അനശ്വരനായ നടൻ സത്യന്റെ അമ്പതാം ചരമവാർഷികമാണ് ജൂൺ 15 ന്. വിട പറഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോഴും അതുല്യനായ ആ നടന്റെ ഓർമ്മകൾക്ക് ഇന്നും മരണമില്ല.സത്യന്റെ സിംഹാസനം അദ്ദേഹത്തിന്റെ ആരാധകർ പറയുന്നതുപോലെ ഒഴിഞ്ഞുകിടക്കുകയാണ്.പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് രക്താർബ്ബുദം മൂലം സത്യൻ മരണത്തിനു കീഴടങ്ങിയത്.അനവധി സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയുമായിരുന്നു.മലയാള സിനിമയ്ക്ക് ആ വേർപാടുണ്ടാക്കിയ നഷ്ടം പറഞ്ഞറിയിക്കാനാവില്ല. സത്യന്റെ മരണശേഷം മികച്ച നടനുള്ള സംസ്ഥാന അവാർഡിന് സത്യൻ സ്മാരക അവാർഡ് എന്ന് നാമകരണം ചെയ്തെങ്കിലും രണ്ടുവർഷങ്ങൾക്കുശേഷം അത് ഒഴിവാക്കിയതിന്റെ കാരണം ഇന്നും വ്യക്തമല്ല.സത്യന്റെ സ്മരണയ്ക്കായി ആ പേര് അവാർഡിന് നിലനിർത്തേണ്ടതാണ്.അതിന് സർക്കാർ മുൻകയ്യെടുക്കണം.തന്നെ ഏറ്റവും ഭ്രമിപ്പിച്ച നടനാണ് സത്യനെന്ന് കഥകളി ആചാര്യനായ കലാമണ്ഡലം ഗോപി അഭിപ്രായപ്പെട്ടിട്ടുണ്ട്. സത്യനെക്കുറിച്ച് അദ്ദേഹത്തിന്റെ മക്കളായ സതീഷും ജീവനും ഒപ്പം അഭിനയിച്ച ശാരദയും ഷീലയും ഈ ലക്കത്തിൽ ഒാർമ്മകൾ പങ്കുവയ്ക്കുന്നുണ്ട്.സത്യന്റെ ഓർമ്മകൾക്കു മുന്നിൽ ഞങ്ങൾ പ്രണാമം അർപ്പിക്കുന്നു.