തമിഴ്സിനിമയിലെതിളങ്ങുന്ന താരമായ ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രിഎം.കെ. സ്റ്റാലിന്റെ മകനാണ്. സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും സജീവമാകുന്നഉദയനിധിഎം.എൽ.എയായിതിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനങ്ങളിലും ഇല്ലാത്ത തരത്തിൽ സിനിമയും, രാഷ്ട്രീയവും ഇടകലർന്നു കിടക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഇതിനു കാരണം സിനിമയിൽ നിന്നുകൊണ്ട് രാഷ്ട്രീയത്തിലും പ്രവേശിച്ച സിനിമയിലെപോലെ തന്നെ രാഷ്ട്രീയത്തിലും വിജയക്കൊടി പറത്തിയ 'പുരട്ചി തലൈവർ" എം.ജി.ആർ ,കലൈഞ്ജർ കരുണാനിധി, 'പുരട്ചി തലൈവി" സെൽവി ജയലളിത തുടങ്ങിയവരുടെ പാരമ്പര്യമാണ്. ഇവരെ പിന്തുടർന്ന് പലരും സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കും വരികയും അടവുകൾ പയറ്റുകയും ചെയ്തെങ്കിലും അവരാരെകൊണ്ടും എം.ജി.ആറിനെയും ജയലളിതയെയും കരുണാനിധിയെയും പോലെ തമിഴ് രാഷ്ട്രീയത്തിൽ ശോഭിക്കാൻ സാധിച്ചില്ല.
അടുത്തിടെ നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും പല സിനിമാക്കാരുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു .നടന്മാരായ കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, സീമാൻ, മൻസൂറലിഖാൻ, മയിൽസാമി, ഗാനരചയിതാവും, നടനുമായ സ്നേഹൻ,നടിമാരായ ഖുശ്ബു, ശ്രീപ്രിയ എന്നിവർ സ്ഥാനാർഥികളായി മത്സരിച്ചിരുന്നു. എന്നാൽ ഇവരിൽ വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള ഉദയനിധി സ്റ്റാലിനു മാത്രമേ വിജയം കൈവരിക്കുവാൻ സാധിച്ചുള്ളൂ!
5 തവണ തമിഴ്നാട് മുഖ്യമന്ത്രി പദവി വഹിച്ച കരുണാനിധിയുടെ പേരക്കുട്ടിയും, ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി പദവി വഹിക്കുന്ന എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ചെന്നൈയിലുള്ള ചേപ്പാക്കാം - തിരുവല്ലിക്കേണി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഉദയനിധി സ്റ്റാലിൻ ആദ്യ മത്സരത്തിൽ തന്നെ 68,133 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വൻ വിജയം നേടി. ഈ മണ്ഡലത്തിൽ ഇത്രയും വോട്ടുകളുടെ വ്യത്യാസത്തിൽ ഉദയനിധി സ്റ്റാലിന് വിജയിക്കുവാൻ സാധിച്ചതിനു കാരണം തന്റെ കുടുംബ രാഷ്ട്രീയ പാരമ്പര്യം തന്നെയാണ്.
ചെന്നൈയിലുള്ള ലയോളാ കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ചതിനു ശേഷം ബിസിനസ് മാനേജ്മെന്റും പഠിച്ചു. ചെന്നൈയിൽ ചില ബിസിനസുകൾ നടത്തിവന്നിരുന്നഉദയനിധി സ്റ്റാലിൻ പിന്നീട് സിനിമാ വിതരണം, സിനിമാ നിർമ്മാണം, അഭിനയം എന്നീ മേഖലകളിലേക്ക് ഇറങ്ങി. അതിനോടൊപ്പം തന്നെ രാഷ്ട്രീയത്തിലും ശ്രദ്ധ ചെലുത്തുവാൻ തുടങ്ങിയ ഉദയനിധി സ്റ്റാലിൻ, 2019 ജൂലൈ നാലിന് ഡി.എം.കെയുടെ യുവജന സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
അന്ന് മുതൽ തന്നെ തന്റെ അച്ഛന്റെയും, മുത്തച്ഛന്റെയും പോലെ ഉദയനിധി സ്റ്റാലിനും രാഷ്ട്രീയത്തിൽ സജീവമായി തുടങ്ങി. അതിന്റെ ഭാഗമായി തമിഴ്നാട് മുഴുവനും ചുറ്റി സഞ്ചരിച്ചു
14 വയസ് മുതൽ രാഷ്ട്രീയത്തിൽ ഇറങ്ങി പ്രവർത്തിച്ചു വന്ന എം.കെ. സ്റ്റാലിൻ
( മുത്തുവേൽ കരുണാനിധി സ്റ്റാലിൻ ) 1984-ൽ നടന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ചിരുന്നു . എന്നാൽ എം.കെ. സ്റ്റാലിന് തന്റെ ആദ്യ മത്സരത്തിൽ വിജയം നേടാൻ സാധിച്ചില്ല. പക്ഷേ അദ്ദേഹത്തിന്റെ മകനായഉദയനിധി സ്റ്റാലിന് തന്റെ ആദ്യ മത്സരത്തിൽ തന്നെ വൻ വിജയം നേടാൻ കഴിഞ്ഞു . ഈ വിജയം കാരണം ഇപ്പോൾ തമിഴ്നാട് നിയമസഭയിൽ എം.എൽ.എ പദവി വഹിക്കുന്ന ഉദയനിധി സ്റ്റാലിൻ ഇനി സിനിമയേയും, രാഷ്ട്രീയത്തെയും എങ്ങനെ ആയിരിക്കും കൊണ്ട് പോവുക.
രാഷ്ട്രീയത്തിൽ ഈ വൻ വിജയംപ്രതീക്ഷിച്ചിരുന്നതാണോ?
അതെ. പ്രതീക്ഷിച്ചത് തന്നെയാണ്.
ഇത്രയും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനം?
അച്ഛന്റെയും, മുത്തച്ഛന്റെയും കർമ്മഫലങ്ങൾ ആണ് ഈ വൻ വിജയത്തിന് പ്രധാന കാരണം. അതിന്റെ കൂടെ എന്റെ കഠിന പ്രയത്നങ്ങളും ഉണ്ട്. കൂടാതെ ചെറുപ്പം മുതലേ രാഷ്ട്രീയം കണ്ടും, കേട്ടും, പഠിച്ചും വളർന്ന ആളാണ് ഞാൻ.
എന്റെ മുത്തച്ഛന് വളരെ പ്രിയപ്പെട്ട ഒരു മണ്ഡലമായിരുന്നു ചേപ്പാക്കം. ഈ മണ്ഡലത്തിൽ ഉദയസൂര്യൻ ചിഹ്നത്തിൽ ആരു നിന്നാലും അവർക്ക് ജയിക്കാൻ സാധിക്കും. കാരണം ഈ മണ്ഡലം ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ ഒരു കോട്ടയാണ്.
എങ്ങനെയാണ് രാഷ്ട്രീയത്തെയും,
സിനിമയെയും ഒന്നിച്ചു കൊണ്ടുപോവുക?
എന്നെ വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങൾക്കും, ഞാൻ മത്സരിച്ച മണ്ഡലത്തിനും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുവാൻ ഉണ്ട്. ആദ്യം അതിൽ ശ്രദ്ധ ചെലുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഞാൻ മത്സരിച്ച മണ്ഡലം മാത്രം അല്ലാതെ തമിഴ്നാട്ടിൽ ഉള്ള എല്ലാ ജനങ്ങളുടെയും പ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്തി അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്യണം. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കണം എന്നതാണ് ഞങ്ങളുടെ പാർട്ടിയുടെ പ്രധാന ലക്ഷ്യം. അതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ് കിട്ടുന്ന ബാക്കി സമയം സിനിമയ്ക്കായി നീക്കിവയ്ക്കും. ഇപ്പോൾ കൊവിഡ് എന്ന മഹാമാരി കാരണം സിനിമാ വ്യവസായം തന്നെ പ്രതിസന്ധിയിൽ ആണല്ലോ. തമിഴ്നാട് മാത്രമല്ല ഇന്ത്യ മുഴുവനും കോവിഡ് മുക്തമാകണം. ജനങ്ങൾ മുന്നത്തെ പോലെ സാധാരണ ജീവിത രീതിയിലേക്ക് മടങ്ങി വരണം. അതിനുശേഷമേ സിനിമയിൽ ശ്രദ്ധിക്കുവാൻ സാധിക്കുകയുള്ളൂ.
മന്ത്രി പദവി ലഭിക്കാത്തതിൽ പരിഭവം ഉണ്ടോ?
ഒട്ടുമില്ല. ഞാൻ മന്ത്രിപദവി ആഗ്രഹിച്ചിരുന്നുമില്ല. കാരണം എന്നെക്കാളും നല്ല അനുഭവജ്ഞാനം ഉള്ളഒരുപാടുപേർ സീനിയേഴ്സ് പാർട്ടിയിലുണ്ട്. അവർക്കാണ് ആദ്യം മുൻഗണന കൊടുക്കേണ്ടത്.
പാർട്ടിയുടെ യുവജന സെക്രട്ടറി എന്ന പദവി തന്നെ ഞാൻ ആഗ്രഹിച്ചതല്ല. അതുപോലെതന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഇത് രണ്ടും പാർട്ടി ഏകകണ്ഠേന എടുത്ത തീരുമാനങ്ങളായിരുന്നു. മന്ത്രിപദവി എന്നുള്ളത് വളരെ ഉത്തരവാദിത്വം നിറഞ്ഞതാണ്. ഞാൻ ആദ്യമായിട്ടാണ് എം.എൽ.എ.യായി നിയമസഭയിലേക്ക് പോകുന്നത്. അവിടെനിന്ന് നിറയെ കാര്യങ്ങൾ പഠിക്കാനും, ഗ്രഹിക്കാനും ഉണ്ട്. എല്ലാ കാര്യങ്ങളിലും നല്ല അനുഭവം വന്നതിനുശേഷം മന്ത്രിപദവി തന്നാൽ സ്വീകരിക്കുന്ന കാര്യം ആലോചിക്കാം.
പുതിയ ചിത്രങ്ങൾ?
മാറൻ സംവിധാനംചെയ്യുന്ന ' കണ്ണൈ നമ്പാതെ", കെ.എസ്. അദ്ധ്യമാൻ സംവിധാനം ചെയ്യുന്ന 'എയ്ഞ്ചൽ", ഹിന്ദിയിൽ സൂപ്പർ ഹിറ്റായ 'ആർട്ടിക്കിൾ 15' എന്ന ചിത്രത്തിന്റെ തമിഴ് റിമേക്ക് എന്നിവയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. 'കണ്ണൈ നമ്പാതെ" യുെട ചിത്രീകരണം അവസാനഘട്ടത്തിലാണ്. 'ആർട്ടിക്കിൾ 15" ന്റെ റീമേക്ക് സംവിധാനം ചെയ്യുന്നത് 'കനാ" ഒരുക്കിയ അരുൺരാജാ കാമരാജ് ആണ്.
താങ്കളുടെതായി അവസാനം പുറത്തു വന്ന ചിത്രം മിഷ്കിൻസംവിധാനം ചെയ്ത ' സൈക്കോ" ആണല്ലോ. ഇതിൽ അഭിനയിച്ച അനുഭവം എങ്ങനെയാണ്?
ഞാൻ എപ്പോഴും സംവിധായകന്റെ നടനാണ്. ഏത് ചിത്രമായാലും ആ സംവിധായകന്റെ അടുത്ത് എന്നെത്തന്നെ സമർപ്പിക്കുകയാണ് പതിവ്. അദ്ദേഹം എന്ത് പറയുന്നുവോ അതാണ് ഞാൻ ചെയ്യുന്നത്. മിഷ്കിൻ സംവിധാനത്തിൽ 'സൈക്കോ'യിൽ അഭിനയിച്ചത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.
മിഷ്കിന്റെ സംവിധാനത്തിലാണ് ആദ്യമായിഅഭിനയിക്കാനിരുന്നത് എന്ന് പറയപ്പെടുന്നുണ്ടല്ലോ?
അതെ. മിഷ്കിൻ സംവിധാനം ചെയ്ത 'യുദ്ധം ചെയ് " എന്ന കഥ എനിക്ക് വേണ്ടി എഴുതിയതാണ്. ഫോട്ടോഷൂട്ട് കൂടെ കഴിഞ്ഞ നിലയിലാണ് 'ഒരു കൽ ഒരു കണ്ണാടി"( ഓ.കെ.ഓകെ ) എന്ന കഥ എന്നെ തേടി വരുന്നത്. ആദ്യത്തെ ചിത്രം അല്ലേ, കുറച്ച് കളർഫുൾ ആയി ചെയ്തുകൂടെ എന്ന് എല്ലാവരും ചോദിച്ചതിനാലാണ് 'ഒരു കൽ ഒരു കണ്ണാടി"യെ തിരഞ്ഞെടുത്തത്. അങ്ങനെയാണ് രാജേഷ് സംവിധാനം ചെയ്ത 'ഓ.കെ.ഓ.കെ." എന്റെ ആദ്യ ചിത്രമായി വന്നത്. എന്നാൽ 'യുദ്ധം ചെയ് " കണ്ടപ്പോൾ, അയ്യോ നഷ്ടപ്പെടുത്തിയല്ലോ എന്ന് തോന്നുകയും ചെയ്തു. അതിനുശേഷം മൂന്നു വർഷം മുൻപ് മിഷ്കിൻ പറഞ്ഞ ഒരു വരി കഥയാണ് 'സൈക്കോ"ആയി രൂപാന്തരപ്പെട്ടത്.
ഈ ചിത്രത്തിൽ ഉദയനിധിയെ കണ്ടുകൂടാ, ഗൗതം എന്ന കഥാപാത്രത്തെയാണ് കാണേണ്ടതെന്ന് മിഷ്കിൻ പറഞ്ഞു. അതിനുവേണ്ടി മിഷ്കിൻ ഒരുപാട് പരീക്ഷണങ്ങൾ നടത്തി. എന്നാൽ ഒന്നും ശരിയായില്ല. ഷൂട്ടിംഗ് തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപു മിഷ്കിൻ തന്നെ എന്റെ മുടി വെട്ടി പുതിയ ഗെറ്റപ്പിലേക്ക് കൊണ്ടുവന്നു. ഇതാണ് എന്റെ ഗൗതം എന്നും പറഞ്ഞു. ഈ ചിത്രത്തിൽ ഹീറോയിസം ആയിട്ടുള്ള സീൻ ഒന്നുമില്ല. അതിനാൽ ഒരു സംഘട്ടന രംഗമെങ്കിലും ചേർത്തു കൂടെ എന്ന് ഞാൻ ചോദിച്ചു. അതിന് മിഷ്കിൻ തന്ന മറുപടി, അങ്ങനെ ചെയ്താൽ ഈ ചിത്രം ഒരു സാധാരണ ചിത്രമായി മാറും എന്നായിരുന്നു. മിഷ്കിൻ എന്ത് ചിന്തിക്കുന്നുവോ അതു മാത്രമേ സ്ക്രീനിൽ വരികയുള്ളൂ. ഹീറോയിസം, പാട്ട്, ഡാൻസ്, കോമഡി എന്ന് പോയിക്കൊണ്ടിരുന്ന എന്റെ സിനിമ കരിയർ ഗ്രാഫിൽ ഒരു മാറ്റം തന്ന ചിത്രമാണ് 'സൈക്കോ".
ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ ഏതൊക്കെയാണ്?
ആദ്യം അഭിനയിച്ച 'ഒരു കൽ ഒരു കണ്ണാടി" സൂപ്പർ ഹിറ്റ് ചിത്രമാണ്. 'നിമിർ"( മഹേഷിന്റെ പ്രതികാരം- റീമേക്ക്), 'കണ്ണേ കലൈമാനേ" എന്നീ ചിത്രങ്ങൾ എനിക്ക് ഏറെ പ്രിയപ്പെട്ടത്.
11 വർഷം. കുറച്ചു സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് ?
'ഒരു കൽ ഒരു കണ്ണാടി" ക്കുശേഷം എന്തുചെയ്യണമെന്നറിയാതെ ഒന്നരവർഷം വെറുതേയിരുന്നു. ശരിയായ കഥകൾ വന്നില്ല. അതിനുശേഷം ഞാൻ അഭിനയിച്ച ചിത്രങ്ങളിൽ ചിലത് വിജയിച്ചു, ചിലത് പരാജയപ്പെട്ടു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'കണ്ണേ കലൈമാനേ" ബോക്സോഫീസിൽ വിജയിച്ചില്ല. ഈ ചിത്രം ടിവിയിൽ വരുമ്പോഴെല്ലാം പ്രശംസ ലഭിക്കാറുണ്ട്്. വർഷത്തിൽ ഒരു സിനിമ, രണ്ട് സിനിമ എന്നീ കണക്ക് വെച്ച് അഭിനയിക്കുന്നത് എനിക്കിഷ്ടമല്ല. നല്ല കഥ വരുമ്പോൾ അഭിനയിക്കാം എന്നതാണ് രീതി.
ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അച്ഛന്റെ സഹോദരപുത്രനും, നടനുമായ അരുൾ നിധിയും ചേർന്ന് അഭിനയിക്കാൻ പോകുന്നു?
ചർച്ചകൾ നടക്കുന്നു. കഥയും സമയവും ഒത്തുവന്നാൽ അതുസംഭവിക്കും.
ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയനിധി സംവിധായികയാണ്. വണക്കം ചെന്നൈ, കാളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഉദയനിധിക്കും കൃതികയ്ക്കും രണ്ടുമക്കൾ. ഇൻപനിധി , തന്മയ.