെല്ലാം ഒറ്റെക്കെട്ടായി പോകണം, ഐക്യത്തോടെ പോകണം. ഇതൊരു വലിയ ജനാധിപത്യ-മതേതര പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന് ഉണ്ടാകുന്ന ഏത് ക്ഷീണവും ഈ രാജ്യത്തെ സംബന്ധിക്കുന്ന ക്ഷീണമായിരിക്കും. അത് മാത്രമേ ഉളളൂ. വേറെയെന്താ നമുക്ക് പറയാനുളളത്?