നായകവേഷങ്ങളിൽ തിളങ്ങാൻ ഒരുങ്ങുകയാണ് കൃഷ്ണ ശങ്കർ
പ്രേമത്തിലെ ജോർജും കോയയും ശംഭുവും ഇനി എപ്പോഴാണ് ഒന്നിക്കുകയെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് കൃഷ്ണൻ ശങ്കർ പ്രിയപ്പെട്ടവരുടെ കിച്ചു ഇങ്ങനെ പറഞ്ഞു. '' ഞങ്ങളും അതിനായുള്ള കാത്തിരിപ്പിലാണ്. അൽഫോൻസിന് മാത്രമേ അത് പറയാൻ പറ്റുകയൊള്ളു. ഞങ്ങൾ അവനോട് ചോദിക്കുന്നുണ്ട് ജോർജും കോയയും ശംഭുവും ഇനി ഒരുമിക്കുമോയെന്ന്.""പൊട്ടിച്ചിരിയോടെയാണ് കൃഷ്ണ ശങ്കർ മറുപടി പറഞ്ഞത്. എട്ടു വർഷമായി കൃഷ്ണ ശങ്കർ മലയാളസിനിമയുടെ ഓരം ചേർന്ന് യാത്ര തുടങ്ങിയിട്ട്. ഹിറ്റ് സിനിമകളിൽ സുപ്രധാന വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കൃഷ്ണ ശങ്കർ നായക മുഖമാവുന്നത്. നായകനാവാൻ എന്ത് കൊണ്ടാണ് ഇത്രയധികം വൈകിയെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു കൊണ്ട് കൃഷ്ണ ശങ്കർ സംസാരിച്ചുതുടങ്ങി.
കഴിഞ്ഞ എട്ടു വർഷമായി മലയാള സിനിമയിലുണ്ട്. എന്നാൽഇപ്പോഴാണ് നായക നിരയിലേക്ക് എത്തിയത് ?
2013 ലാണ് ആദ്യ സിനിമ നേരം ഇറങ്ങുന്നത്. ഈ എട്ടു വർഷത്തിന്റെയിടയിൽ പതിനഞ്ചോ പതിനാറോ സിനിമകൾ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. പതുക്കെയാണ് പോകുന്നത്. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. എന്നിലേക്ക് എത്തുന്ന കഥകളിൽ എനിക്ക് ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുള്ള കഥാപാത്രമാണ് ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്. അത് ഹിറ്റാകുമോ ഇല്ലയോ എന്നൊന്നും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. നായകനായി അഭിനയിക്കുന്ന കൊച്ചാളും കുടുക്ക് 2025 മെല്ലാം ഇപ്പോഴാണ് എന്നെ തേടിവന്നത്. കുടുക്കിന്റെ സംവിധായകൻ ബിലഹരി കുടുക്കിന് മുൻപ് ഒരു കള്ളന്റെ കഥയുമായി വന്നിരുന്നു. അത് രസമായി ചെയ്യാമെന്ന് തീരുമാനിച്ചിരുന്ന സമയത്ത് നിർമ്മിക്കാൻ പ്രൊഡ്യൂസറെ കിട്ടിയില്ല എന്നതാണ് സത്യം. വലിയ ബഡ്ജറ്റ് അല്ലെങ്കിൽ പോലും അന്ന് എന്നെ വച്ച് സിനിമ ചെയ്യാൻ നിർമാതാക്കളില്ല എന്നതായിരുന്നു സത്യം.
കുടുക്കും കൊച്ചാളും ?
കൊച്ചാൾ എന്റെ സുഹൃത്തുകൂടിയായ ശ്യാം മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്. സിനിമയിലെ തുടക്കകാലത്ത് ഛായാഗ്രാഹകൻ മനോജ് പിള്ള സാറിന്റെ അസോസിയേറ്റായി വർക്ക് ചെയ്യുന്ന സമയത്ത് ശ്യാം എന്റെ കൂടെയുണ്ടായിരുന്നു.അന്ന് മുതലുള്ള സൗഹൃദമാണ് അവനുമായി. പേര് സൂചിപ്പിക്കുന്ന പോലെ ചെറിയൊരു മനുഷ്യന്റെ കഥയാണ് കൊച്ചാൾ. ഉയരം കുറഞ്ഞതുകൊണ്ട് നാട്ടിൽ ആ ചെറുപ്പക്കാരനെ കളിയാക്കി വിളിക്കുന്നതാണ് കൊച്ചാളെന്ന്. ശ്രീക്കുട്ടൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.പൊലീസുകാരന്റെ മകനായ ശ്രീക്കുട്ടന് പോലീസാവാനാണ് ഇഷ്ടം. എന്നാൽ ശ്രീക്കുട്ടന്റെ ഉയരക്കുറവുമൂലം അത് നടക്കില്ലെന്ന് ഉറപ്പിക്കുന്ന നാട്ടുകാർ. എന്നാൽ ശ്രീകുട്ടൻ പോലീസാവുന്നു. അതിനു ശേഷം അരങ്ങേറുന്ന ചില സംഭവങ്ങളാണ് കൊച്ചാൾ പറയുന്നത്. ത്രില്ലറും ഹ്യൂമറും ചേർന്നതാണ് സിനിമ.മുരളിഗോപി ചേട്ടൻ, രഞ്ജി പണിക്കർ ചേട്ടൻ ,ഷൈൻ ടോം, ഇന്ദ്രൻസേട്ടൻ തുടങ്ങി വലിയ താരനിര തന്നെ കൊച്ചാളിൽ അണിനിരക്കുന്നുണ്ട്. ശ്യം ആദ്യം വന്നു കാണുമ്പോൾ കഥ പക്കാ പോലീസ് ചിത്രമായിരുന്നു. അത് വായിച്ച് ഞാൻ ശ്യാമിനോട് പറഞ്ഞു ഇതെനിക്ക് ചെയ്യാൻ സാധികുമോയെന്ന് അറിയില്ലെന്ന്. ഇത്രയും സീരിയസായ വേഷം പ്രേക്ഷകർക്ക് പെട്ടെന്ന് ഉൾകൊള്ളാൻ കഴിയുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ശ്യാം കഥയിൽ ഒരുപാട് മാറ്റം വരുത്തി ഹ്യൂമറെല്ലാം ഉൾപ്പെടുത്തി ഇപ്പോഴുള്ള കഥയിലേക്ക് മാറ്റിയത്.കുടുക്ക് അള്ളു രാമേന്ദ്രന്റെ സംവിധായകൻ ബില ഹരിയുടെ സിനിമയാണ്. മാരൻ എന്നാണ് കഥാപാത്രത്തിന്റെ വേഷം. പരുക്കൻ സ്വഭാവമാണ്. താടിയും മുടിയുമെല്ലാം നീട്ടി വളർത്തിയ ലുക്ക്.കുടുക്കിലൂടെ പ്രൊഡക്ഷനിലേക്കും ഇറങ്ങുകയാണ്. എസ്. വി. കെ പ്രൊഡക്ഷൻ എന്നാണ് ബാനറിന്റെ പേര്. സിനിമയിലെ ഓരോ കഥാപാത്രം നമുക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്ന രീതിയിലാണ് ബിൽഡ് ചെയ്തിരിക്കുന്നത്. ദുർഗ കൃഷ്ണയും സ്വാസികയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 2025 നടക്കാൻ സാധ്യതയുള്ള കഥയാണ് സിനിമയിൽ പറയുന്നത്.
ചെയ്ത കഥാപാത്രങ്ങളെല്ലാം പോസിറ്റീവ് വേഷങ്ങൾ. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് തോന്നിയിട്ടുണ്ടോ ?
നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങൾ കണ്ടാണ് സംവിധായകർ അവരുടെ സിനിമയിലേക്ക് വിളിക്കുന്നത്.ഞാൻ ചെയ്യുന്നത് അധികം ഹ്യൂമറായതുകൊണ്ട് എന്നെത്തേടി വരുന്ന കഥാപാത്രങ്ങളും ഹ്യൂമറാണ്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം.കൊച്ചാളിൽ ആദ്യ പകുതിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് രണ്ടാം പകുതി. അതുപോലെ കുടുക്കിൽ ഞാൻ ഇതുവരെ ചെയ്യാത്ത സ്വഭാവവും ലുക്കുമാണ്. പതിയെ പതിയെ കൂടുതൽ വ്യത്യസ്ത വേഷങ്ങൾ ചെയ്യണം.
അൽഫോൻസും നേരവും പ്രേമവും ?
അൽഫോൻസ് എന്റെ സീനിയറായിരുന്നു. എം ഇ എസ് കോളേജ് മാറമ്പള്ളിയിൽ ഞാൻ ബികോം അവൻ ബി ബി എ യുമായിരുന്നു. ഞാനും ശബരിയും തൊബാമയുടെ സംവിധായകൻ മോസിനും ഒരേ ക്ലാസിൽ.എന്നെ റാഗ് ചെയ്യാൻ വന്നിട്ടാണ് അൽഫോൻസ് എന്നെ ആദ്യം പരിചയപ്പെടുന്നത്.അവിടുന്ന് തുടങ്ങിയ സൗഹൃദം പിന്നീട് സിനിമ ചർച്ചയൊക്കെയായി വളർന്നു. ഡിഗ്രിക്ക് ശേഷം അൽഫോൻസ് ചെന്നൈയിലേക്ക് പഠിക്കാൻ പോയി.ഞാൻ സിനിമോട്ടോഗ്രാഫി പഠിക്കാൻ സന്തോഷ് ശിവൻ സാറിന്റെ ശിവൻ സ്റ്റുഡിയോയിൽ ജോയിൻ ചെയ്തു.അൽഫോൻസ് അവിടുത്തെ പ്രോജക്ട് ചെയ്യാനായിട്ടാണ് നേരം ഷോർട് ഫിലിം ചെയ്യുന്നത്. അതിന്റെ കാമറ ചെയ്യാനാണ് എന്നെ വിളിക്കുന്നത്. പിന്നീട് നേരം സിനിമയാക്കിയപ്പോൾ എനിക്ക് അഭിനയിക്കാൻ ഇഷ്ടമാണെന്ന് അറിയുന്നത് കൊണ്ട് മാണിക്ക് എന്ന കഥാപാത്രം തന്നത്. അത് നന്നായതുകൊണ്ടായിരിക്കുല്ലോ പ്രേമത്തിൽ കോയ എന്ന മുഴുനീള വേഷം അവൻ തന്നത്. പ്രേമം കണ്ടിട്ടാണ് പിന്നീട് എനിക്ക് കിട്ടിയിട്ടുള്ള മിക്ക കഥാപാത്രങ്ങളും . പ്രേമത്തിന്റെയും നേരത്തിന്റെയുമൊക്കെ പ്രത്യേകത ആ സെറ്റിൽ ഉള്ളവരെല്ലാം വർഷങ്ങളായുള്ള പരിചയമുള്ളവരാണ്. അതുകൊണ്ട് തന്നെ ആ ഒരുബോണ്ട് സിനിമയെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. ഞാനും സിജു വിൽസണും ആറാം ക്ലാസിൽ ഒരുമിച്ച് പഠിച്ചവരാണ്. അതുപോലെ ഞാനും ഷഷറഫുദ്ദീനും പ്ലസ് ടു ഒരുമിച്ച് പഠിച്ചതാണ്. അതുകൊണ്ട് തന്നെ നമുക്കിടയിൽ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.
കുടുംബം ?
നേരത്തിൽ അഭിനയിക്കുന്നതിന് മുൻപായിരുന്നു ഞാൻ നീനയെ കല്യാണം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. എന്നെ നന്നായി അറിയാവുന്ന യാണ് നീന. സിനിമയാണ് എന്റെ ഇഷ്ടമെന്ന് ഞാൻ നീനയോട് ആദ്യമേ പറഞ്ഞു. കരിയറിന്റെ തുടക്കം മുതൽ നീന കട്ട സപ്പോർട്ടായി കൂടെ ഉണ്ടായിട്ടുണ്ട്.അതില്ലായിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് വേറെ വല്ല ജോലിക്കും പോകേണ്ടി വന്നേനെ. നീന അദ്ധ്യാപികയായിരുന്നു. ജോലി രാജിവച്ചു. മക്കൾ ഓം കൃഷ്ണയും വസുധ ലക്ഷ്മിയും.