kids-corner

​​​​​തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിമൂലം സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തിന് ഓൺലൈനിലൂടെ തുടക്കം ആകുമ്പോൾ കഴിഞ്ഞ വർഷം മുഴുവൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ കൂട്ടുകാർക്ക് പാഠങ്ങൾ പറഞ്ഞുകൊടുത്തതിന്‍റെ അഭിമാനമാണ് ഉമക്കുട്ടി എന്ന അഞ്ചാം ക്ലാസുകാരിയ്ക്ക്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഉമയാണ് ഉമക്കുട്ടി എന്ന യൂട്യൂബ് ചാനലിലൂടെ കൂട്ടുകാർക്ക് അറിവിന്‍റെ പാഠങ്ങൾ പകർന്നു നൽകിയത്.


അഞ്ചാം ക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും വിശദീകരണങ്ങളും പ്രവർത്തനങ്ങളും ഉമക്കുട്ടി (youtube.com/umakkutty) എന്ന ചാനലിൽ ഉണ്ട്. കൊവിഡ് പ്രതിസന്ധി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കഴിഞ്ഞ അദ്ധ്യയന വർഷത്തിന്‍റെ തുടക്കത്തിൽ ആരംഭിച്ച ഈ ചാനലിന് ഇതിനകം എഴുപത്തിമൂവായിരത്തിലധികം സബ്സ്ക്രൈബേഴ്‌സും എഴുപത്തിയാറ് ലക്ഷത്തിലധികം വ്യൂസും ലഭിച്ചുകഴിഞ്ഞു.


വിവിധ ജില്ലകളിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളും മാതാപിതാക്കളും ആണ്
ചാനലിന്‍റെ മുഖ്യ പ്രേക്ഷകർ. കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം വാർഷിക പരീക്ഷ ഒഴിവായി അവധിക്കാലം നേരത്തെ ആരംഭിച്ചപ്പോഴാണ് കോട്ടൺഹിൽ എൽ പി സ്കൂൾ ലീഡർ ആയിരുന്ന ഉമ പാട്ടുകളും കഥകളും കവിതകളും പ്രസംഗങ്ങളും അവതരിപ്പിക്കാനായി യൂട്യൂബ് ചാനൽ ആരംഭിച്ചത്. പ്രസംഗ മത്സരങ്ങളിൽ നേരത്തെതന്നെ മികവ് തെളിയിച്ച ഉമ കഴിഞ്ഞ വർഷത്തെ സംസ്ഥാനതല ശിശു ദിനാഘോഷങ്ങളിൽ കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രസംഗങ്ങൾക്കും കഥകൾക്കും ഒപ്പം പഠിക്കുന്ന പാഠങ്ങൾ കൂടി വീഡിയോ ആയി ചെയ്താൽ നന്നായിരിക്കും എന്ന ആശയം അഭിഭാഷകയായ അമ്മയാണ് ഉമയോട് പറഞ്ഞത്. അപ്രകാരം ചെയ്ത വീഡിയോകൾ കഴിഞ്ഞ അദ്ധ്യായന വർഷം ഓൺലൈൻ ആയി ക്ലാസുകൾ ആരംഭിച്ചതോടെ വൈറലായി. അതോടെ ഉമക്കുട്ടി എന്ന ചാനൽ വിദ്യാഭ്യാസ ചാനൽ ആയി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.


ചാനലിന് പിന്തുണയുമായി സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും മാതാപിതാക്കളും എത്തിയതോടെ ഉത്തരവാദിത്തവും വർദ്ധിച്ചു.ക്ലാസുകളുടെ എണ്ണം കൂടിയതോടെ വീഡിയോ തയ്യാറാക്കാൻ അമ്മയും ഏട്ടനും ഒപ്പം കൂടി.

പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് എളുപ്പത്തിൽ മനസിലാകുന്ന തരത്തിലാണ് ക്ലാസുകൾ ചെയ്യുന്നതെന്ന് ഉമക്കുട്ടി പറയുന്നു അടുത്ത അദ്ധ്യായനവർഷം ആറാം ക്ലാസിലേക്ക്
പ്രമോഷൻ ലഭിച്ചതായി ക്ലാസ് ടീച്ചറുടെ അറിയിപ്പ് വന്നിട്ടുണ്ട്. ചാനലിൽ ഇപ്പോൾ കാഴ്ചക്കാരായ അഞ്ചാം ക്ലാസുകാരും ഇനി ആറിലേക്കാണ്.


ആറാം ക്ലാസിലേക്കുള്ള പാഠങ്ങളുമായി ചാനൽ പ്രവർത്തനം തുടരും എന്ന് ഉമ പറയുന്നു.ഓൺലൈനായി പഠിക്കുന്നതിനൊപ്പം പഠിപ്പിച്ച് നേടിയ വരുമാനം കൊണ്ട് സ്വന്തമായി ഒരു ലാപ്ടോപ്പും ചാനലിനുവേണ്ട അനുബന്ധ സാധനങ്ങളും വാങ്ങാൻ ആയി എന്നതാണ് ഉമക്കുട്ടിയുടെ സന്തോഷം.