mm-hassan

തിരുവനന്തപുരം: ഇന്ന് ചേരുന്ന യു ഡി എഫ് യോഗത്തിൽ നിന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ വിട്ടുനിൽക്കും. രാജി നൽകിയത് കൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ യു ഡി എഫ് ഏകോപന സമിതിയോഗമാണ് ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയ്‌ക്ക് കെ പി സി സി ഓഫീസിൽ ചേരുന്നത്.

യു ഡി എഫ് ചെയര്‍മാനായി രമേശ് ചെന്നിത്തല തുടരുമോ വി ഡി സതീശനെ നിയോഗിക്കുമോയെന്നും ഇന്നറിയാം. പ്രതിപക്ഷ നേതാവാണ് കാലങ്ങളായി യു ഡി എഫ് ചെയര്‍മാന്‍. എന്നാല്‍ ഇത്തവണ പ്രതിപക്ഷ നേതൃത്വം ഒഴിഞ്ഞ രമേശ് ചെന്നിത്തലയെ ചെയര്‍മാനായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം എം ഹസന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ തയാറാകുമോയെന്നതും നിര്‍ണായകമാണ്.

യോഗത്തില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചേക്കും. 2016നേക്കാള്‍ സീറ്റ് കുറഞ്ഞ മുസ്ലീം ലീഗ്, മലബാറില്‍ മാത്രം എം എല്‍ എമാരുള്ള പാര്‍ട്ടിയായി ഒതുങ്ങി. യു ഡി എഫിലേക്കെത്തിയ ശേഷം ഒരു എം എല്‍ എയെപ്പോലും ജയിപ്പിച്ചെടുക്കാന്‍ സാധിക്കാത്തതിന്‍റെ അമര്‍ഷം ആര്‍ എസ് പിയ്ക്കുമുണ്ട്.

ജോസ് കെ മാണിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമുള്ള തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന്‍റെ അങ്കലാപ്പിലാണ് പി ജെ.ജോസഫ് വിഭാഗം. ഇതിനെല്ലാം കാരണം മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗര്‍ബല്യവും അനൈക്യവുമാണെന്ന് ഘടകകക്ഷികള്‍ ആരോപിക്കും. തോല്‍വിക്ക് ശേഷവും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിലുണ്ടായ അഭിപ്രായ വ്യത്യാസത്തിനെതിരെയും വിമര്‍ശനം ഉയരും.

സര്‍ക്കാരിന്‍റെ സത്യപ്രതിഞ്ജാ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കൂട്ടായി ആലോചിക്കാതെ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ പ്രഖ്യാപിച്ചതിനെതിരെയും എതിര്‍പ്പുണ്ട്. ഇത്തരം ഏകപക്ഷീയ നടപടികള്‍ ഒഴിവാക്കിയും തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചും മുന്നോട്ട് പോകണമെന്നാണ് പൊതുവികാരം.