മലയാള സിനിമയുടെ ചരിത്രമെഴുതിയതനുസരിച്ച് 1938ലാണ് മുതുകുളം രാഘവൻപിള്ള തിരക്കഥയെഴുതിയ 'ബാലൻ" എന്ന സിനിമ പിറവിയെടുത്തത്. അതിനുശേഷം ഏതാണ്ട് എൺപതിലേറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് മലയാള സിനിമകൾ വെളിച്ചം കണ്ടിരിക്കുന്നു. ദേശീയ തലത്തിൽ മാത്രമല്ല രാഷ്ട്രാന്തരീയ തലത്തിൽ പോലും ശ്രദ്ധേയമാകാൻ മലയാള സിനിമയ്ക്ക് ഈ കാലഘട്ടത്തിനുള്ളിൽ കഴിഞ്ഞിട്ടുണ്ട്. ഇഷ്ടപ്പെട്ട പത്ത് സിനിമകളും തിരക്കഥകളും അവയിൽ നിന്ന് തെരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ലല്ലോ. എങ്കിലും ഓർമ്മയിൽ പെട്ടെന്നു വരുന്ന ചില സിനിമകളുണ്ട്. നിശ്ചയമായും തിരക്കഥയുടെ പിൻബലമുള്ള ചലച്ചിത്രങ്ങൾ തന്നെയാണ് അവയെല്ലാം.
ചെമ്മീൻ
ഓർമ്മയിൽ ആദ്യം വരുന്നത് 1965ലെ ചെമ്മീൻ എന്ന സിനിമയാണ്. തകഴിയുടെ പ്രശസ്തമായ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം നോവലിന്റെ കഥയ്ക്ക് ഒട്ടും കോട്ടം തട്ടാതെ എസ്.എൽ. പുരം സദാനന്ദനാണ് അതിന് തിരക്കഥയെഴുതിയത്. തിരക്കഥ രചനയ്ക്ക് അക്കൊല്ലത്തെ നാഷണൽ അവാർഡ് അദ്ദേഹത്തിനാണ് ലഭിച്ചത് എന്നാണോർമ്മ.
ഭാർഗവിനിലയം
ചെമ്മീൻ റിലീസാകുന്നതിന് ഒരുകൊല്ലം മുമ്പ് തിരക്കഥയുടെ മാസ്മരിക പ്രഭാവം കൊണ്ട് പ്രേക്ഷകർക്ക് പുതിയ ഒരു അനുഭവം സമ്മാനിച്ച ബ്ളാക് ആൻഡ് വൈറ്റ് സിനിമ ഇറങ്ങിയിരുന്നു. ഭാർഗവിനിലയം എന്നായിരുന്നു അതിന്റെ പേര്. നീലവെളിച്ചം എന്ന തന്റെ ചെറുകഥയിൽ നിന്ന് വൈക്കം മുഹമ്മദ് ബഷീർ വികസിപ്പിച്ചെടുത്ത് തിരക്കഥയെഴുതിയ സിനിമ. സംവിധായകനായ എ. വിൻസന്റിന്റെ സഹായം രചനയിൽ ബഷീറിന് കിട്ടിക്കാണും എന്ന സത്യം തള്ളിക്കളയാനും പറ്റില്ല.
സ്വയംവരം
മലയാളത്തിലെ ആദ്യ ഓഫ് ബീറ്റ് സിനിമയായിരുന്ന അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം അദ്ദേഹം കെ.പി.കുമാരനോടൊപ്പം തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ അക്കാലത്ത് ഏറ്റവും കുറഞ്ഞ സംഭാഷണമുള്ള ചിത്രമായിരുന്നു. തിരക്കഥയിലെ സംഭാഷണം അന്നേ കാമറയ്ക്ക് വിട്ടുകൊടുത്തിരുന്നു അദ്ദേഹം.
പെരുവഴിയമ്പലം
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എനിക്ക് പ്രിയപ്പെട്ട സിനിമയാണെങ്കിലും 1979ൽ പത്മരാജൻ തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്ത 'പെരുവഴിയമ്പലം" ആണ് ഓർമ്മയിലുള്ള മറ്റൊരു ചിത്രം. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള വാണിയൻ രാമന്റേയും പ്രഭാകരൻ എന്ന സ്ത്രീലമ്പടന്റെയും ഉത്സവത്തിന്റെ അന്നു രാത്രിയിൽ സംഭവിക്കുന്ന പകവീട്ടലിന്റെയും കഥ അതിമനോഹരമായി ചാലിക്കുന്ന ഫ്രെയിമുകളിൽ കാണിച്ചുതന്ന സിനിമ.
ആകാശദൂത്
ഡെന്നിസ് ജോസഫിനെ ഞാൻ ഇഷ്ടപ്പെടുന്നത് ആകാശദൂത് എന്ന സിനിമ കണ്ടതുകൊണ്ടാണ്. വിധവയായ ആനിയിൽ ലൂക്കേമിയ എന്ന രോഗം കണ്ടെത്തിയതോടെ അവളുടെ ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു. ഹൃദയസ്പർശിയായ ആ സിനിമയുടെ വിജയത്തിന് സംവിധായകനായ സിബി മലയിലിനെ കുറച്ചൊന്നുമല്ല കെട്ടുറപ്പുള്ള അതിന്റെ തിരക്കഥ സഹായിച്ചിട്ടുള്ളത്.
നിർമ്മാല്യം
മലയാളത്തിലെ ഒന്നാംതരം തിരക്കഥാ കൃത്താണ് എം.ടി. വാസുദേവൻ നായർ. അദ്ദേഹത്തിന്റെ തന്നെ പള്ളിവാളും കാൽച്ചിലമ്പും എന്ന ചെറുകഥയും അവലംബിച്ച് എഴുതിയ നിർമ്മാല്യത്തിന്റെ തിരക്കഥ ഇന്നത്തെ മാറിയ കാലഘട്ടത്തിൽ സിനിമയാക്കപ്പെടുമായിരുന്നോ എന്ന് സംശയമാണ്. 1973ൽ ആണ് ആ സിനിമ നിർമ്മിക്കപ്പെട്ടത്.
യവനിക
കെ.ജി. ജോർജ്ജിന്റെ മനോഹരമായ സിനിമകളിൽ ഒന്നാണ് യവനിക. വാണിജ്യപരമായും വിജയിച്ച സിനിമ ഒരു നാടക ട്രൂപ്പിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ ഒരു കൊലപാതകത്തിന്റെ സസ്പെൻസ് അവസാനം വരെ നിലനിറുത്തിയ ചലച്ചിത്രമായിരുന്നു അത്. കെ.ജി. ജോർജിനെ സഹായിക്കാൻ പരിചയസമ്പന്നനായ നാടകകൃത്ത് എസ്.എൽ.പുരം സദാനന്ദൻ ഉണ്ടായിരുന്നു തിരക്കഥാ രചയിതാവായിട്ട്.
ഭൂതക്കണ്ണാടി
മലയാളത്തിലെ തിരക്കഥാകൃത്തുക്കളിൽ പ്രമുഖ സ്ഥാനമുള്ള ആളാണ് ലോഹിതദാസ്. ഒരുപക്ഷേ, എം.ടി. വാസുദേവൻ നായർക്കും പത്മരാജനും ശേഷം മലയാള സിനിമയ്ക്കു ലഭിച്ച പ്രഗത്ഭനായ തിരക്കഥാകൃത്ത്. അദ്ദേഹം ആദ്യമായി സംവിധാനം സിനിമയായിരുന്നു ഭൂതക്കണ്ണാടി. വിദ്യാധരൻ എന്ന പാവം വാച്ച് റിപ്പയറുടെ ഭ്രമകല്പനകൾ കൃത്യതയോടെ എഴുതി ദൃശ്യങ്ങളാക്കിയ സിനിമ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥകളിൽ ഒന്ന്.
വടക്കുനോക്കി യന്ത്രം
ശ്രീനിവാസനെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് വടക്കുനോക്കി യന്ത്രമാണ്. വിജയിച്ച ഒരുപാട് സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു. വടക്കുനോക്കിയന്ത്രം എന്ന സിനിമ സംവിധാനം ചെയ്യുന്നതിനൊപ്പം അദ്ദേഹം തളത്തിൽ ദിനേശൻ എന്ന സംശയരോഗിയായ നായകന്റെ വേഷം ചെയ്യുകയും ചെയ്തു ശ്രീനിവാസൻ. രോഗം ഭേദമായി വീട്ടിൽ വന്നശേഷം രാത്രിയിൽ എന്തോ ഒരു ശബ്ദം കേൾക്കുമ്പോൾ ടോർച്ചുമായി സംശയത്തോടെ പുറത്തേക്ക് നോക്കുന്ന നായകനാണ് ക്ളൈമാക്സിലുള്ളത്.
നന്ദനം
രഞ്ജിത്തിന്റെ മിക്ക സിനിമകളും എനിക്കിഷ്ടമാണ്. പക്ഷേ, നന്ദനം വേറിട്ടു നിൽക്കുന്നു. വളരെ ലളിതമായ കഥ അതിന്റെ രസം ഒട്ടും ചോർന്നുപോകാതെ ഒരു തറവാടിന്റെ ഉൾമുറി കടയ്ക്കുള്ളിൽ മാത്രം ചിത്രീകരിച്ച ആ സിനിമയുടെ ഹൃദയം അതിന്റെ തിരക്കഥയാണ്. ഒടുവിൽ ഒരു ഫാന്റസിയിലാണ് ചിത്രം അവസാനിക്കുന്നത്. കഥയ്ക്ക് യോജിച്ച അന്ത്യം.
ഈ തിരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞപ്പോൾ എന്നെ അത്ഭുതപ്പെടുത്തുകയും അതോടൊപ്പം അമ്പരപ്പിക്കുകയും ചെയ്ത ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞു. ഈ സിനിമകളെല്ലാം രണ്ടായിരാമാണ്ടിനു മുമ്പ് നിർമ്മിച്ച സിനിമകളാണ്. അതിനുശേഷം വന്ന ഒരു സിനിമയും എന്റെ ലിസ്റ്റിൽ ഇടം പിടിച്ചില്ല. ദൃശ്യം എഴുതിയ ജിത്തു ജോസഫിനെയും മഹേഷിന്റെ പ്രതികാരം പോലെയുള്ള സിനിമകൾക്ക് എഴുതിയ ശ്യാം പുഷ്കരനെനേയും മറന്നുകൊണ്ടല്ല ഞാനിത് പറയുന്നത്. പുതിയ കാലഘട്ടത്തിൽ സിനിമ സംവിധായകരുടെ മാത്രം കലയായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് എനിക്ക് തോന്നുന്നു.