തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ കോൺഗ്രസിൽ സമ്പൂർണ്ണ അഴിച്ചുപണി ലക്ഷ്യമിടുന്ന ഹൈക്കമാൻഡ്, പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തിൽ ജൂൺ ആദ്യവാരത്തോടെ തീരുമാനത്തിലെത്തിയേക്കും.
പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നിയമിച്ചതിന് പിന്നാലെ, തിരഞ്ഞെടുപ്പ് തോൽവിയുടെ കാര്യകാരണങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട അശോക് ചവാൻ സമിതി ഉടൻ റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിച്ചേക്കും. പിന്നാലെ,കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും എ.ഐ.സി.സി സെക്രട്ടറിമാരും കേരളത്തിലെത്തുമെന്നാണ് സൂചനകൾ.
അതേസമയം, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നവരിൽ കെ. സുധാകരനാണ് മുൻതൂക്കം. ഇത് തടയാനുള്ള ചരടുവലികൾ എ, ഐ ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഗ്രൂപ്പുകളെ മറികടന്നുണ്ടായതിന് സമാനമായ തീരുമാനം കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്കും പ്രതീക്ഷിക്കുന്നു. കേരളത്തിൽ നിന്ന് പ്രവർത്തകരുടെ നിരവധി പരാതികൾ ഡൽഹിയിലേക്ക് പ്രവഹിക്കുന്നുമുണ്ട്. സുധാകരന്റെ പേരിനാണ് ശക്തമായ സമ്മർദ്ദം.
ദളിത് പ്രാതിനിദ്ധ്യമെന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷും ഹൈക്കമാൻഡിന് മേൽ സമ്മർദ്ദമാരംഭിച്ചു. പി.ടി. തോമസ്, കെ.സി. ജോസഫ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ, പി.സി. വിഷ്ണുനാഥ് തുടങ്ങിയ പേരുകളും ഉയരുന്നുണ്ട്. എം.പി, എം.എൽ.എ സ്ഥാനങ്ങൾ വഹിക്കാത്ത നേതാവാകണമെന്ന ആവശ്യവുമുയരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പുതിയ ചരടുവലികൾക്കിടയിൽ, മുല്ലപ്പള്ളി രാമചന്ദ്രനെ പ്രകീർത്തിച്ചുള്ള രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റും ചർച്ചയായി. പൂർണ്ണ സമയ പ്രസിഡന്റെന്ന നിലയിൽ മുല്ലപ്പള്ളിയെ നിലനിറുത്തുക, അല്ലെങ്കിൽ ഗ്രൂപ്പു താല്പര്യങ്ങൾ മാനിച്ച് പുതിയ പ്രസിഡന്റിനെ കൊണ്ടുവരുകയെന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്ന പ്രചരണവും നടക്കുന്നു. മുല്ലപ്പള്ളി പക്ഷേ ഇതിനെയൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല. അദ്ദേഹം മാറാനുള്ള ഉറച്ച തീരുമാനത്തിലാണ്.