governor

​​​​തിരുവനന്തപുരം: കൊവിഡ് ഉയർത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം സഭയിൽ വായിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച പാക്കേജുകൾ ജനങ്ങൾക്ക് കൈത്താങ്ങായി. ജനക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ തുടരുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. താഴെത്തട്ടിലുളളവരുടെ ഉന്നമനമാണ് ലക്ഷ്യം. എല്ലാവർക്കും സൗജന്യ വാക്‌സിൻ എന്നതാണ് സർക്കാർ നയം. വാക്‌സിൻ ചലഞ്ചിനോടുളള ജനങ്ങളുടെ പിന്തുണ മാതൃകാപരമാണ്. വാക്‌സിനായി ആഗോള ടെൻഡർ വിളിക്കാനുളള നടപടി സർക്കാർ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വെല്ലുവിളിക്കിടയിലും സാമ്പത്തികസ്ഥിതി മെച്ചപ്പെടണം. കൊവിഡ് മരണനിരക്ക് പിടിച്ചുനിർത്താനായത് നേട്ടമാണ്. സ്ത്രീ സമത്വത്തിന് സർക്കാർ മുൻതൂക്കം നൽകും. ജനാധിപത്യത്തിനും മതേതരത്വത്തിനും സർക്കാർ നിലകൊളളുമെന്നും ഗവർണർ വ്യക്തമാക്കി.

കേരളം പച്ചക്കറിയില്‍ സ്വയം പര്യാപ്‌തത നേടുമെന്നും ഗവര്‍ണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ദ്ധിപ്പിക്കും. ഓരോവര്‍ഷവും താങ്ങുവില കൂട്ടുമെന്നും നഗരത്തിലും കൃഷിക്കുളള സാദ്ധ്യതകള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.


കൃഷിഭവനുകള്‍ സ്‌മാർട്ട് കൃഷിഭവനാക്കും. അഞ്ച് വര്‍ഷം കൊണ്ട് കാര്‍ഷിക ഉത്പാദനം 50 ശതമാനം വര്‍ദ്ധിപ്പിക്കും. കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ സംസ്ഥാനത്തിന്‍റെ ഗതി മാറ്റും. ഇന്‍ഫോ പാര്‍ക്കും ടെക്‌നോ പാര്‍ക്കും വികസിപ്പിക്കും. ബഹുരാഷ്‌രട ഐ ടി കമ്പനികള്‍ ഐ ടി മേഖലയിലേക്ക് വരുന്നുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

നാന്നൂറ് കോടി രൂപ ചെലവ് വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി. ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവച്ചു. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്‌പ നല്‍കി. പെന്‍ഷന്‍ ഉള്‍പ്പടെയുള്ളവയുടെ കുടിശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവച്ചതായും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

രാവിലെ നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. തുടർന്ന് സ്‌പീക്കർ എം ബി രാജേഷ്, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ രാധാകൃഷ്‌ണൻ എന്നിവർ ചേർന്ന് അദ്ദേഹം നിയമസഭയ്‌ക്കുളളിലേക്ക് ആനയിച്ചു. ഇതിനുശേഷമാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.