കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബി ജെ പി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും.
ലക്ഷദ്വീപിലെ കപ്പൽ സർവ്വീസും എയർ ആംബുലസുകളും സ്വകാര്യവത്ക്കരിക്കാൻ തീരുമാനമായി. ലക്ഷദ്വീപിലെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് രംഗത്തെത്തിയ ദ്വീപ് കളക്‌ടർ അഷ്ക്കറലിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാദ്ധ്യമങ്ങളിൽ വ്യാജ പ്രസ്‌താവനകൾ നടത്തിയെന്ന് ആരോപിച്ച് കിൽത്താൻ ദ്വീപിൽ കളക്‌ടറുടെ കോലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു.
കളക്‌ടറും നിലപാട് വ്യക്തമാക്കിയതോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് ദ്വീപിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് നീക്കം. മറ്റന്നാൾ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന.
അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡൽഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം. ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കുന്ന അഡ്‌മിനിസ്ട്രേറ്റർക്കെതിരെ ജില്ലാ പഞ്ചായത്ത് ഇതിന് മുൻകൈയെടുക്കും. വിവിധ വകുപ്പുകളിൽ നിന്ന് കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും കോടതിയിൽ ചോദ്യം ചെയ്യും. ലക്ഷദ്വീപിൽ നടക്കുന്ന ഡയറി ഫാം ലേലങ്ങൾ ബഹിഷ്ക്കരിക്കാനും ആഹ്വാനമുണ്ട്.
അടിയന്തര ചികിത്സ ആവശ്യങ്ങൾക്കായി രണ്ട് എയർ ആംബുലൻസുകളാണ് ദ്വീപിലുള്ളത്. ഇതിന് പകരം സർവിസ് നടത്താൻ സ്വകാര്യ കമ്പനികളില്‍ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് അധികൃതർ. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപറേഷന്‍റെ ആറ് യാത്രാ കപ്പലുകളും സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഫിഷറീസ് വകുപ്പിന് പിന്നാലെ മറ്റ് മേഖലകളിലും കൂട്ട സ്ഥലം മാറ്റം ഉണ്ടാകുമെന്നാണ് വിവരം.