നാല് പതിറ്റാണ്ടിനുശേഷം മലയാള സിനിമയുടെ ഇൗറ്റില്ലങ്ങളിലൊന്നായ മെരിലാൻഡ് സിനിമ നിർമ്മാണരംഗത്തേക്ക് മടങ്ങിവരുമ്പോൾ
ഇളമുറക്കാരൻ വിശാഖ് സുബ്ര്ഹ്മണ്യം സംസാരിക്കുന്നു
മലയാള സിനിമയുടെ ഇൗറ്റില്ലങ്ങളിലൊന്നായ മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ചാണ് മോഹൻലാലും സുചിത്രയും ആദ്യമായി കണ്ടുമുട്ടുന്നത്. മെരിലാൻഡ് പി. സുബ്രഹ്മണ്യം മുതലാളിയുടെ മകൻ എസ്. മുരുകന്റെ വിവാഹവേളയിൽ.
നാല് പതിറ്റാണ്ടുകൾക്ക് ശേഷം മലയാള സിനിമയിലെ ഏറ്റവും വലിയ ബാനറുകളിലൊന്നായ മെരിലാൻഡിനെ ഇളമുറക്കാരൻ വിശാഖ് സുബ്രഹ്മണ്യം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമെന്ന ചിത്രത്തിലൂടെ മടക്കിക്കൊണ്ടുവരുമ്പോൾ അതിൽ നായകനാകുന്നത് മോഹൻലാലിന്റെയും സുചിത്രയുടെയും മകൻ പ്രണവ് മോഹൻലാലാണെന്നത് തലമുറകൾക്കപ്പുറത്തേക്ക് നീളുന്ന സൗഹൃദത്തിന്റെയും കാലം കാത്തുവച്ച അപൂർവ്വ സുന്ദരമായ യാദൃശ്ചികതയുടെയും കൂടിച്ചേരലാണ്.
അജുവർഗീസുമായി ചേർന്ന് ഫൺടാസ്റ്റിക് എന്ന ബാനറുണ്ട്. മെരിലാൻഡിനെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനം ആരുടേതായിരുന്നു?
ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഞാനുമൊക്കെ സുഹൃത്തുക്കളാണ്. ധ്യാൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ ആദ്യം അജു ഒറ്റയ്ക്ക് നിർമ്മിക്കാനിരുന്ന സിനിമയാണ്. അജുവിന് സപ്പോർട്ടായിട്ട് ഒരാളും കൂടി വേണമെന്ന് പറഞ്ഞ് ഒരുദിവസം ധ്യാൻ എന്നെ വിളിച്ചു. ഞാൻ ഇൻഡസ്ട്രിയിലെ പലരുടെയും പേര് ധ്യാനിനോട് പറഞ്ഞു.
ധ്യാനിനെ പോലെ ഞാനും സിനിമാ പാരമ്പര്യം പിന്തുടരണമെന്ന അഭിപ്രായമായിരുന്നു. ധ്യാനിന്. അങ്ങനെ ഞാൻ അവർക്കൊപ്പം ചേർന്നപ്പോൾ മുതൽ ലവ് ആക്ഷൻ ഡ്രാമ റിലീസായപ്പോഴുമെല്ലാം എന്നോട് പലരും ചോദിച്ചിരുന്നു എന്നാണ് മെരിലാൻഡ് എന്ന ബാനറിനെ മടക്കിക്കൊണ്ട് വരുന്നതെന്ന്. മുത്തച്ഛൻ പി. സുബ്രഹ്മണ്യംമെരിലാൻഡിന് വേണ്ടി നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രങ്ങളെക്കുറിച്ചും അവയുടെ ചരിത്രപരമായ മൂല്യത്തെക്കുറിച്ചും മികവിനെക്കുറിച്ചുമൊക്കെ പലരും എന്നോട് പറയുമായിരുന്നു. നല്ലൊരു സബ്ജക്ടും ഡയറക്ടർ വാല്യുവുമുള്ള ഒരു പ്രോജക്ടുമായേ മെരിലാൻഡ് തിരിച്ചുവരാവൂവെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു.
അജുവും ധ്യാനും കഴിഞ്ഞാൽ സിനിമയിൽ എനിക്ക് വളരെ ചുരുക്കം ചില സുഹൃത്തുക്കളേയുള്ളൂ. അതിലൊരാളാണ് വിനീത് ശ്രീനിവാസൻ. മെരിലാൻഡ് മടങ്ങിവരുന്ന സിനിമ വിനീത് സംവിധാനം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. വിനീതിനോട് ഞാൻ എന്റെ ആഗ്രഹം പറഞ്ഞിരുന്നു.
പ്രണവ് മോഹൻലാലും ഞാൻ കുട്ടിക്കാലം തൊട്ടേ കൂട്ടുകാരാണ്. കുടുംബ സുഹൃത്തുക്കളാണെന്ന് പറയുന്നതാവും കൂടുതൽ ശരി. ഞങ്ങൾ ജനിക്കുന്നതിന് രണ്ട് തലമുറകൾക്ക് മുൻപേ തുടങ്ങിയ സൗഹൃദം.ആദിയിൽ നായകനായി പ്രണവ് വന്ന സമയത്ത് ഞാൻ സുചിത്രചേച്ചി (സുചിത്ര മോഹൻലാൽ) യോട് പറഞ്ഞിരുന്നു. എനിക്ക് പ്രണവിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന്. എന്റെ മുത്തശ്ശൻ ചെയ്ത സ്വാമി അയ്യപ്പൻ എന്ന സിനിമയിൽ പ്രണവിന്റെ മുത്തശ്ശൻ കെ. ബാലാജി സാറും വർക്ക് ചെയ്തിട്ടുണ്ട്.മദ്രാസിൽ പോകുമ്പോഴൊക്കെ ഞാൻ ലാലേട്ടന്റെ വീട്ടിലായിരിക്കും.
വിനീതിനോട് ഞാൻ മെരിലാൻഡ് തിരിച്ച് വരുന്ന സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോൾ എന്ന് ചെയ്യാനാവുമെന്ന് അറിയില്ലെങ്കിലും വിനീത് ചെയ്യാമെന്നേറ്റു. അപ്പുവിനോടും ഞാനത് പറഞ്ഞു.
ഞാനും ലാലേട്ടനും പ്രണവുമൊക്കെ കുടുംബ സുഹൃത്തുക്കളാണെന്നറിയാമായിരുന്നതിനാൽ വിനീത് എപ്പോഴും എന്നോട് പ്രണവിനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു.
പിന്നീട് വിനീത് എഴുതിയെഴുതി വന്നപ്പോൾ നായകന് പ്രണവിന്റെ മുഖം കയറിവന്നു. അജുവും ധ്യാനും ഞാനുമായി മെരിലാൻഡിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന സമയം. ലവ് ആക്ഷൻ ഡ്രാമയുടെ ക്ളൈമാക്സിൽ വിനീതുമുണ്ട്. അരവിന്ദന്റെ അതിഥികളുടെ ഡബിംഗ് ചെന്നൈ എ.വി.എം സ്റ്റുഡിയോയിൽ നടക്കുമ്പോഴാണ് വിനീത് നമുക്കൊരു പടം ചെയ്യാമെന്ന് എന്നോട് പറഞ്ഞത്. ഒരു നാലഞ്ച് കൊല്ലം കഴിഞ്ഞേ നടക്കുവെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. മെരിലാൻഡിനുവേണ്ടി ചെയ്യുന്ന കാര്യം ആരോടും പറയേണ്ടെന്ന് വിനീത് എന്നെ ഒാർമ്മിപ്പിച്ചു. പതിനെട്ട് മുതൽ മുപ്പത് വയസ് വരെയുള്ള ഒരു പയ്യന്റെ യാത്രയാണ് കഥ. എന്റെ മനസിൽ പ്രണവ് എന്നായിരുന്നു ആഗ്രഹം. വിനീതും പ്രണവിന്റെ പേര് തന്നെ പറഞ്ഞു.
ലാലേട്ടനും ശ്രീനിയേട്ടനും പോലെ വിനീതും പ്രണവും ഒരുമിച്ച് വരുന്ന സിനിമയെപ്പറ്റി അജുവിനെയും ധ്യാനിനോടുമൊക്കെ പറഞ്ഞപ്പോൾ അവർക്കും ആവേശമായി. പ്രിയനങ്കിളിന്റെ മോളും കൂടിയുണ്ടായിരുന്നെങ്കിലെന്ന് ഞങ്ങൾ വെറുതേ പറഞ്ഞു. ഒടുവിൽ ഹൃദയത്തിലെ നായികയായി കല്യാണി തന്നെയെത്തി. പ്രകൃതിപോലും വാരിക്കോരി അനുഗ്രഹിക്കുകയായിരുന്നു ഞങ്ങളുടെ കൂട്ടായ്മയ്ക്ക്. വിനീത് ആദ്യമായി പാടിയത് പ്രിയനങ്കിളിന്റെ കിളിച്ചുണ്ടൻ മാമ്പഴമെന്ന സിനിമയിലാണ്. പ്രിയനങ്കിളിന്റെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ വച്ചാണ് വിനീത് ആദ്യമായി പിന്നണി പാടിയത്. കല്യാണിയോട് വിനീത് ഹൃദയത്തിന്റെ കഥ പറഞ്ഞതും ഫോർ ഫ്രെയിംസിൽ വച്ചാണ്. ഞങ്ങളുടെ പിതാക്കൻമാരുടെയും മുത്തശ്ശന്മാരുടെയുമൊക്കെ ഒരനുഗ്രഹം ഞങ്ങളുടെ പ്രോജക്ടിനുണ്ടെന്ന് തോന്നുന്നു.
ഹൃദയത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായോ?
ഇനി ഒരു പാട്ടുകൂടി ചിത്രീകരിക്കാനുണ്ട്. ഉത്തരേന്ത്യയിലായിരിക്കും ഷൂട്ടിംഗ്. അത് ഷൂട്ട് ചെയ്യുന്നതിന് മുൻപേ ലോക് ഡൗൺ വന്നു. ഒാണം റിലീസായിരുന്നു പ്ളാൻ ചെയ്തിരുന്നത്. പക്ഷേ ഇനിയെന്തായാലും ഒാണത്തിന് റിലീസ് ചെയ്യാൻ പറ്റില്ല. റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. എന്തായാലും തിയേറ്റർ റിലീസ് തന്നെയായിരിക്കും.7777
ഹൃദയം ഷൂട്ട് ചെയ്ത പോർഷനുകൾ കണ്ടു. നിങ്ങൾ നല്ല ആത്മവിശ്വാസത്തിലാണെന്നുമറിയാം?
തീർച്ചയായും. ഇപ്പോഴിറങ്ങുന്ന സിനിമകൾ ഒട്ടുമിക്കതും ഡാർക്ക് ഷേഡിലുള്ള സിനിമകളാണ്. ഹൃദയം എല്ലാവർക്കും ആസ്വദിക്കാവുന്ന ഒരു ഫീൽഗുഡ് മ്യൂസിക്കൽ ഫിലിമാണ്. ഹൃദയത്തിൽ പതിനഞ്ച് പാട്ടുകളുണ്ട്. പലർക്കും ഗൃഹാതുരത സമ്മാനിക്കുന്ന സിനിമയായിരിക്കും ഹൃദയം.
ധ്യാൻ ശ്രീനിവാസൻ വിശാഖിന്റെ സഹപാഠിയായിരുന്നില്ലേ?
ഞങ്ങൾ ഒരുമിച്ചല്ല പഠിച്ചത്. ഞാനും ധ്യാനും തിരുവനന്തപുരത്താണ് മെക്കാനിക്കൽ എൻജിനീയറിംഗ് പഠിച്ചത്. ഞങ്ങൾക്ക് കുറേ കോമൺ ഫ്രണ്ട്സുണ്ടായിരുന്നു.
അത് കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തെ ശ്രീവിശാഖ് തിയേറ്ററിന്റെ ചുമതല ഏറ്റെടുത്തു. സോൾട്ട് ആൻഡ് പെപ്പറാണ് ഞാൻ ചാർട്ട് ചെയ്ത ആദ്യ സിനിമ. തട്ടത്തിൻ മറയത്തായിരുന്നു രണ്ടാമത്തെ സിനിമ.തട്ടത്തിൻമറയത്ത് ഞങ്ങളുടെ തിയേറ്ററിലും വലിയ ഹിറ്റായി. അന്നുമുതലേ വിനീതും ധ്യാനുമൊക്കെയായി ഒരു ഹൃദയബന്ധമുണ്ട്. ഞങ്ങൾ ഒരേ പ്രായക്കാരുമാണല്ലോ. തട്ടത്തിൻമറയത്തിന് ശേഷം വിനീതിന്റെ എല്ലാ സിനിമകളും വിനീത് റെക്കമെൻഡ് ചെയ്തു ഞങ്ങളുടെ തിയേറ്ററിൽത്തന്നെ കളിച്ചു. ധ്യാനിനെ നായകനാക്കി വിനീത് സംവിധാനം ചെയ്ത തിര ഉൾപ്പെടെ.
തിരുവനന്തപുരത്ത് വന്നാൽ ധ്യാനും വിനീതും എന്നെ വിളിക്കും. എറണാകുളത്ത് പോയാൽ ഞാൻ അവരുടെ വീട്ടിലും പോകും. ഞങ്ങൾ ഒത്തുകൂടുമ്പോഴെല്ലാം സിനിമയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
തൊണ്ണൂറുകളിലെ സിനിമകൾ കണ്ടാസ്വദിച്ച് വളർന്നവരാണ് ഞങ്ങളെല്ലാം. ഞങ്ങൾ സിനിമയിലേക്ക് വരുന്ന സമയത്ത് ചുരത്തിന്റെ ഹീറോ പൃഥ്വിരാജായിരുന്നു. രാജുവേട്ടൻ ഒരുപാട് സ്ട്രഗിൾ ചെയ്തു മുന്നോട്ടുവന്ന സമയം. ഇഷ്ടക്കേടിനെ ഇഷ്ടമാക്കി മാറ്റിയെടുത്ത രാജുവേട്ടൻ ഞങ്ങളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. നടനാകും നിർമ്മാതാവാകും സംവിധായകനാകുമെന്നൊക്കെ പണ്ട് പറഞ്ഞ് പിന്നീട് അതൊക്കെ സാധിച്ചെടുത്തയാൾ. ഞങ്ങൾ രാജുച്ചേട്ടന്റെ കടുത്ത ആരാധകരാണ്. രാജുച്ചേട്ടനെ വച്ച് ഒരു സിനിമയും ഞങ്ങളുടെ സ്വപ്നമാണ്.
മെരിലാൻഡിന്റെ ബാനറിൽ ഇനി തുടർച്ചയായി സിനിമകൾ നിർമ്മിക്കുമോ?
എനിക്ക് ഇഷ്ടമാകുന്ന കഥയും ടീമും ഒത്തുവരുമ്പോൾ ചെയ്യും. പ്രകാശൻ പറക്കട്ടെ, മഞ്ജു വാര്യർ നായികയാകുന്ന അമ്പതാമത്തെ സിനിമ 9 എം.എം. എന്നിവയാണ് ഫൺടാസ്റ്റിക്കിന്റെ അടുത്ത സിനിമകൾ. സിനിമകൾചെയ്യാൻ വേണ്ടി ചെയ്യില്ല. ലാലേട്ടന്റെയും രാജുവേട്ടന്റെയുമൊക്കെ ആരാധകരായതുകൊണ്ട് അവരെ വച്ച് സിനിമകൾ ചെയ്യുമ്പോൾ അത്ര നല്ല സിനിമകളായിരിക്കണം.
മുത്തച്ഛൻ പി. സുബ്രഹ്മണ്യത്തെക്കുറിച്ചുള്ള ഒാർമ്മകൾ?
ഞാൻ മുത്തച്ഛനെ കണ്ടിട്ടില്ല. ഞാൻ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ എന്റെ പ്രായത്തിലുള്ള കുട്ടികൾക്കൊന്നും മുത്തച്ഛനെക്കുറിച്ചോ അദ്ദേഹം ആരാണെന്നോ അറിയില്ല. പക്ഷേ ടീച്ചേഴ്സൊക്കെ പറയുമായിരുന്നു. തിയേറ്ററിൽ ചാർജ് എടുത്ത ശേഷമാണ് മുത്തച്ഛനെക്കുറിച്ച് കൂടുതൽ കേൾക്കാനും അറിയാനും തുടങ്ങിയത്. ലവ് ആക്ഷൻ ഡ്രാമയിൽ മല്ലികയാന്റി (മല്ലികാ സുകുമാരൻ)യുണ്ടായിരുന്നു. മല്ലികാന്റി മുത്തച്ഛന്റെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മല്ലികാന്റി അന്നത്തെ കഥകളൊക്കെ പറയും. ഒരു കുടുംബം പോലെ മെരിലാൻഡിൽ താമസിച്ചതും അഭിനയിച്ചതുമൊക്കെ പറഞ്ഞു. മെരിലാൻഡിനും ഉദയാ സ്റ്റുഡിയോയ്ക്കും അടുത്തിടെ ഒരു അവാർഡ് കിട്ടി. മെരിലാൻഡിന് വേണ്ടി ഞാനും ഉദയാ സ്റ്റുഡിയോക്ക് വേണ്ടി കുഞ്ചാക്കോ ബോബനുമാണ് വാങ്ങാൻ വന്നത്. മെരിലാൻഡിനെക്കുറിച്ചും ഉദയായെക്കുറിച്ചുമുള്ള ഒരു വീഡിയോ അവിടെ കാണിച്ചു. ആ വീഡിയോ കണ്ട് ഞങ്ങളുടെ കണ്ണ് നിറഞ്ഞു.
മെരിലാൻഡ് എന്ന ബാനർ പോലെ തിരുവനന്തപുരത്തെ മെരിലാൻഡ് സ്റ്റുഡിയോ നവീകരിക്കാനുള്ള പദ്ധതികളുണ്ടോ?
ഞങ്ങളുടെ സീരിയലുകൾ മെരിലാൻഡിലാണ് ഷൂട്ട് ചെയ്യുന്നത്. സിനിമകൾ ഒൗട്ട് ഡോറായതിനാൽ സ്റ്റുഡിയോയിൽ ഒരുപാട് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും കാര്യമില്ല. ലൂസിഫറും വില്ലനുമൊക്കെ മെരിലാൻഡിൽ ഷൂട്ട് ചെയ്തിരുന്നു.
ശ്രീകുമാർ, ശ്രീവിശാഖ് തിയേറ്ററുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഏതുവരെയായി?
കൊവിഡ് നിയന്ത്രണങ്ങൾ വന്നതിനാൽ പണി താത്കാലം നിറുത്തിവച്ചിരിക്കുകയാണ്. ശ്രീകുമാറിലും ശ്രീവിശാഖിലും രണ്ട് സ്ക്രീൻവീതം മൊത്തം നാല് സ്ക്രീനുകളുണ്ടാവും. ഇൗവർഷം അവസാനത്തോടെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
അച്ഛൻ തന്ന ഉപദേശം?
അച്ഛന് ആദ്യം ഭയങ്കര ടെൻഷനായിരുന്നു. തിയേറ്ററിന്റെ കാര്യത്തിൽ അച്ഛന് വിശ്വാസമുണ്ടായിരുന്നു. ശ്രീവിശാഖ് തിയേറ്റർ ഫിഫ്ടിംഗ് സെന്ററിൽനിന്ന് റിലീസിംഗ് സെന്റാക്കി മാറ്റിയത് ഞാനാണ്. ശ്രീവിശാഖിൽ കുറെ വലിയ ഹിറ്റുകൾ റിലീസ് ചെയ്യാൻ പറ്റി. സിനിമകൾ ഇനി നിർമ്മിക്കേണ്ടെന്നത് കുടുംബത്തിന്റെ തീരുമാനമാണ്. ഞാനാ തീരുമാനം തെറ്റിച്ചു. ലവ് ആക്ഷൻ ഡ്രാമ ഹിറ്റായപ്പോൾ അച്ഛനും സന്തോഷമായി. വിതരണത്തിനെടുത്ത ഹെലനും ഹിറ്റായി.
അച്ഛൻ എസ്. മുരുകൻ, അമ്മ സുജ മുരുകൻ, സഹോദരി ശരണ്യ സുബ്രഹ്മണ്യം വിവാഹിതയാണ്.