mayor-cm

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന് ടിപ്പർ ലോറികൾ വാടകയ്‌ക്കെടുത്ത സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്.നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഈ പ്രശ്നത്തിൽ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീടുകളിലാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്. പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്ക്ക് എടുത്തതായാണ് തിരുവനന്തപുരം കോർപ്പറേഷൻ രേഖകളിലുള്ളതെന്നാണ് ആരോപണം. ലോറികൾക്ക് വാടകയായി 3,57,800 രൂപ ചെലവഴിച്ചതായാണ് പറയപ്പെടുന്നത്.

ഫോർട്ട് ഗ്യാരേജ് സൂപ്പർവൈസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടിപ്പർ ലോറികൾ വാടകയ്ക്ക് എടുത്തതെന്നും ഇതിനുള്ള ടെൻഡർ നടപടികൾക്ക് മേയർ അനുമതി നൽകിയെന്നുമാണ് ആരോപണം. മേയർക്കും നഗരസഭയ്ക്കും എതിരെയുള്ള വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രൻ ആവശ്യപ്പെട്ടു. 3.57ലക്ഷം രൂപ നൽകിയിട്ടില്ലെന്നും മേയർ അറിയിച്ചു.