ബംഗളൂരു: യുവതിയെ കൂട്ടം ചേർന്ന് പീഡിപ്പിച്ച് രംഗങ്ങൾ വീഡിയോയിൽ പകർത്തിയ അഞ്ച് ബംഗ്ളാദേശ് പൗരന്മാർ പിടിയിൽ. ബംഗളൂരു നഗരത്തിലെ രാമമൂർത്തി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്.
പീഡനത്തിനിരയായ യുവതിയും ബംഗ്ളാദേശ് പൗരത്വമുളളയാളാണ്. യുവതിയെ ഇവിടെയെത്തിച്ചത് മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് പൊലീസ് പിടിച്ചെടുത്തു.
അറസ്‌റ്റിലായ സംഘത്തിൽ നാല് പുരുഷന്മാരും ഒരു സ്‌ത്രീയുമാണ് ഉളളതെന്നും പൊലീസ് അറിയിച്ചു.സംഭവം നടന്നത് എന്നാണെന്ന് വ്യക്തമല്ല. ക്രൂര പീഡനത്തിനിരയായ യുവതിയിൽ നിന്ന് സംഭവത്തെ കുറിച്ച് പൊലീസിന് ചോദിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആറുപേർക്കെതിരെ കേസെടുത്തു.ഇവരിൽ രണ്ടുപേർസ്ത്രീകളാണ്. ഒരാളെ പിടികിട്ടാനുണ്ടെന്നും ബംഗളൂരു പൊലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു. കേസ് അന്വേഷിക്കാൻ മൂന്ന് ഇൻസ്‌പെക്‌ടർമാർ അടങ്ങിയ വിപുലമായ സംഘത്തെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.