അനുഗ്രഹീത ഗായിക ഗായത്രിയുടെ വിശേഷങ്ങൾ
മഹാമാരിക്കാലത്ത് പെർഫോമിംഗ് ആർട്ടിസ്റ്റുകൾ ലോക്കായിപ്പോയെന്ന് ആരെങ്കിലും പാടിനടക്കുന്നുണ്ടെങ്കിൽ അത് തിരുത്തിക്കോളൂ. ഇതാ, മുംബൈയിലെ അന്ധേരിയിൽ സംഹാരരൂപിയായി കൊവിഡ് താണ്ഡവമാടുമ്പോൾ, മനുഷ്യർ ശ്വാസംമുട്ടി പിടഞ്ഞുമരിക്കുമ്പോൾ ഗായത്രി വേദനിക്കുന്നവർക്ക് സാന്ത്വനവും ആശ്വാസവുമായി ഗസലുകൾ പാടുന്നു, സംഗീതം പഠിപ്പിക്കുന്നു, ഡിജിറ്റൽ കച്ചേരികൾ നടത്തുന്നു....
കലാകാരൻമാർ എല്ലാ പ്രതികൂലസാഹചര്യങ്ങളേയും സർഗാത്മകമായി അതിജീവിക്കും. അതാണ് ഗായത്രിയുടെ സംഗീതജീവിതം പറയുന്നത്. പ്രണയവും വിരഹവും വേർപാടും വേദനകളുമെല്ലാം കലർന്ന പാട്ടുകൾ ഹിന്ദിയിലും മലയാളത്തിലുമെല്ലാമായി യു ട്യൂബിലും സാമൂഹ്യമാദ്ധ്യമങ്ങളിലുമെല്ലാമായി ഒഴുകി നടക്കുന്നുണ്ട്, പതിനായിരങ്ങൾ അത് കേട്ട് വേദന മറക്കുന്നു.അന്ധേരിയിലെ വീട്ടിലിരുന്ന് സംഗീതലോകത്ത് മുഴുകുന്നതിനിടെ ഫ്ളാഷ് മൂവീസിനോട് ഗായത്രി സംഗീതാനുഭവങ്ങൾ പങ്കിട്ടു.
പതിനായിരങ്ങളുടെ ആരവങ്ങൾക്ക് മുന്നിൽ നിന്ന് പാടാനുളള സാഹചര്യമില്ലാത്ത കാലമാണല്ലോ ഇത്. സംഗീതവേദികളെല്ലാം ഇല്ലാതായ ഈ മഹാമാരിക്കാലത്ത് എങ്ങനെയാണ് സംഗീതജീവിതം?
സാഹചര്യങ്ങൾക്ക് അനുസരിച്ച് പൊരുത്തപ്പെട്ടേ പറ്റൂ. ഇങ്ങനെ ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. പക്ഷേ, ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് നിരവധി പാട്ടുകളാണ് ഞാൻ പാടിയത്. ബോംബെ ജയശ്രീ തുടങ്ങിയ പ്രമുഖർ സംഗീതം പഠിപ്പിക്കുന്ന പ്ളാറ്റ് ഫോമുണ്ട്. അതിൽ ഞാനുമുണ്ട്. സൂമിൽ മാസ്റ്റർ ക്ളാസും എടുക്കുന്നുണ്ട്. സൂഫിസ് കോറിന് വേണ്ടി ഡിജിറ്റൽ സംഗീതകച്ചേരികളും നടത്താറുണ്ട്. അങ്ങനെ ഫുൾടൈം തിരക്കിലാണ്.
പുറത്തു വരാനിരിക്കുന്ന പാട്ടുകൾ?
ഡ്രീം പ്രൊജക്ട് എന്നു തന്നെ പറയാവുന്ന ചിലതുണ്ട്. അത് മൂന്ന് മാസം കഴിയുമ്പോൾ പുറത്തിറങ്ങും. കുറേ ആൽബങ്ങളിലും പാടുന്നുണ്ട്. ബോംബെയിൽ ടാറ്റാ സ്കൈയുടെ ജിംഗിൾ പാടിയിരുന്നു. ശങ്കർജിയുടെ മകൻ സിദ്ധാർത്ഥ് കമ്പോസ് ചെയ്തതാണത്. സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയുടെ സിനിമയിലെ പാട്ട് പുറത്തുവരാനുണ്ട്. തമിഴ് സിനിമയിലെ ഒരു പാട്ട് പുറത്തിറങ്ങിയിരുന്നു.
ഏതെങ്കിലും വേദികളിൽ ഈ വർഷം പങ്കെടുക്കാൻ കഴിഞ്ഞോ?
ഡിജിറ്റൽ കച്ചേരികളാണ് കൂടുതലുമുണ്ടായത്. എന്നാൽ രണ്ടു മാസം മുൻപ് കൊവിഡ് വ്യാപനം കുറഞ്ഞപ്പോൾ, ജോധ് പുർ ഫോർട്ടിൽ രാഗാഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു. അത് നല്ലൊരു അനുഭവമായിരുന്നു. ചില കച്ചേരികളിൽ ഭർത്താവ് പുർബയാൻ ചാറ്റർജിയും ഉണ്ടാകാറുണ്ട്. ക്ളാസിക്കൽ സംഗീതപരിപാടികളിലും ഒരുമിച്ചു. നാല് പരിപാടികളിൽ ഞങ്ങൾ ഒന്നിച്ചിരുന്നു. ഷാൻ, ഉഷാ ഉതുപ്പ് എന്നിവരെല്ലാമുളള ഫുൾ സീരീസും ഉണ്ടായിരുന്നു. സംഗീത സംവിധായകനും ഗായകനും സിത്താർ വാദകനുമാണ് പുർബയാൻ ചാറ്റർജി. കൊൽക്കത്ത സ്വദേശിയാണ് പുർബയാൻ ചാറ്റർജി. വിവാഹത്തിന് മുൻപേ നിരവധി സംഗീത പരിപാടികൾ ഒന്നിച്ച് അവതരിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ഇന്ത്യൻ സംഗീതവും വെസ്റ്റേൺ ശൈലിയും സമന്വയിപ്പിച്ചുള്ള ഫ്യൂഷൻ സംഗീതപരിപാടിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുള്ള അദ്ദേഹം, 15 ാം വയസിൽ രാഷ്ട്രപതിയുടെ പക്കൽനിന്നും മെഡൽ നേടിയിട്ടുമുണ്ട്.
ഇനി എന്നാണ് നാട്ടിലേക്ക് ?
കഴിഞ്ഞമാസം അച്ഛനേയും അമ്മയേയും കാണാൻ വന്നിരുന്നു. വിയ്യൂരിലെ വീട്ടിൽ അവർക്കൊപ്പം കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് മുംബൈയിൽ വീണ്ടും ലോക്ക് ഡൗൺ വരാൻ പോകുന്നുവെന്ന് അറിഞ്ഞത്. ഉടനെ തിരിച്ചുപോരേണ്ടി വന്നു. നാട്ടിൽ വരണമെന്നുണ്ട്. കൊവിഡ് കേസുകൾ കുറഞ്ഞാൽ ഉടനെ തൃശൂരിലെത്തും. അച്ഛൻ ഡോ.പി യു അശോകനും അമ്മ ഡോ.കെ എസ് സുനിധിയും വിശ്രമജീവിതത്തിലാണ്. സഹോദരൻ ഗണേഷ് എറണാകുളത്ത് ടെക്നോപാർക്കിലാണ് ജോലി ചെയ്യുന്നത്.
സംഗീതത്തിൽ പിച്ചവെച്ച ബാല്യം
ചെറുപ്പകാലത്ത് തന്നെ സംഗീതം അഭ്യസിച്ച് തുടങ്ങിയിരുന്നു ഗായത്രി. മുത്തശ്ശി അമ്മുക്കുട്ടി കർണ്ണാടക സംഗീതടീച്ചറായിരുന്നു. നെടുമങ്ങാട് ശശിധരൻ നായർ ആയിരുന്നു കർണാടക സംഗീതത്തിലെ ആദ്യ ഗുരു. മങ്ങാട് നടേശൻ, വാമനൻ നമ്പൂതിരി എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. സ്കൂൾകോളേജ് തലത്തിൽ ലളിതഗാനത്തിനും വെസ്റ്റേൺ മ്യൂസിക്കിനുമൊക്കെ നിരവധി സമ്മാനങ്ങൾ നേടി. ബി.എ ബിരുദത്തിന് പഠിക്കുന്നതിനിടെയാണ് സുഹൃത്തും ഗസൽ ഗായകനും തബലിസ്റ്റുമായിരുന്ന ഫിലിപ്പ് വി ഫ്രാൻസിസിന്റെ സംഗീത പരിപാടികൾ ഗായത്രിയെ ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് എത്തിക്കുന്നത്. പൂനെയിൽ എത്തിയ ഗായത്രി, അൽക മരുൾകർ എന്ന പ്രശസ്തയായ ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശിഷ്യയായി മാറി. ഗുരുകുല സമ്പ്രദായത്തിലൂടെ ചിട്ടയായി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.
അപ്രതീക്ഷിതമായി, പഠനത്തിനിടെ ഒരു ഒഴിവുകാലത്താണ് ഗായത്രിക്ക് രവീന്ദ്രൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്ത് തുടക്കം കുറിക്കുവാൻ കഴിഞ്ഞത്. ലോഹിതദാസിന്റെ 'അരയന്നങ്ങളുടെ വീട്ടി"ലെ 'ദീന ദയാലോ രാമാ"എന്ന ഗാനം മലയാള പിന്നണിഗാനശാഖയിൽ ശ്രദ്ധേയമായ ഇരിപ്പിടം സമ്മാനിച്ചു.
നിരവധി സംഗീത സംവിധായകരോടൊപ്പം പാടി. ഗായത്രിയുടേതായി ഹിറ്റ് പാട്ടുകൾ നിരവധി പുറത്തിറങ്ങി. 2003ലെ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന അവാർഡ് ഗായത്രിക്ക് ലഭിച്ചു. സസ്നേഹം സുമിത്ര എന്ന ചിത്രത്തിൽ ഔസേപ്പച്ചൻ സംഗീതം ചെയ്ത 'എന്തേ നീ കണ്ണാ" എന്നുള്ള ഗാനത്തിനായിരുന്നു അവാർഡ്. മികച്ച ഗായികക്കുള്ള 2011ലെ അമൃത ഫെഫ്ക അവാർഡ് പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് എന്റെന്ന ചിത്രത്തിലെ 'കിനാവിലെ"എന്ന ഗാനത്തിലൂടെ തേടിയെത്തി.
ആകാശവാണിയുടെ ഹിന്ദുസ്ഥാനി ക്ളാസിക്കൽ വിഭാഗത്തിൽ ഹൈ ഗ്രേഡ് ബി കരസ്ഥമാക്കി. ഇംഗ്ളിഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം ഉള്ള ഗായത്രി ഹിന്ദുസ്ഥാനി സംഗീതജ്ഞയായി കേരളത്തിന് പുറത്തും പ്രശസ്തയായി. ലോകത്തിന്റെ പല ഭാഗത്തും സംഗീത പരിപാടികളും ഗസലുകളും അവതരിപ്പിച്ചു. 1995 മുതൽ ആർട്ട് ഓഫ് ലിവിംഗിന്റെ ഭാഗമായി ശ്രീ ശ്രീ രവിശങ്കറിന്റെ സംഘത്തിൽ ഭജനുകളും ഗാനങ്ങളുമൊക്കെയായി നിരവധി രാജ്യങ്ങളിലെത്തി. സാമൂഹ്യസേവനത്തിന്റെ ഭാഗമായി 'അനഹട, വിശുദ്ധി, സ്മരൺ, സങ്കീർത്തൻ" തുടങ്ങിയ ആത്മീയ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ജുഗൽബന്ദി, ഫ്യൂഷൻ സംഗീതം തുടങ്ങി സംഗീതത്തിലെ തന്നെ വ്യത്യസ്ത മേഖലകളിലും ചാനലുകളിലെ സംഗീത പരിപാടികൾക്കും റിയാലിറ്റി ഷോകൾക്കും വിധികർത്താവായും തിളങ്ങി. പണ്ഡിറ്റ് ജസ്രാജ്, ഹരിപ്രസാദ് ചൗരസ്യ തുടങ്ങിയ പ്രമുഖർക്കൊപ്പം കാസറ്റുകൾ പുറത്തിറക്കി.