new-born

വാരണാസി: ജനിച്ച് നാല് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന് കൊവിഡ് പരിശോധനാഫലം പോസി‌റ്റീവ്. പക്ഷെ അമ്മയ്‌ക്ക് നടത്തിയ പരിശോധനയിൽ കൊവിഡ് നെഗ‌റ്റീവാണെന്നും കണ്ടെത്തി. ബനാറസ് ഹിന്ദു സർവകലാശാലയിലെ എസ്‌എസ് ആശുപത്രിയിലാണ് സംഭവം.

മേയ് 25നാണ് 26കാരി പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് മുൻപ് യുവതിയ്‌ക്ക് നടത്തിയ പരിശോധനയിൽ കൊവി‌ഡ് നെഗ‌റ്റീവായിരുന്നു. ജനിച്ചയുടൻ കുഞ്ഞിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവം അറിഞ്ഞ് യുവതിയുടെ കുടുംബവും ഡോക്‌ടർമാരും ഞെട്ടിപ്പോയി. കുറച്ചുനാളുകൾക്കകം അമ്മയെയും കുഞ്ഞിനെയും വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ആശുപത്രി അധികൃത‌ർ അറിയിച്ചു.

ആർ‌ടി‌പി‌സി‌ആർ പരിശോധനയുടെ സംവേദന ക്ഷമത 70 ശതമാനമാണ്. അതിൽ കൂടുതൽ ഉള‌ളതുകൊണ്ടാകാം യുവതിയ്‌ക്ക് കൊവിഡ് നെഗ‌റ്റീവ് ഫലം കാണിച്ചതെന്നും ഇവരെ വീണ്ടും പരിശോധിക്കുമെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.കെ ഗുപ്‌ത അറിയിച്ചു.

അമ്മയും കുഞ്ഞും മ‌റ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. വിവരം അറിഞ്ഞതായും എന്നാൽ ഒരു പരിശോധന കൂടി നടത്തിയ ശേഷമേ സംഭവത്തെ കുറിച്ച് എന്തെങ്കിലും പറയാനാകൂവെന്ന് വാരണാസി ചീഫ് മെഡിക്കൽ ഓഫീസർ ബി.ബി സിംഗ് പറഞ്ഞു.