vaccine

​​​​​ന്യൂഡൽഹി: കുട്ടികൾക്കുളള വാക്‌സിനേഷൻ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജിയിന്മേൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്‌സിനേഷൻ വേഗത്തിലാക്കാനും വീട്ടിൽ കുട്ടികളുള്ളവർക്ക് വാക്‌സിനേഷനിൽ മുൻഗണന നൽകാനും ആവശ്യപ്പെട്ടായിരുന്നു ഹർജി.

കുട്ടികളിൽ പന്ത്രണ്ട് മുതൽ പതിനേഴ് വയ‌സ് വരെയുളളവർക്ക് മുൻഗണന നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയ്യാറെന്ന് ഫൈസർ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസർ നൽകിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കുട്ടികളിലെ കൊവിഡ് വാക്​സിന്‍ ട്രയല്‍ ഉടന്‍ തുടങ്ങുമെന്ന്​ നീതി ആയോഗ് അംഗം ഡോ വിനോദ് കെ പോൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വാക്‌സിനേഷൻ തീരുമാനിക്കേണ്ടതില്ലെന്നും ചില രാഷ്ട്രീയക്കാർ ഇവിടെ രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിനോദ് പോൾ പറഞ്ഞിരുന്നു.