ഇതിഹാസ ചലച്ചിത്ര സംവിധായകൻ, സത്യജിത് റേയുടെ ജന്മശതാബ്ദി
രാജ്യമെങ്ങും ചലച്ചിത്ര പ്രേമികൾ ആഘോഷിക്കുന്നു
ഞങ്ങളുടെ തലമുറ സത്യജിത് റേ സിനിമയിലേക്കെത്തുന്നത് ദൂരദർശൻ കാലത്താണ് .ദൂരദർശനിലാണ് സത്യജിത് റേ യുടെ പഥേർ പാഞ്ചലി ആദ്യം കാണുന്നത് .കേരളത്തിൽ ടെലിവിഷൻ വ്യാപകമായ കാലം.വീടുകളുടെ പുറത്തു വലിയ ഉയരത്തിലുള്ള ആന്റിന സ്ഥാപിച്ചു തിരുവനന്തപുരം ദൂരദർശൻ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകൾക്കായി ആളുകൾ ക്ഷമയോടെ കാത്തിരുന്ന കാലം .ഞായറാഴ്ചകളിൽ ഉച്ചക്ക് ശേഷമുള്ള ഡൽഹി ദൂരദർശൻ സംപ്രേഷണത്തിൽ ,രാജ്യത്തെ മികച്ച സിനിമകൾ ,സംവിധായകന്റെ അഭിമുഖത്തോടെ സംപ്രേഷണം ചെയ്തിരുന്നു .റേ യുടെ പ്രധാന ചിത്രങ്ങളെല്ലാം അങ്ങനെയാണ് ആദ്യമായി കാണുന്നത് .അതിനുമുൻപ് കേരളത്തിലെ ഫിലിം സൊസൈറ്റികൾ റേ ,ഘട്ടക് ചിത്രങ്ങൾ മത്സര ബുദ്ധിയോടെ പ്രദർശിപ്പിച്ചിരുന്നുവെന്നു കേട്ടിട്ടുണ്ട് .ഇന്ത്യൻ സാംസ്കാരിക വൈവിദ്ധ്യത്തെ ഏറെക്കുറെ ഉൾക്കൊണ്ടിരുന്ന ദൂരദർശൻ ,ഇന്ത്യൻ സിനിമയുടെ പ്രാദേശികതയെയും വേണ്ട രീതിയിൽ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് തോന്നുന്നത് .അതുകൊണ്ടുകൂടിയാവണം റേ ചിത്രങ്ങൾക്ക് വേണ്ട പ്രാമുഖ്യം ദൂരദർശൻ നൽകിയിരുന്നത് .കെ .ജി ജോർജിന്റെയും ജാനു ബറുവയുടെയും ജബ്ബാർ പട്ടേലിന്റെയും ഗിരീഷ് കാസറവള്ളിയുടെയും ചിത്രങ്ങൾ അന്ന് ദൂരദർശിനിൽ കണ്ടിരുന്നു .സിനിമയുടെ കലാപരമായ ,സാംസ്കാരികമായ ഔന്നത്യം ഒരു തലമുറയിലേക്ക് പകരാൻ ഇതിലൂടെ സാധ്യമായെന്നത് ഒരു ഭരണകൂട മാദ്ധ്യമത്തിന്റെ വിജയം തന്നെയാണ് .പഥേർ പാഞ്ചലിയോ ചാരുലതയോ അപരാജിതയോ ജൽസാഘറോ ആദ്യമായി കാണുന്ന ഏതൊരാളും പിന്നീട് തീർച്ചയായും ശുദ്ധ സിനിമയുടെ ആരാധകരായി തീരുമെന്നതിൽ സംശയമില്ല .വിശേഷിച്ചും പഥേർ പാഞ്ചലി .അതിലെ അപുവും ദുർഗയും പിഷി എന്ന വൃദ്ധയും അവരുടെ വീടു പരിസരങ്ങളും പായൽ മൂടിയ കുളവും കാശ് പൂക്കൾക്കിടയിലൂടെ കനത്ത പുക ഉയർത്തി വരുന്ന ട്രയിനും ശബ്ദങ്ങളും സംഗീതവും എല്ലാം കാഴ്ചക്കാരന്റെ മനസിൽ ഒരിക്കലും മായാത്ത ബിംബങ്ങളായി പതിയുന്നു .അതാണ് സത്യജിത് റേ എന്ന വിശ്വ പ്രതിഭയുടെ ദൈവകല .
ടെലിവിഷനിൽ കറുപ്പിലും വെളുപ്പിലും തെളിഞ്ഞ ആ ദൃശ്യങ്ങളും ശബ്ദ സംഗീതവും കണ്ടുമുട്ടുന്ന മനുഷ്യരിലേക്കും പകരാൻ നോക്കി .കാണുന്ന മനുഷ്യരിൽ പിഷിയെയും ദുർഗയെയും അപുവിനെയും തേടി .കോലൻ മുടിയും വലിയ കണ്ണുകളും ഉള്ള കുട്ടികളെ കാണുമ്പൊൾ അപുവാണോയെന്നു സംശയിച്ചു .വാർദ്ധ്യക്യവും ദാരിദ്ര്യവും ചൂഴ്ന്ന മുഖമുള്ളവരെ പിഷിയായി സങ്കൽപ്പിച്ചു .അങ്ങനെ പലരിലും പിഷിയെ കാണാൻ നോക്കിയെങ്കിലും യഥാർത്ഥ പിഷിയെന്നു തോന്നിപ്പിച്ചത് വൃദ്ധയായ ഒരു തെരുവ് ഭിക്ഷക്കാരിയിലായിരുന്നു .ഒരു റെയിൽവേ ഗേറ്റിനു സമീപം അവർ വളരെക്കാലമായി ഭിക്ഷാടനം നടത്തി ജീവിക്കുന്നു .റയിൽവേ ക്രോസ് മുറിച്ചു നടന്നു വരുന്ന ആളുകൾക്ക് നേരെ ,നിലത്തു കുത്തിയിരുന്ന് അവർ കൈ ഉയർത്തി നീട്ടി .വൈകുന്നേരം പീടിക തിണ്ണയിൽ കിടന്നുറങ്ങി .ഒരിക്കൽ റയിൽവേ ഗേറ്റിലേക്ക് നടന്നുകയറുമ്പോൾ റയിൽട്രാക്കിൽ ഒന്നുരണ്ടിടത്തു ചോര വീണ് തെറിച്ചതിന്റെ നല്ല പാടുകൾ ഉണ്ടായിരുന്നു .ട്രെയിനിടിച്ചു തെറിച്ചു വീണു മരിച്ചു ആ വൃദ്ധ . "സങ്കൽപ്പ "പിഷിയുടെ ചെറിയ ഭാണ്ഡം അവർ ഇരുന്ന് ഭിക്ഷ വാങ്ങിയിരുന്ന സ്ഥലത്തു അനാഥമായി കണ്ടു .അവിടെ ജീവിച്ചു അവിടെ തന്നെ മരിച്ചു അവർ ,ആരും ശ്രദ്ധിക്കുന്നില്ല ,നോക്കുന്നില്ല .ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും .ആ ദൃശ്യത്തിനു മേൽ സത്യജിത് റായിയുടെ പിഷിയുടെ ഭാവ പൂർണമായ മരണ രംഗം തെളിഞ്ഞു വന്നു . പ്രകൃതി ശബ്ദങ്ങളും നിശബ്ദതയും എങ്ങനെ സംയോജിപ്പിക്കാമെന്നതിന്റെ ഉദാഹരണമാണ് പഥേർ പാഞ്ചലിയിലെ പ്രധാന കഥാപാത്രമായ പിഷിയുടെ മരണം .മുളംകാടിനരികിൽ ഒരു ചെറിയ കുളത്തിനു സമീപം കുത്തിയിരിക്കുമ്പോൾ പിടഞ്ഞു മരിക്കുകയാണ് പിഷി .ചെറുവഴിയിലൂടെ അപ്പോൾ അപുവും ദുർഗയും അവിടെ എത്തുന്നു .ഈ മരണരംഗത്തു പശ്ചാത്തല സംഗീതമേ ഉപയോഗിച്ചിട്ടില്ല .ശബ്ദ പഥത്തിൽ കാറ്റിന്റെ നേർത്ത സ്വരമേയുള്ളു .മുളംകാട് ആടിയുലയുന്നതിന്റെ ചെറു ശബ്ദവുമുണ്ട് .മണിയടിയുടെ നേർത്ത ശബ്ദമാണ് മൂന്നാമത്തേത് .മധുര പലഹാരങ്ങൾ വിൽക്കുന്ന ആളുടെ കൈയിലെ മണിയുടെ ശബ്ദമാണിത് .എന്നാൽ ദൃശ്യതലത്തിൽ അയാൾ എത്തുന്നില്ല .അപു ,ദുർഗ എന്നീ കുട്ടികളെ സംബന്ധിച്ച് ആ മണിശബ്ദത്തിനു വളരെ പ്രാധാന്യമുണ്ട് .കുത്തിയിരിക്കുന്ന പിഷിയെ ദുർഗ കുലുക്കിവിളിക്കുമ്പോൾ അവർ വീഴുന്നു .പ്രകൃതി ശബ്ദങ്ങളുടെ സംഗീതാത്മകതകൊണ്ട് ഒരു മരണരംഗത്തെ ഉദാത്തമായി ആവിഷ്ക്കരിക്കാമെന്നതിന്റെ തെളിവാണത് .
പൂണെ എഫ് .ടി .ടി .ഐ ത്രിവർഷ കോഴ്സിനായുള്ള സെലക്ഷൻ പ്രക്രിയയുടെ ഭാഗമായി ഓറിയന്റേഷൻ കോഴ്സിൽ പങ്കെടുക്കുമ്പോഴാണ് പഥേർ പാഞ്ചലിയുടെ 35 എം .എം പ്രിന്റിന്റെ തീയേറ്റർ പ്രൊജക്ഷൻ ആദ്യമായി കാണുന്നത് .അതൊരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമായിരുന്നു .മൂന്നു വര്ഷം മുൻപ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ പഥേർ പാഞ്ചലിയുടെ റീസ്റ്റോർഡ് പ്രിന്റ് തീയേറ്ററിൽ കണ്ടപ്പോഴും ആദ്യ അനുഭവം അതേപടി ആവർത്തിച്ചു .അതാണ് ചലച്ചിത്ര കലയിലെ അനശ്വരത .
പഥേർ പാഞ്ചലി എന്നും ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം തന്നെയാണല്ലോ .എഫ് .ടി .ടി .ഐയിൽ വർഷങ്ങൾ നീണ്ട ചലച്ചിത്ര അധ്യാപന അനുഭവമുള്ള സതീഷ് ബഹാദൂർ വിശകലന കുറിപ്പോടെ പഥേർ പാഞ്ചലി യുടെ തിരക്കഥ തയാറാക്കുകയും 1981 ൽ നാഷണൽ ഫിലിം ആർകൈവ് ഓഫ് ഇന്ത്യ പാഠ്യ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് .ഷോട്ട് വിഭജനം ,ഷോട്ട് വിശദീകരണം ,ചലച്ചിത്ര ഘടനാ വിശകലനം ,സംഗീത വിശകലനം അങ്ങനെ വിവിധ ഘടകങ്ങൾ ചേർത്തു സിനിമയുടെ സംഗീർണത ലളിതമായി അറിയുംവിധം തയാറാക്കിയ ആ പുസ്തകം വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണ് . പഥേർ പാഞ്ചലിയിലെയും ചാരുലതയിലേയും ജൽസാഘറിലേയും ദൃശ്യങ്ങൾ പോലെ മനസിൽ എന്നും പതിഞ്ഞതായിരുന്നു റേ എന്ന ചലച്ചിത്രകാരന്റെ ചലച്ചിത്ര നിർമ്മാണ വേളയിലെ ഫോട്ടോകൾ സൃഷ്ടിക്കുന്ന ബിംബം .അംബാസിഡർ കാറിന്റെ ഡിക്കിയിൽ ടു സി കാമറ വച്ച് കൊൽക്കൊത്ത തെരുവിൽ ഷൂട്ട് ചെയ്യുന്ന റേയുടെ ഫോട്ടോ അതിലൊന്നാണ് .ഒരിക്കൽ ഹിന്ദുസ്ഥാൻ മോട്ടോർസ് ,അംബാസിഡർ കാറുകളുടെ പത്ര ,മാസിക പരസ്യത്തിൽ പ്രശസ്തമായ ആ ചിത്രം ഉപയോഗിച്ചിരുന്നു .പുകയുന്ന നീണ്ട സിഗരറ്റ് ചുണ്ടിലിരിക്കെ ഡയറക്ടേഴ്സ് വ്യൂ ഫൈൻഡറിലൂടെ നോക്കുന്ന റേ .അങ്ങനെ നിരവധി ഫോട്ടോകൾ .
റേ ചിത്രങ്ങൾ കണ്ടും വായിച്ചും മനസിൽ തറഞ്ഞ വർഷമായിരുന്നു 1955 .മലയാള സിനിമയിൽ 1955 ൽ എന്ത് സംഭവിച്ചു ?അന്നത്തെ സിനിമ എന്തായിരുന്നു പുതു സിനിമാ ചലനങ്ങൾ നമ്മൾ കണ്ടെത്തിയിരുന്നോ ?എന്നുള്ള അന്വേഷണമാണ് "ന്യൂസ് പേപ്പർ ബോയി "(1955 )യിലേക്ക് എത്തിച്ചത് .പഥേർ പാഞ്ചലി ,പശ്ചിമ ബംഗാളിൽ തീയേറ്ററുകളിൽ എത്തുന്നതിന് 3 മാസം മുൻപേ 1955 മെയ് 13 ന് കേരളത്തിൽ റിലീസ് ചെയ്ത ചിത്രം ,ഒരു സംഘം വിദ്യാർത്ഥികളുടെ കലാ സൃഷ്ടിയായിരുന്നു .പി .രാമദാസ് എന്ന 20 കാരനായിരുന്നു സംവിധായകൻ ."ബൈ സൈക്കിൾ തീവ്സ് "നാൽ സ്വാധീനിക്കപ്പെട്ട നിയോ റിയലിസ്റ്റിക് ചിത്രം .ആവേശത്താൽ ഞങ്ങൾ തൃശൂരിൽ അഭിഭാഷകനായി ജീവിച്ചിരുന്ന രാമദാസിനെ കാണാൻ പോയി .കുറച്ചു നാളുകൾ കൊണ്ട് രാമദാസിന്റെയും കൂട്ടുകാരുടെയും ചലച്ചിത്രാന്വേഷണങ്ങളെക്കുറിച്ചു ഒരു ഡോക്യുമെന്ററി ഫിലിം ചെയ്തു ,"ഒരു നിയോ റിയലിസ്റ്റിക് സ്വപ്നം ". ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു .സ്റ്റാർ ടീവിയും ഏഷ്യനെറ്റും സംപ്രേഷണം ചെയ്തു .പി .രാമദാസിനെയും ന്യൂസ് പേപ്പർ ബോയിയെയും വീണ്ടും ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ആ ചിത്രത്തിന് കഴിഞ്ഞുവെന്ന് കരുതുന്നു .ടി .കെ .രാജീവ് കുമാർ ,സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരിക്കെ മെരിലാൻഡ് സ്റ്റുഡിയോയിൽ നടത്തിയ വലിയൊരു സിനിമാ ചടങ്ങിൽ രാമദാസ് മുഖ്യാതിഥി ആയി പങ്കെടുത്തു സൂര്യയും ആദരിച്ചു. ഐ.എഫ്.എഫ്.കെയിലും പ്രദർശിപ്പിച്ചു.2007 ൽ അദ്ദേഹത്തിന് ,ജെ .സി .ഡാനിയൽ പുരസ്ക്കാരം സംസ്ഥാന സർക്കാർ സമ്മാനിച്ചു.
റേയുടെ പ്രതിഭയോ രാമദാസിന്റെ സാഹസികതയോ തുലനം ചെയ്യുന്നതിൽ അർത്ഥമില്ല .ഒരേ കാലയളവിൽ ഒരു രാജ്യത്തിന്റെ രണ്ട് ഭാഗങ്ങളിലായി ജീവിച്ചിരുന്ന രണ്ട് പേർ സിനിമയെക്കുറിച്ച് ചിന്തിച്ചതിലെ സമാനത മാത്രമേ പരിശോധിക്കേണ്ടതുള്ളൂ .:പഥേർ പാഞ്ചലിക്കു മുൻപും ശേഷവും ഇന്ത്യൻ സിനിമ "എന്ന ചരിത്ര സൂചികയിലൂടെ അളക്കുമ്പോൾ മലയാളി യുവത്വവും 1950 കളിൽ നവ സിനിമയെ കണ്ടെത്താൻ പരിശ്രമിച്ചുവെന്ന് മാത്രമാണ് ആ ഡോക്യൂമെന്ററിയിലൂടെ ഞങ്ങൾ രേഖപ്പെടുത്തിയത് .റേയുടെ പാരമ്പര്യം പേറുന്ന ചലച്ചിത്രകാരന്മാരെ ഇന്ത്യൻ ചലച്ചിത്ര ചരിത്രം പിന്നീട് കണ്ടെത്തിയിട്ടുണ്ട് .അടൂർ ആണ് അതിൽ പ്രധാനി .തന്റെ കൊടിയേറ്റം മുതൽ മതിലുകൾ വരെയുള്ള സിനിമകൾ റായ് കണ്ടതും ആസ്വദിച്ചതും അഭിനന്ദിച്ചതും എല്ലാം അടൂർ പലതവണ എഴുതിയിട്ടുണ്ട് ,പറഞ്ഞിട്ടുണ്ട് .ഇപ്പോഴും എഴുതുന്നുണ്ട് .
അരവിന്ദന്റെ തമ്പിനു സംവിധാനത്തിനും ഛായാഗ്രഹണത്തിനും ദേശീയ അവാർഡ് ലഭിച്ചപ്പോൾ അവാർഡ് ദാനത്തിനുശേഷം അരവിന്ദനെയും ഷാജി .എൻ .കരുണിനെയും റേ,കൊൽക്കത്തയിൽ വീട്ടിലേക്ക് ക്ഷണിക്കുകയും മണിക്കൂറുകൾ ഇരുവരും റേയോടൊപ്പം ചെലവഴിക്കുകയും ചെയ്തതിനെക്കുറിച്ചു ഷാജി .എൻ .കരുൺ എഴുതിയിട്ടുണ്ട് .പൈപ് വലിച്ചുകൊണ്ടിരിക്കുന്ന സത്യജിത് റേയുടെ രേഖാചിത്രം അരവിന്ദൻ വരച്ചത് ഒരിക്കൽ ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ചത് ഓർക്കുന്നു . അകിര കുറോസവ മുതൽ മാർട്ടിൻ സ്കോർസെസെ വരെയുള്ള വിദേശ ചലച്ചിത്ര പ്രതിഭകൾ സത്യജിത് റേ ചിത്രങ്ങളുടെ ആരാധകരാണ് .റേചിത്രങ്ങളിലെ നാഴികക്കല്ലായ അപുത്രയത്തിലെ മൂന്നു ചിത്രങ്ങൾ (പഥേർ പാഞ്ചലി ,അപരാജിതോ ,അപുർസൻസാർ ) മൻഹാട്ടൻ തീയേറ്ററിൽ ഒരുമിച്ചു കണ്ടകാര്യം സ്കോർസെസെ പറഞ്ഞിട്ടുണ്ട് ."ഞാനാകെ അത്ഭുത പരതന്ത്രനായി .പഥേർ പാഞ്ചലിയിൽ അപുവിന്റെ കണ്ണിന്റെ ആ സവിശേഷ ക്ലോസ്അപ് .രവിശങ്കറിന്റെ സംഗീതത്തോടെ ആ ഷോട്ട് ഉണ്ടാക്കിയ ആഴം .അത് ഒരു തീയേറ്ററിൽ നമുക്ക് ലഭിക്കുന്ന അപൂർവ സുന്ദരമായ നിമിഷങ്ങളായിരുന്നു .ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ആ അനുഭവം എന്നിൽ അഗാധമായി ചൂഴ്ന്നിരിക്കാൻ ശേഷിയുള്ളതായിരുന്നു ."
"ഇറ്റാലിയൻ നിയോ റിയലിസം പോലെ ദൈനംദിന ജീവിത കഥകളായിരുന്നു ആ സിനിമകൾ .അതിന്റെ കലയും ചലച്ചിത്ര ശൈലിയും എന്റെ ശ്വാസമെടുക്കുന്നതായിരുന്നു .കാവ്യാത്മകം ,ബൃഹത് ആഖ്യാനം .എല്ലാറ്റിനുമുപരി ക്രാഫ്റ്റിൽ റേയുടെ പൂർണ നിയന്ത്രണം."തന്റെ സിനിമയിൽ പ്രജാപതിയായ സമ്പൂർണനായ ഒരു ചലച്ചിത്രകാരൻ ഇന്നത്തെ ഇന്ത്യൻ സിനിമയിൽ ഉണ്ടോ ?ലോക ചലച്ചിത്ര രംഗത്തു റേയെ പോലെ തലയെടുപ്പുള്ള ഒരു ചലച്ചിത്രകാരൻ ?ഇല്ല .സത്യജിത് റേ ഒരു പ്രതിഭാസമാണ് .ഒരേയൊരു പ്രതിഭാസം .പ്രശസ്ത നടൻ നവാസുദീൻ സിദ്ദിഖി അഭിപ്രായപെട്ടപോലെ ,സത്യജിത് റേയുടെ സിനിമ എല്ലാ സാമൂഹ്യ രാഷ്ട്രീയ നിയന്ത്രണങ്ങളിൽ നിന്നും മോചിതമായിരുന്നു .താൻ ആഗ്രഹിക്കുംവിധം അദ്ദേഹം സിനിമ സൃഷ്ടിച്ചു .അവാർഡിനോ അതല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ കാഴ്ചപ്പാടുകളെ പ്രീതിപ്പെടുത്താനോ വേണ്ടിയല്ലാതെ തന്റേതായ മാത്രം സിനിമ .
" റേ ,അഭിനേതാക്കളെ തികച്ചും അഭിനേതാക്കളല്ലാതാക്കും .നടനിലെ അഭിനയത്തെ പുറത്തുകളഞ് അവരെ തികച്ചും മനുഷ്യരാക്കിമാറ്റും .റേ ചിത്രങ്ങളിൽ സൗമിത്ര ചാറ്റർജി വളരെ മികച്ചു നിന്നു .അത് അദ്ദേഹം ഒരു അഭിനേതാവ് അല്ലാത്തതുകൊണ്ടാണ് .വെറുതെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാതെ ,കഥാപാത്രമായി അദ്ദേഹം ജീവിച്ചു .ഷർമിള ടാഗോർ ,റേ ചിത്രങ്ങളിൽ ഗ്ലാമർ നടിയായിരുന്നില്ല .വെറും സാധാരണ സ്ത്രീ ആയിരുന്നു .ഈ സാധാരണത്വമാണ് റേ കഥാപാത്രങ്ങളെ അനശ്വരമാക്കുന്നത് ."
മാർട്ടിൻ സ്കോർസെസെയുടെ വാക്കുകളോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം ." നാമെല്ലാം റേ ചിത്രങ്ങൾ തീർച്ചയായും കാണേണ്ടതുണ്ട് .പിന്നെയും കാണണം .വീണ്ടും വീണ്ടും കാണണം .റേ ചിത്രങ്ങൾ നമുക്കുള്ള ഏറ്റവും മഹത്തായ നിധികളാണ് ."
( ദേശീയ അവാർഡ് ജേതാവായ പ്രശസ്ത ചലച്ചിത്ര
സംവിധായകനാണ് ലേഖകൻ )